കാട്ടാന ഭീഷണി; ആറളം ഫാമില്‍ കശുമാവിന്‍ തോട്ടത്തിലെ കാട് വെട്ടിത്തെളിക്കാനായില്ല; നഷ്ടമാകുന്നത് ലക്ഷങ്ങള്‍
ഇരിട്ടി: കാട്ടാന ഭീഷണിയെ തുടര്‍ന്ന് ആറളം ഫാമിലെ 10 ഏക്കറോളം കശുമാവിന്‍ തോട്ടത്തിലെ കാട് വെട്ടിത്തെളിക്കാന്‍ കഴിയാത്തത് മൂലം നഷ്ടമാകുന്നത് ലക്ഷങ്ങള്‍. കശുവണ്ടി ഉല്‍പാദനത്തിന്റെ 80 ശതമാനവും പൂര്‍ത്തിയായിരിക്കെ തോട്ടം കാടുമൂടി കിടക്കുകയാണ്. തുടര്‍ന്ന് കശുവണ്ടികള്‍ മണ്ണില്‍ മുളക്കുന്ന അവസ്ഥയാണുള്ളത്. ഫാം സെക്യൂരിറ്റി ഓഫിസിന് സമീപത്തെ അഞ്ചാം ബ്ലോക്കിന്റെ ഭാഗമായ തോട്ടത്തിലെ കശുവണ്ടിയാണ് ശേഖരിക്കാന്‍ കഴിയാത്തെ മുളക്കുന്നത്.
കിലോക്ക് 150 രൂപ വരുന്ന കശുവണ്ടിയാണ് കാട്ടിനുള്ളില്‍ കിടന്ന് നശിക്കുന്നത്. ഫാമില്‍ ഫെബ്രുവരി മുതല്‍ ആരംഭിച്ച കശുവണ്ടിയുടെ ഉല്‍പാദനം മെയ് ആദ്യവാരത്തോടെ 90 ശതമാനം പൂര്‍ത്തിയാവും. 500 ഹെക്ടറില്‍ അധികം വ്യാപിച്ചു കിടക്കുന്ന ഫാമിലെ കശുമാവിന്‍ തോട്ടത്തിലെ കാട് വെട്ടിത്തെളിക്കാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കുകയാണ് പതിവ്.
കശുമാവ് തളിരിടാന്‍ തുടങ്ങുമ്പോള്‍ തന്നെ കാട് തെളിക്കലും ആരംഭിക്കും. ഇത്തവണ ഫാം മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയും സാമ്പത്തിക പ്രതിസന്ധിയും കരാര്‍ നല്‍കുന്നതില്‍ കാലതാമസമുണ്ടാക്കി. പല ബ്ലോക്കുകളിലും ഉല്‍പാദനം ആരംഭിച്ചതിന് ശേഷമാണ് കാട് തെളിക്കല്‍ ആരംഭിച്ചത്. കരാര്‍ എടുത്തവര്‍ പാതിവഴിക്ക് ഉപേക്ഷിച്ചതും പ്രതിസന്ധിയുണ്ടാക്കി.
അതേസമയം അഞ്ചാം ബ്ലോക്കില്‍ താവളമാക്കിയ നാല് ആനകളെ വനത്തിലേക്ക് തുരത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. പല തവണ കാടുവെട്ടാന്‍ എത്തിയപ്പോഴും തൊഴിലാളികള്‍ ആനയെക്കണ്ട് ഭയന്ന് ഓടുകയായിരുന്നു. കരാറെടുത്തവര്‍ പിന്‍മാറിയതിനെ തുടര്‍ന്ന് ഫാമിലെ തൊഴിലാളികളെ ഉപയോഗിച്ചാണ് ഇപ്പോള്‍ കാട് വെട്ടുന്നത്. കഴിഞ്ഞ ദിവസം കാട് വെട്ടുന്നതിനിടയില്‍ ആന എത്തിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ഭയന്നോടി. ഭക്ഷണ പാത്രങ്ങളും മറ്റും ആന ചവിട്ടി ഉടച്ചു. എന്നാല്‍ ആന ഭീഷണിയുണ്ടായിട്ടും കാട്ടിനുള്ളില്‍നിന്ന് കശുവണ്ടി ശേഖരിക്കുന്നുണ്ടെന്നാണ് ഫാം അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."