അപ്രഖ്യാപിത ഹര്‍ത്താല്‍ വര്‍ഗീയവികാരം ഇളക്കിവിടാനെന്ന് പൊലിസ് വിലയിരുത്തല്‍
തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താല്‍ വര്‍ഗീയവികാരം ഇളക്കിവിടുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് പൊലിസ് ഉന്നതതല യോഗത്തിന്റെ വിലയിരുത്തല്‍. മനഃപൂര്‍വമായ നീക്കങ്ങള്‍ ഇതിനുപിന്നില്‍ നടന്നതായും ചില തീവ്രവാദി സംഘടനകള്‍ക്ക് ഇതുമായി ബന്ധമുള്ളതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
വര്‍ഗീയ കലാപം ലക്ഷ്യമിട്ട് വടക്കന്‍ ജില്ലകളില്‍ അക്രമങ്ങള്‍ ഇനിയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍. അതു തടയാന്‍ പരമാവധി പൊലിസുകാരെ വിന്യസിച്ച് സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍ദേശം നല്‍കി. രാത്രിയിലടക്കം വാഹന പരിശോധനയും പട്രോളിങും ശക്തമാക്കും. നേരത്തെ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൂന്നുദിവസത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
സംസ്ഥാനത്ത് സമാധാനാന്തരീക്ഷത്തിനും മതസൗഹാര്‍ദത്തിനും എതിരേയുള്ള ഏതൊരു നീക്കത്തെയും ശക്തമായി നേരിടണമെന്ന് ബെഹ്‌റ യോഗത്തില്‍ നിര്‍ദേശിച്ചു. സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇക്കാര്യത്തില്‍ ദുരുപയോഗം ചെയ്യുന്നതു തടയാന്‍ സംസ്ഥാനതലത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലാതലങ്ങളിലും ഇതിനുള്ള നടപടിയുണ്ടാകണം. പൊലിസുകാരുടെ ഭാഗത്തുനിന്ന് ജനങ്ങളോടുണ്ടാകുന്ന മോശം പെരുമാറ്റവും മൂന്നാംമുറയും കര്‍ശനമായി തടയണം.
ഭൂരിപക്ഷം പൊലിസ് ഉദ്യോഗസ്ഥരും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍, ഏതാനും പേരുടെ മോശം പെരുമാറ്റവും ഇടപെടലുകളും പൊലിസ് ചെയ്യുന്ന നല്ല കാര്യങ്ങളുടെ ശോഭ കെടുത്തുന്നു. മോശം പെരുമാറ്റം കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കണം. മാതൃകാപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രോത്സാഹനവും നല്‍കണം.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത് സുപ്രിംകോടതി നിര്‍ദേശങ്ങള്‍ പാലിച്ചാവണം. കസ്റ്റഡിയിലെടുക്കുന്നവരുടെ അസുഖങ്ങള്‍, സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ എന്നിവ ചോദിച്ചറിയണം. കാലാകാലങ്ങളിലെ സര്‍ക്കുലറുകളും ഉത്തരവുകളും താഴേത്തലങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ പ്രതിമാസ യോഗങ്ങള്‍ സംഘടിപ്പിക്കണം. സന്ദര്‍ശകരെ സ്വീകരിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിന് പൊലിസ് സ്റ്റേഷനുകളില്‍ ആരംഭിച്ച പി.ആര്‍.ഒ സംവിധാനം ശക്തമാക്കണം.
പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ കാലാവധി കഴിഞ്ഞും വില്‍ക്കുന്നതു തടയാന്‍ പരിശോധന ശക്തമാക്കണം. ബ്ലേഡ് മാഫിയക്കും ലഹരിവസ്തുക്കളുടെ ഉപയോഗത്തിനുമെതിരേയുള്ള നടപടികള്‍ ശക്തമാക്കണം. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പരിശോധനകളും നടപടികളും കാര്യക്ഷമമാക്കണം.
പരിശോധനാ വേളയില്‍ ജനങ്ങളോട് മാന്യമായ പെരുമാറ്റം ഉറപ്പാക്കണം. സംസ്ഥാനത്തെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് നേതൃശേഷി വര്‍ധിപ്പിക്കുന്നതിനു പരിശീലനം നല്‍കും. 100 പൊലിസ് സ്റ്റേഷനുകള്‍ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ സ്മാര്‍ട്ട് സ്റ്റേഷന്‍ ആക്കുമെന്നും ബെഹ്‌റ പറഞ്ഞു.
യോഗത്തില്‍ ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി, എ.ഡി.ജി.പിമാരായ ബി. സന്ധ്യ, അനില്‍കാന്ത്, ടി.കെ വിനോദ് കുമാര്‍, ഐ.ജിമാരായ മനോജ് എബ്രഹാം, എം.ആര്‍ അജിത് കുമാര്‍, ബല്‍റാം കുമാര്‍ ഉപാധ്യായ, വിജയ് എസ്. സാക്കറെ, പി. വിജയന്‍, ഡി.ഐ.ജിമാരായ ജെ. ഷെഹിന്‍ അഹമ്മദ്, കെ. സേതുരാമന്‍, ജില്ലാ പൊലിസ് മേധാവികള്‍, മറ്റ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."