മിച്ചഭൂമി അനധികൃതമായി കൈവശപ്പെടുത്തിയവരെ കണ്ടെത്തുന്നതിനുള്ള നടപടിയാരംഭിച്ചു
മൂവാറ്റുപുഴ: മാനാറി മിച്ചഭൂമി അനധികൃതമായി കൈവശപ്പെടുത്തിയവരെ കണ്ടെത്തുന്നതിനുള്ള നടപടിയാരംഭിച്ചു.
പായിപ്ര ഗ്രാമപഞ്ചായത്തിലെ മാനാറിയില്‍ സര്‍ക്കാര്‍ വിതരണം ചെയ്ത മിച്ചഭൂമി ലഭിച്ച് വര്‍ഷങ്ങളായിട്ടും ഉപയോഗിക്കാത്തവര്‍ക്കെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ പായിപ്ര ഗ്രാമപഞ്ചായത്ത് ഹാളില്‍ മിച്ചഭൂമി ലഭിച്ച ഗുണഭോക്താക്കളുടെ യോഗം വിളിച്ചിരുന്നു. മാനാറിയില്‍ 65കുടുംബങ്ങള്‍ക്ക് നാല് സെന്റ് വീതം മിച്ചഭൂമി വിതരണം ചെയ്തത്.
യോഗത്തില്‍ മിച്ചഭൂമി ലഭിച്ച 30പേരാണ് എത്തിയത്. ഈ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടിക്ക് മുന്നോടിയായിട്ടാണ് യോഗം ചേര്‍ന്നത്.
പായിപ്ര ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മാനാറിയിലാണ് സര്‍ക്കാര്‍ പിടിച്ചെടുത്ത മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തത്. വിവിധ പ്രദേശങ്ങളിലുള്ള 65പേര്‍ സ്ഥലത്തിന്റെ പട്ടയം കൈപ്പറ്റിയെങ്കിലും ഇവിടെ 10ഓളം പേരാണ് വീട് നിര്‍മിച്ച് താമസിക്കുന്നത്. നാലോളം വീടുകളുടെ നിര്‍മ്മാണവും നടക്കുന്നുണ്ട്. ബാക്കിയുള്ള സ്ഥലം ഇന്നും കാട് കയറിയ നിലയിലാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പിടിച്ചെടുത്ത മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തത്. അന്ന് തന്നെ ഭൂമിയുള്ളവരാണ് മിച്ചഭൂമി ലഭിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത് തെളിയിക്കുന്നതാണ് ഭൂമി ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മിച്ചഭൂമി ഉപയോഗിക്കാതെ കിടക്കുന്നത്. സ്വന്തമായി സ്ഥലവും വീടുമുള്ള നിരവധിപേരാണ് അന്ന് അനര്‍ഹമായി മിച്ചഭൂമി കൈപ്പറ്റിയത്.
ഭൂമി കൈപ്പറ്റിയവര്‍ ആരെന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സമീപ വാസികള്‍ക്ക് പോലും അറിയാന്‍ കഴിയാത്ത അവസ്ഥയാണ്. മിച്ചഭൂമി ലഭിച്ച് കഴിഞ്ഞാല്‍ 25വര്‍ഷം കഴിഞ്ഞാലെ മറ്റൊരു വിക്തിക്ക് കൈമാറ്റം ചെയ്യുന്നതിനോ, വില്‍ക്കുന്നതിനോ കഴിയുകയുള്ളു. ഇതിനായി കാത്തിരിക്കുകയാണ് അനര്‍ഹമായി ഭൂമി കൈപ്പറ്റിയവര്‍.
ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ താലൂക്ക് വികസന സമിതിയില്‍ വിഷയം ഉന്നയിച്ചതോടെയാണ് മാനാറി മിച്ചഭൂമി വിഷയം വീണ്ടും സജീവ ചര്‍ച്ചയായത്.
ഭൂമിയെ കുറിച്ച് അന്വോഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂവാറ്റുപുഴ തഹസീല്‍ദാര്‍ മുളവൂര്‍ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ അന്വോഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇനിയും സ്ഥലം അളന്ന് തിട്ടപ്പെടുത്തി ഫ്‌ളോട്ട് തിരിച്ച് നല്‍കാനുണ്ട്. ഇതിന് പുറമെ റോഡ് അളന്ന് തിരിക്കാനുണ്ട്. മാത്രവുമല്ല അനധികൃതമായി വില്‍പ്പന നടത്തിയ മിച്ചഭൂമി വാങ്ങിയ അഞ്ചോളം കുടുംബങ്ങളും യോഗത്തില്‍ എത്തിയിരുന്നു. സ്വന്തമായി ലഭിച്ച മിച്ചഭൂമിയും, സമീപത്തെ ഭൂമിയും കണിച്ച് മറിച്ച് വിറ്റിട്ടുണ്ട്. ഭൂമി മറിച്ച് വിറ്റവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിന് യോഗം തീരുമാനിച്ചു.
മറ്റ് പഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍ വീട് അനുവദിച്ചിട്ടും. പായിപ്ര പഞ്ചായത്തില്‍ ലഭിച്ച സ്ഥലത്ത് വീട് നിര്‍മിക്കാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളും യോഗത്തില്‍ എത്തിയിരുന്നു. ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഇവര്‍ക്ക് അനുവദിച്ച ഭവന ധനസഹായം പായിപ്ര പഞ്ചായത്തിലെക്ക് മാറ്റി നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
മിച്ചഭൂമിയിലെ സ്ഥലം സര്‍വ്വേയറെ ഉപയോഗിച്ച് അളന്നതിന് ശേഷം അധികമുള്ള ഭൂമിയില്‍ ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കാനും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ്, വൈസ് പ്രസിഡന്റ് എം.പി.ഇബ്രാഹിം, തഹസീല്‍ദാര്‍ റെജി.പി.ജോസഫ്, മെമ്പര്‍മാരായ മാത്യൂസ് വര്‍ക്കി, പി.എസ് ഗോപകുമാര്‍, നസീമ സുനില്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍, വില്ലേജ് ഓഫീസര്‍, സര്‍വ്വേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."