സി.പി.എമ്മിന് രാജഗോപാലിന്റെ വോട്ട്: പിന്തുണച്ച് കുമ്മനം
തിരുവനന്തപുരം: ബി.ജെ.പിയുടെ ആദ്യ പ്രതിനിധിയായി നിയമസഭയിലെത്തിയ ഒ.രാജഗോപാല്‍ സി.പി.എമ്മിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതിനെ പിന്തുണച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മനസാക്ഷി വോട്ട് ചെയ്യാന്‍ രാജഗോപാലിന് ആവകാശമുണ്ടെന്നു പറഞ്ഞാണ് കഴിഞ്ഞ ദിവസം വിവാദമായ സംഭവത്തില്‍ കുമ്മനം രാജഗോപാലിനൊപ്പം നിന്നത്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സ്വയം തീരുമാനമെടുക്കാന്‍ രാജഗോപാലിന് പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ടെന്നും കുമ്മനം മാധ്യമങ്ങളോടു പറഞ്ഞു.
രാജഗോപാല്‍ സി.പി.എം. സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതിനെ ബി.ജെ.പിയിലെ ഒരു വിഭാഗം ശക്തമായി എതിര്‍ത്ത സാഹചര്യത്തിലാണ് കുമ്മനത്തിന്റെ ന്യായീകരണം. രാജഗോപാലിന്റെ വോട്ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍തന്നെ അത് സി.പി.എമ്മും ബി.ജെ.പിയുമായി ധാരണയുണ്ടെന്ന ആരോപണം ശക്തമാക്കാനോ ഉപകരിക്കൂ എന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. രാജഗോപാലിന്റെ നടപടി ഒരു വിധത്തിലും ന്യായീകരിക്കാനാകില്ലെന്ന തരത്തില്‍ ശക്തമായ എതിര്‍പ്പാണ് പാര്‍ട്ടില്‍നിന്നും ഉണ്ടായത്. ഈ സാഹചര്യത്തില്‍ രാജഗോപാലിനെതിരായ പടയൊരുക്കം പാര്‍ട്ടിയില്‍ ശക്തമാകാതിരിക്കാനാണ് സംസ്ഥാന അധ്യക്ഷന്‍ തന്നെ ന്യായീകരണവുമായി രംഗത്തെത്തിയതെന്നു പറയുന്നു. ഇതോടെ പാര്‍ട്ടിക്കുള്ളിലെ പ്രതിഷേധം ഒരു പരിധിവരെ ചെറുക്കാമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.
യു.ഡി.എഫ്. അതിന്റെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടും അത് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തത് ആരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ആര്‍ക്ക് വോട്ടു ചെയ്തുവെന്നു തുറന്നു പറയാനുള്ള രാഷ്ട്രീയധാര്‍മികത ബി.ജെ.പിയും രാജഗോപാലും പുലര്‍ത്തി. എന്നാല്‍ യു.ഡി.എഫ് പാളയത്തില്‍ നിന്ന് ഇടതുമുന്നണിക്ക് വോട്ടു ചെയ്തത് ആരാണെന്ന് പറയാന്‍ അവര്‍ തയാറുണ്ടോ? അത് ആരാണെന്ന് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. ഇക്കാര്യം തുറന്നു പറയാന്‍ പ്രതിപക്ഷ നേതാവോ വോട്ട് മാറ്റിചെയ്ത എം.എല്‍.എയോ തയാറാകണം. വോട്ട് മറിച്ചത് ഉമ്മന്‍ചാണ്ടിയാണോ അല്ല മറ്റാരെങ്കിലുമാണോയെന്ന് ചെന്നിത്തല അന്വേഷിച്ച് ജനങ്ങളോട് വെളിപ്പെടുത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."