മലമ്പനിയ്‌ക്കെതിരെ ജാഗ്രത വേണം
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). ഇടവിട്ടുള്ള പനിയോടൊപ്പം വിറയലും പേശിവേദനയും തലവേദനയുമാണ് പ്രധാന ലക്ഷണങ്ങള്‍. വിറയലോടുകൂടി ആരംഭിച്ച് തുടര്‍ന്ന് ശക്തമായ പനിയും വിയര്‍പ്പും ക്ഷീണവും ഉണ്ടാകും. ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ പനിയും വിറയലും ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ പ്രത്യേക ലക്ഷണമായി കരുതാം. മനംപിരട്ടല്‍, ഛര്‍ദ്ദി, വയറിളക്കം, ചുമ, തൊലിപ്പുറമേയും കണ്ണിലും മഞ്ഞനിറം എന്നിവയും ഉണ്ടാകാം. അനോഫെലിസ് കൊതുകുകള്‍ വഴിയാണ് രോഗം പകരുന്നത്. രക്തപരിശോധനയിലൂടെ മാത്രമേ മലമ്പനി സ്ഥിരീകരിക്കാന്‍ കഴിയൂ. പി.എച്ച്.സി, സി.എച്ച്.സികളില്‍ പരിശോധിക്കാനുള്ള ലബോറട്ടറി സൗകര്യം നിലവിലുണ്ട്. വീട്ടില്‍വച്ചു തന്നെ മലമ്പനിയാണോ എന്നറിയാനുള്ള റാപ്പിഡ് ടെസ്റ്റ് സംവിധാനവും നിലവിലുണ്ട്. പനിയുള്ളവരെല്ലാം ഉടന്‍തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ ചികിത്സ തേടണ്ടതാണ്.
മലമ്പനി പകരുന്നത് തടയാന്‍ കൊതുക് നിയന്ത്രണവും രോഗപ്രതിരോധവുമാണ് പ്രധാനം. വീടിനു ചുറ്റും പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക. കിണറുകള്‍, ടാങ്കറുകള്‍, വെള്ളം സംഭരിച്ചുവെയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ കൊതുക് കടക്കാത്ത വിധം കൊതുകുവലയിട്ടോ തുണി കൊണ്ടോ മൂടുക. കൂത്താടികളെ തിന്നൊടുക്കുന്ന ഗപ്പി, ഗാമ്പുസിയ, മാനത്തുകണ്ണി തുടങ്ങിയ മത്സ്യങ്ങളെ ജലാശയങ്ങളിലും ആഴംകുറഞ്ഞ കിണറുകളിലും വളര്‍ത്തുക. കൂത്താടികളെ നശിപ്പിക്കുക. ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."