തെക്കന്‍ ദമസ്കസ് ഒഴിയാന്‍ ഐ.എസിന് അന്ത്യശാസനം
ദമസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിന്റെ തെക്കന്‍ മേഖലയില്‍നിന്ന് ഒഴിയാന്‍ ഐ.എസ് ഭീകരര്‍ക്ക് സിറിയന്‍ സൈന്യത്തിന്റെ അന്ത്യശാസനം. 48 മണിക്കൂറിനുള്ളില്‍ മേഖല വിട്ട് പുറത്തുപോകാനാണ് ഭീകരര്‍ക്ക് സൈന്യം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ അനുകൂല മാധ്യമമായ അല്വത്വനാണു വാര്‍ത്ത പുറത്തുവിട്ടത്. അതിനിടെ, കിഴക്കന്‍ ഗൂഥയില്‍ വിമത നിയന്ത്രണത്തില്‍ അവശേഷിക്കുന്ന പ്രദേശങ്ങള്‍ കൂടി പിടിയിലാക്കാന്‍ ബശ്ശാറുല്‍ അസദ് ഒരുക്കം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന വന്‍ മിസൈല്‍ ആക്രമണത്തിനു പിറകെ നിര്‍ത്തിവച്ച സൈനിക നടപടി പുനരാരംഭിക്കാനാണു നീക്കം.
തെക്കന്‍ ദമസ്കസില്‍ ഐ.എസ് ഭീകരരുടെ നിയന്ത്രണത്തില്‍ തുടരുന്ന പ്രദേശത്ത് ദിവസങ്ങളായി സര്‍ക്കാര്‍ സൈന്യം വ്യോമാക്രമണം നടത്തുന്നുണ്ട്. യര്‍മൂക്കിലെ ഫലസ്തീന് അഭയാര്‍ഥി ക്യാംപിനു സമീപത്തും പരിസര പ്രദേശങ്ങളിലുമായാണു സൈനിക നടപടി തുടരുന്നത്. മധ്യ ദമസ്കസില്‍നിന്ന് എട്ട് കിലോ മീറ്റര്‍ ദൂരത്തുള്ള യര്മൂക്കിലാണ് രാജ്യത്തെ ഏറ്റവും വലിയ ഫലസ്തീന് അഭയാര്‍ഥി ക്യാംപ് സ്ഥിതി ചെയ്യുന്നത്.
സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങുന്നതിന് ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവിടെ അഭയാര്‍ഥി ക്യാംപ് സജ്ജമാക്കിയത്. ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ ക്യാംപിലെ ഭൂരിഭാഗം താമസക്കാരും മറ്റു സുരക്ഷിതകേന്ദ്രങ്ങളിലേക്കു രക്ഷപ്പെട്ടിട്ടുണ്ട്.
എന്നാല്‍, ആയിരക്കണക്കിനു പേര് ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് യു.എസ് അഭയാര്‍ഥി സംഘത്തിന്റെ റിപ്പോര്‍ട്ട്. 2015 മുതല്‍ ക്യാംപ് ഐ.എസ് നിയന്ത്രണത്തിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."