ബി.സി റോഡ് നവീകരണം: പുതിയ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കും
ഫറോക്ക്: ബേപ്പൂരിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ബി.സി റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന റെയില്‍വേ മേല്‍പ്പാലത്തിന് ഉടന്‍ എസ്റ്റിമേറ്റാകും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയില്‍ റെയില്‍വേയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മേല്‍പ്പാലം നിര്‍മിക്കേണ്ട സ്ഥലം പരിശോധിച്ചു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യാധുനിക സൗകര്യങ്ങളോടെ നാലുവരിപ്പാതയായാണ് ബി.സി റോഡ് നവീകരിക്കുന്നത്.
ആകെ 2.85 കിലോമീറ്റര്‍ ദൂരം വരുന്ന പാതയ്ക്ക് 24 മീറ്റര്‍ വീതിയാണ് ആവശ്യം. ഈ വീതിയില്‍ റോഡ് വരുമ്പോള്‍ ചെറുവണ്ണൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ എ.യു.പി സ്‌കൂളിന് സമീപം നിലവിലെ റെയില്‍വേ മേല്‍പ്പാലത്തിനൊപ്പം മറ്റൊരു മേല്‍പ്പാലം കൂടി നിര്‍മിക്കണം. ഇതിന് എസ്റ്റിമേറ്റ് തയാറാക്കുന്നതിന്റെ മുന്നോടിയായാണ് സംയുക്തസംഘം പരിശോധനയ്‌ക്കെത്തിയത്. നിലവില്‍ പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ റോഡിന്റെ അലൈന്‍മെന്റില്‍ ചെറിയ മാറ്റം മാത്രമേ മേല്‍പ്പാലത്തിന് സമീപം വേണ്ടിവരൂ. അതേസമയം നിലവിലുള്ള മേല്‍പ്പാലം പ്രയോജനപ്പെടുത്തി ഇതിനോട് ചേര്‍ത്ത് രണ്ടാമതൊരു പാലം നിര്‍മിക്കുന്നത് സമയ, സാമ്പത്തിക ലാഭമുണ്ടാക്കും. മേല്‍പ്പാലം നിര്‍മാണത്തില്‍ റെയില്‍വേയും പൊതുമരാമത്ത് വകുപ്പ് അധികൃതരും എളുപ്പത്തില്‍ യോജിപ്പിലെത്തിയതിനാല്‍ ഇനി റെയില്‍വേക്ക് വേഗത്തില്‍ എസ്റ്റിമേറ്റ് തയാറാക്കാം.
റോഡ് നവീകരണ പദ്ധതിയുടെ പ്രാഥമിക എസ്റ്റിമേറ്റ് പരിശോധനയ്ക്കായി പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ചിരിരുന്നു. റെയില്‍വേ മേല്‍പ്പാലത്തിന്റെ എസ്റ്റിമേറ്റ് കൂടി തയാറായ ശേഷം കിഫ്ബിയ്ക്ക് നല്‍കും. നേരത്തെ 50 കോടി രൂപയാണ് റോഡ് നവീകരണത്തിന് കണക്കാക്കിയിരുന്നതെങ്കിലും ഇതിന് പുറമെ ഏതാണ്ട് 40 കോടിയോളം രൂപ സ്ഥലമെടുപ്പിനു വേണ്ടി വന്നേക്കും.
റെയില്‍വേ മേല്‍പ്പാലം നിര്‍മാണ അനുമതിക്കായി പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ അധികൃതരും പൊതുമരാമത്ത് വിഭാഗവും സംയുക്ത പരിശോധന നടത്തിയത്. ഇനി വേഗത്തില്‍ പാലത്തിനായി പ്രത്യേക എസ്റ്റിമേറ്റുണ്ടാക്കും.
ഇതു പ്രകാരമുള്ള തുക റെയില്‍വേയ്ക്ക് നല്‍കിയാല്‍ ഇവരാകും പാലം നിര്‍മിക്കുക. വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ, റെയില്‍വേ പൊതുമരാമത്ത് വിഭാഗം അസി. എക്‌സി. എന്‍ജിനീയര്‍ അബ്ദുല്‍ അസീസ്, അസി. എന്‍ജിനീയര്‍ മനോഹരന്‍, പൊതുമരാമത്ത് അസി. എക്‌സി. എന്‍ജിനീയര്‍ എം.സി വിനുകുമാര്‍, അസി. എന്‍ജിനീയര്‍ സി.ടി പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമാണ് എം.എല്‍.എയ്‌ക്കൊപ്പം പരിശോധനക്കെത്തിയത്.
റോഡ് ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളായി കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ പി.പി ബീരാന്‍കോയ, പേരോത്ത് പ്രകാശന്‍, കമ്മിറ്റി ഭാരവാഹികളായ ടി.കെ അബ്ദുല്‍ ഗഫൂര്‍, പള്ളത്ത് പത്മനാഭന്‍, മമ്മദ്‌കോയ, ബഷീര്‍ കുണ്ടായിത്തോട്, കെ.പി ഹുസൈന്‍ തുടങ്ങിയവരും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."