മൗറീസിയോ സരി ചെല്‍സി പരിശീലകനായേക്കും
ലണ്ടന്‍: നാപോളി പരിശീലകന്‍ മൗറീസിയോ സരി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സിയുടെ അടുത്ത പരിശീലകനായേക്കും. നിലവിലെ സീസണ്‍ അവസാനിക്കുന്നതോടെ ടീം വിടുന്ന പരിശീലകന്‍ അന്റോണിയോ കോണ്ടെയുടെ പകരക്കാരനായി ചെല്‍സി പ്രഥമ പരിഗണന നല്‍കുന്നത് സരിക്കാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ യുവന്റസിന് കടുത്ത വെല്ലുവിളിയുയര്‍ത്തി നിലവില്‍ നാപോളി രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്. സീസണിന്റ തുടക്കം മുതല്‍ ഒന്നാം സ്ഥാനത്ത് കുതിച്ച അവര്‍ പകുതി പിന്നിട്ടപ്പോഴാണ് സ്ഥാനം യുവന്റസിന് അടിയറവ് വച്ചത്. സീരി എയില്‍ അഞ്ച് മത്സരങ്ങള്‍ കൂടി ബാക്കി നില്‍ക്കേ കിരീട സാധ്യതയില്‍ യുവന്റസിനൊപ്പം വെല്ലുവിളിയുയര്‍ത്തി നില്‍ക്കുന്ന ഏക ടീമും നാപോളി തന്നെ. ഈ മികവിലാണ് ചെല്‍സി കണ്ണ് വച്ചിരിക്കുന്നത്.
നടപ്പ് സീസണില്‍ ചെല്‍സിയുടെ മോശം ഫോമാണ് അന്റോണിയോ കോണ്ടെക്ക് തിരിച്ചടിയായത്. കോച്ചുമായി പുതിയ കരാറൊന്നും ചെല്‍സി ഒപ്പിട്ടിട്ടില്ല എന്നതിനാല്‍ മുന്‍ യുവന്റസ്, ഇറ്റലി ടീമുകളുടെ പരിശീലകന്‍ ഈ സീസണ്‍ അവസാനിക്കുന്നതോടെ ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ ചെല്‍സിയെ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിക്കാന്‍ കോണ്ടെയുടെ തന്ത്രങ്ങള്‍ക്ക് സാധിച്ചെങ്കിലും ഇത്തവണ മാഞ്ചസ്റ്റര്‍ ടീമുകളുടേയും ലിവര്‍പൂള്‍, ടോട്ടനം ടീമുകളുടേയും മികവിന് മുന്നില്‍ അവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയതാണ് ടീം ഉടമകളെ ഇരുത്തി ചിന്തിപ്പിച്ചത്. മുന്‍ ബാഴ്‌സലോണ പരിശീലകന്‍ ലൂയീസ് എന്റിക്വെ, യുവന്റസ് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി, കാര്‍ലോ ആന്‍സലോട്ടി എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ സാധ്യത നിലനില്‍ക്കുന്നത് സരിക്കാണ്.
മൈതാനത്തും പരിശീലന വേളയിലുമെല്ലാം നിരന്തരം പുകവലിച്ച് തള്ളുന്ന ശീലത്തിലൂടെ ശ്രദ്ധ നേടിയ സരി മേജര്‍ ടീമുകളെ അധികം പരിശീലിപ്പിച്ച് മുന്‍പരിചയമുള്ള കോച്ചല്ല. നാപോളിയാണ് അദ്ദേഹത്തിന്റെ കോച്ചിങ് കരിയറിലെ മേജര്‍ ടീം എന്നുതന്നെ പറയാം. ഈ പശ്ചാത്തലമാണ് സിരിയെ ഇപ്പോള്‍ മൂല്യമുള്ള ആളാക്കി നിര്‍ത്തുന്നതും.
മറ്റൊന്ന് ഇറ്റലിക്ക് പുറത്ത് മറ്റൊരു ടീമിനെ സരി ഇതുവരെ പരിശീലിപ്പിച്ചിട്ടില്ലെന്നതും അദ്ദേഹത്തിന് ബോണസായി നില്‍ക്കുന്ന ഘടകമാണ്. സരിയുടെ തന്ത്രങ്ങളുടെ മികവില്‍ നാപോളി ഈ സീസണില്‍ പുറത്തെടുത്ത മികവ് അസാമാന്യമാണ്. സീസണ്‍ അവസാനിക്കുമ്പോള്‍ മറ്റ് വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ താത്പര്യമുണ്ടെങ്കില്‍ ടീമില്‍ നിന്ന് ഒഴിവാകാന്‍ നാപോളി അദ്ദേഹത്തിന് അനുവാദം നല്‍കിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."