വീട് ആക്രമിച്ച കേസില്‍ പൊലിസ് കേസെടുത്തില്ല; വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോള്‍ പ്രതിയെ പിടികൂടി
തൊടുപുഴ: വീട് ആക്രമിച്ചെന്നു കാട്ടി നല്‍കിയ പരാതിയില്‍ തൊടുപുഴ പൊലിസ് കേസ് എടുത്തില്ലെന്ന് ആരോപിച്ചു വീട്ടമ്മ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. വീട്ടമ്മയെ തൊടുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അറിഞ്ഞതോടെ പൊലിസ് പ്രതിയെ പിടികൂടുകയും ചെയ്തു.
സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ക്കെതിരെ കൊടുത്ത കേസിലാണ് പൊലിസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാവാതിരുന്നത്. ഈസ്റ്റ് കലൂര്‍ സ്വദേശിനിയാണ് കിടപ്പുമുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. കലൂര്‍ സ്വദേശി തന്നെയാണ് കേസിലെ പ്രതി. വീട്ടമ്മയുടെ പരാതി ഇങ്ങനെ: തിങ്കളാഴ്ച രാത്രിയാണു കലൂര്‍ സ്വദേശി വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയത്. ഇത് പരാതിയായി അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തി ഇയാളെ പിടികൂടിക്കൊണ്ടുപോയി.
അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇയാള്‍ മടങ്ങിയെത്തി താനുള്‍പ്പെടെ നാലു സ്ത്രീകളും ഒരു പെണ്‍കുഞ്ഞും മാത്രമുള്ള വീട്ടില്‍ വീണ്ടും അതിക്രമിച്ചുകയറി. കയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചും ആക്രമിച്ചു. വീടിന്റെ തിണ്ണയിലിരുന്നു മദ്യപിക്കാനും തുടങ്ങി. ഇതിനിടെ തന്റെ പിതാവിനെ ഫോണ്‍ ചെയ്തു വിളിച്ചുവരുത്തി.
അവിടെ എത്തിയ പിതാവിനെ മര്‍ദിച്ച പ്രതി സ്വന്തം വാഹനത്തിലുണ്ടായിരുന്ന വാഴക്കുല റോഡില്‍ എറിഞ്ഞു ചിതറിച്ചു. വീട്ടിലുള്ളവരെ ഇതുപോലെ ചിതറിക്കുമെന്നും ഭീഷണിപ്പെടുത്തി. തൊടുപുഴ പൊലിസിലെ ഒരു ഉദ്യോഗസ്ഥനില്‍ തനിക്കു സ്വാധീനമുണ്ടെന്നും അതാണ് ഉടനെ സ്‌റ്റേഷനില്‍നിന്നു പുറത്തിറങ്ങാന്‍ കഴിഞ്ഞതെന്നും പ്രതി പറഞ്ഞു. അപസ്മാരത്തിന് 15 വര്‍ഷമായി ചികിത്സയിലാണു താനെന്ന് പരാതിക്കാരി പറയുന്നു. സംഭവത്തെ തുടര്‍ന്നു ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടായി. അക്രമിയുമായി യാതൊരു ബന്ധവുമില്ല. ഭീഷണി മുഴക്കുന്നത് എന്തിനെന്ന് അറിയില്ല.
കലൂര്‍ സ്വദേശി ആക്രമിക്കാന്‍ ശ്രമിച്ചതു സംബന്ധിച്ച പരാതിയുമായി ചൊവ്വാഴ്ച രാവിലെ തൊടുപുഴ സ്‌റ്റേഷനിലെത്തിയിരുന്നു. കേസെടുക്കാന്‍ കാരണമായ കുറ്റം ചെയ്തിട്ടില്ലെന്നും ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞു മടക്കി അയക്കുകയായിരുന്നു. ശേഷം വിവരം ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ അറിയിച്ചു. സ്‌റ്റേഷനില്‍നിന്നു മടങ്ങിയ തന്നെയും ഭര്‍ത്താവിനെയും പൊലിസ് തിരികെ വിളിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കേസെടുത്ത ശേഷവും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയാറാവാതിരുന്നതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു യുവതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."