ബി.ജെ.പി തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഒ.രാജഗോപാലിന് വിമര്‍ശനം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ബി.ജെ.പി നേതൃയോഗത്തില്‍ ഒ.രാജഗോപാല്‍ എം.എല്‍.എയ്ക്കെതിരേ വിമര്‍ശനം. നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിയായ പി.ശ്രീരാമകൃഷ്ണന് രാജഗോപാല്‍ വോട്ട് ചെയ്തതിനായിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥികളുടെയും നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്.
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരേ ശക്തമായ പ്രചാരണം സംസ്ഥാനത്താകമാനം നടന്നുവരുമ്പോള്‍ രാജഗോപാല്‍ സി.പി.എമ്മിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത് എങ്ങനെ അണികളെ ബോധ്യപ്പെടുത്തുമെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത പലരും ചോദിച്ചത്.
പാര്‍ട്ടിയില്‍ താഴെത്തട്ടില്‍ പുനസംഘടന നടത്താനും യോഗത്തില്‍ തീരുമാനമായി. രണ്ടു ടേം പൂര്‍ത്തിയാക്കിയ മണ്ഡലം സെക്രട്ടറിമാരെ പ്രവര്‍ത്തനമികവ് വിലയിരുത്തി തുടരാന്‍ അനുവദിക്കാനും തീരുമാനിച്ചു.
തുടര്‍ന്ന് ബി.ജെ.പി. സംസ്ഥാന കോര്‍കമ്മറ്റി യോഗവും നടന്നു. ചര്‍ച്ചകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുമായി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഇന്ന് ഡല്‍ഹിക്കു പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."