കെ.എസ്.ഇ.ബി ഹൈഡല്‍ ടൂറിസം സൊസൈറ്റി രൂപീകരിക്കുന്നു
തൊടുപുഴ: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും തൊഴില്‍സംരംഭം വര്‍ധിപ്പിക്കുന്നതിനുമായി കെഎസ്ഇബി ഹൈഡല്‍ ടൂറിസം വകുപ്പിനു കീഴില്‍ സംസ്ഥാന തലത്തില്‍ ഹൈഡല്‍ ടൂറിസം സൊസൈറ്റികള്‍ രൂപീകരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട വിനോദ സഞ്ചാരമേഖലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിനോദ സഞ്ചാരമേഖല വികസിക്കുന്നതിനൊടൊപ്പം പ്രാദേശിക തലത്തില്‍ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടിയാണ് സ്വീകരിക്കുന്നതെന്നു ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ കെ.ജെ.ജോസ് പറഞ്ഞു. ലാഭത്തെക്കാള്‍ അധികമായി ടൂറിസവും തൊഴിലുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തു ആദ്യമായി കല്ലാര്‍കുട്ടി അണക്കെട്ടിലാണ് സൊസൈറ്റി രൂപീകരിച്ചു പദ്ധതി നടപ്പിലാക്കുന്നത്. അടിമാലി കുമളി ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന കല്ലാര്‍കുട്ടി അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിച്ചാല്‍ സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി ഇവിടം മാറും. നാല് പെഡല്‍ ബോട്ടുകളാണ് ഇവിടെ വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്താന്‍ എത്തിക്കുന്നത്. ഉദ്ഘാടനം ഈ മാസം അവസാനം ഉണ്ടാകും. അടിമാലിയില്‍ നിന്ന് കുമളി, തേക്കടി തുടങ്ങിയ വിനോദസഞ്ചാരമേഖലകളിലേക്ക് പോകുന്നവര്‍ക്ക് ഇവിടെ ഇറങ്ങി ബോട്ടിംഗ് ആസ്വദിക്കാന്‍ സാധിക്കും.
ബോട്ട് സവാരിക്കുള്ള ബോട്ടുജെട്ടി നിര്‍മാണവും അനബന്ധ സൗകര്യങ്ങളും ഇവിടെ പൂര്‍ത്തിയായിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ ടൂറിസം മേഖലയില്‍നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം ദിനംപ്രതി കണ്ടെത്തുന്നത് ഹൈഡല്‍ ടൂറിസം വഴിയാണ്.ടൂറിസം സാധ്യത കണക്കിലെടുത്താണ് വൈദ്യുതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അണക്കെട്ടുകളില്‍ ബോട്ടിംഗ്് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ചെങ്കുളം, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, കുണ്ടള എന്നിവിടങ്ങളിലാണ് ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ബോട്ടിംഗ് നടത്തുന്നത്. ഹൈഡല്‍ ടൂറിസം കേരളത്തില്‍ പുതിയ പദ്ധതി അല്ല. പത്ത് വര്‍ഷത്തോളമായി ചെറിയനിലയില്‍ സംസ്ഥാനത്ത് ഹൈഡല്‍ ടൂറിസം പദ്ധതികളുണ്ട്. എന്നാല്‍ ബോട്ടിംഗ്, ഗാര്‍ഡനിംഗ് തുടങ്ങി പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ ഇതുവരെ ഈ രംഗത്ത് ഉണ്ടായിരുന്നുള്ളു.
സൈക്ലിംഗ്, ട്രക്കിംഗ് തുടങ്ങി കൂടുതല്‍ സൗകര്യങ്ങളൊരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിലയിലേയ്ക്ക് ഹൈഡല്‍ ടൂറിസത്തെ വ്യാപിപ്പിക്കാനാണ് കെ എസ്ഇബി അധികൃതരുടെ ശ്രമം. പ്രാദേശിക തലത്തിലുള്ള സൊസൈറ്റികള്‍ ഇതിന്റെ നിയന്ത്രണം ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി ബോര്‍ഡിനുള്ളില്‍ പ്രത്യേക സൊസൈറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. കക്കയം, ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടായ വയനാട്ടിലെ ബാണാസുര സാഗര്‍ റിസര്‍വോയര്‍ തുടങ്ങിയ ഡാമുകളും വിനോദസഞ്ചാരമേഖലയായി ഉയര്‍ത്താനുള്ള പദ്ധതികളാണ് കെഎസ്ഇബി ആവിഷ്‌കരിക്കുന്നത്.
ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ജീവനാഡി ഇടുക്കിയാണ്. ചെറുതും വലുതുമായ എട്ട് അണക്കെട്ടുകളെ കോര്‍ത്തിണക്കിയാണ് ഇടുക്കി ജില്ലയിലെ ഹൈഡല്‍ ടൂറിസം പദ്ധതി തയാറാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."