മലയോരത്ത് ഡെങ്കിപ്പനി ഭീഷണി; പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതം
കുന്നുംകൈ: വേനല്‍ മഴ വന്നതോടെ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനി ഭീഷണി നേരിടുന്നതിനാല്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. ചിറ്റാരിക്കാല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമഴ്ത്തി വെക്കാന്‍ തോട്ട ഉടമകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനുസരിക്കാത്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ശുചീകരണ പ്രവര്‍ത്തനം നടത്താത്ത തോട്ടമുടമകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഭവനങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ ദ്രുത കര്‍മ്മസേനക്കു കൈമാറും. പകര്‍ച്ചപ്പനി ചെറുക്കാന്‍ വേണ്ടിയുള്ള ശ്രമത്തില്‍ സഹകരിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വെസ്റ്റ് എളേരി പഞ്ചായത്തിലെ നര്‍ക്കിലക്കാട്, മൗക്കൊട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ വ്യാപാര കേന്ദ്രവും വീടുകളും കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണത്തിനു തുടക്കം കുറിച്ചു. കഴിഞ്ഞ തവണ ഡെങ്കിപ്പനി പടര്‍ന്ന പ്രദേശമായ കമ്മാടം, പാലക്കുന്ന്, എളേരിത്തട്ട്, നര്‍ക്കിലക്കാട് എന്നിവിടങ്ങളിലായി പരിശോധന കര്‍ശനമാക്കി.ആരോഗ്യ വകുപ്പും പഞ്ചായത്തും സംയുക്തമായി വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണു മുന്‍തൂക്കം നല്‍കുന്നത്. ഇതിനായി വിവിധ വാര്‍ഡുകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ വീടുകളില്‍ ലഘുലേഖ വിതരണവും ബോധവല്‍ക്കരണവും നടത്തും. പഞ്ചായത്തിലെ വിവിധ പി.എച്ച്.സികളില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."