ഏതു സാഹചര്യവും നേരിടാന്‍ തയാറാകാന്‍ ഡി.ജി.പിയുടെ നിര്‍ദേശം
പാലക്കാട്: സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം ശക്തമാണെന്നും ഏത് പ്രതികൂല സാഹചര്യവും നേരിടാന്‍ പൊലിസ് സേന തയാറായിരിക്കണമെന്നും സംസ്ഥാന പൊലിസ് മേധാവിയുടെ പ്രത്യേക ഉത്തരവ്. ജില്ലാ പൊലിസ് സൂപ്രണ്ട്, ആംഡ് റിസര്‍വ് യൂനിറ്റ് മേധാവികള്‍, പൊലിസ് ക്യാംപ് മേധാവികള്‍ എന്നിവര്‍ക്കാണ് ഡി.ജി.പി ഉത്തരവ് കൈമാറിയിരിക്കുന്നത്. ക്യാംപുകളില്‍ ചുരുങ്ങിയത് ഒരു കമ്പനി പൊലിസെങ്കിലും എപ്പോഴും തയാറായി ഇരിക്കണമെന്നാണ് ഉത്തരവിലുള്ളത്. പൊലിസ് ഉദ്യോഗസ്ഥരില്‍ മെഡിക്കല്‍ ലീവ് അല്ലാത്ത അവധിയെടുത്തവര്‍ ഉടന്‍ ജോലിക്കെത്തണമെന്നും ഉത്തരവിലുണ്ട്.
കത്‌വയിലെ പെണ്‍കുട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന് രാജ്യമാകെ പ്രതിഷേധം അലയടിക്കുന്നതിനിടെ സംസ്ഥാനത്ത് സംഘ്പരിവാര്‍ സംഘടനകളും ചില മുസ്‌ലിം ആഭിമുഖ്യ സംഘടനകളും അനുയായികളെ വര്‍ഗീയമായി സംഘടിപ്പിച്ച് ഇതര മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ ഉത്തരവ്.
കത്‌വ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടത്തിയ അപ്രഖ്യാപിത ഹര്‍ത്താലിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന വിശ്വാസവും അടുപ്പവും ക്ഷയിച്ചതായും പരസ്പരം സംശയത്തോടെ വീക്ഷിക്കുന്ന സാഹചര്യമുണ്ടായെന്നുമാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടിലുള്ളത്. ഹര്‍ത്താല്‍ ദിനത്തില്‍ വിരുദ്ധചേരിയിലുള്ള രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനരീതികളും അവരുടെ സൈബര്‍ പോരാളികള്‍ നടത്തിയ പ്രചാരണത്തിന്റെയും സമാനതകള്‍ രാഷ്ട്രീയനേട്ടങ്ങളുണ്ടാക്കാന്‍ ശ്രമമുണ്ടായെന്ന് വ്യക്തമാകുന്നതായി മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ സുപ്രഭാതത്തോട് പറഞ്ഞു. സംഘ്പരിവാര്‍ സംഘടനകള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഹര്‍ത്താല്‍ ദിനത്തില്‍ യുവാക്കളുടെ സംഘങ്ങള്‍ കേരളത്തിലുടനീളം നടത്തിയത്. എസ്.ഡി.പി.ഐ, സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തോളോടുതോള്‍ ചേര്‍ന്ന് പലയിടങ്ങളിലും പ്രവര്‍ത്തിച്ചുവെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. സ്ത്രീകളോടും രോഗികളോടും ദയ കാണിക്കാതെ അവരുടെ കുടുംബങ്ങളുടെ മൊത്തം വെറുപ്പും പ്രതിഷേധവും വാങ്ങിക്കൂട്ടുന്ന തരത്തിലായിരുന്നു ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനങ്ങള്‍.
ഇത് ഇതര മതവിഭാഗങ്ങളിലുള്ളവര്‍ക്ക് മുസ്‌ലിം സമൂഹത്തോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കി. ഇതുതന്നെയായിരുന്നു സംഘ്പരിവാര്‍ സംഘടനകള്‍ ആഗ്രഹിച്ചത്. ഹര്‍ത്താലിനെ പിന്തുണച്ച രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകരും സംഘ്പരിവാര്‍ സൈബര്‍ വിങ്ങും വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിപ്പിച്ച സന്ദേശങ്ങളില്‍ സമാനതയുള്ളതും സംശയത്തിനിടനല്‍കുന്നുണ്ട്.
അതേസമയം, ചതി തിരിച്ചറിയാതെ ഹര്‍ത്താലിനോട് അനുഭാവം പ്രകടിപ്പിച്ച നൂറുകണക്കിന് യുവാക്കളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കേസുകളില്‍ പെട്ടിരിക്കുന്നത്. കൂടാതെ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന വാട്‌സ്ആപ് സന്ദേശങ്ങള്‍ അയച്ചവരെയും പൊലിസ് നിരീക്ഷിക്കുകയും ആവശ്യമുള്ളവരെ സ്റ്റേഷനുകളിലേക്ക് വിളിപ്പിക്കുകയും ചെയ്യുന്നുണ്ട്.
20നും 30നും ഇടയില്‍ പ്രായമുള്ളവരെയാണ് കേസുകളില്‍ പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് ഭാവിയില്‍ പി.എസ്.സി വഴി ജോലികിട്ടാത്ത തരത്തില്‍ എഫ്.ഐ.ആറില്‍ വകുപ്പുകള്‍ എഴുതിച്ചേര്‍ക്കാന്‍ സ്റ്റേഷന്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദം ഉള്ളതായി ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."