ജില്ലയിലെ ഏക സഹകരണ സ്ഥാപനവും നഷ്ടപ്പെടാന്‍ സാധ്യത
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഹൗസിങ് സൊസൈറ്റിയില്‍ സി.പി.ഐക്ക് കാലിടറുന്നു. കാലങ്ങളായി സി.പി.ഐ ഒറ്റക്ക് ഭരിക്കുന്ന ജില്ലയിലെ തന്നെ ഏക സഹകരണ സ്ഥാപനവും നഷ്ടപ്പെടാന്‍ സാധ്യത. മണ്ണാര്‍ക്കാട് മേഖലയില്‍ ഏറെ കാലമായി തുടങ്ങിയ സി.പി.എം - സി.പി.ഐ പോരിന്റെ ഭാഗമായാണ് ഇതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. കാലങ്ങളായി സി.പി.ഐയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുളള കുമരംപുത്തൂര്‍ കോഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയില്‍ സി.പി.എമ്മുകാരായ ആയിരത്തിലധികം പുതിയ മെമ്പര്‍മാരെ ചേര്‍ത്തുകൊണ്ടാണ് തങ്ങളുടെ നിയന്ത്രണത്തിലേക്ക് ഹൗസിങ് സൊസൈറ്റിയെ സി.പി.എം കൊണ്ടുവരാനുളള ശ്രമം നടത്തിയിരിക്കുന്നത്.
സി.പി.ഐ അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും, ഏറെ കാലമായി ഹൗസിങ് സൊസൈറ്റി ഡയറക്ടറുമായിരുന്ന രവി അലനല്ലൂരിനെ വായ്പ കുടിശ്ശികയുടെ പേരില്‍ ഹൗസിങ് സൊസൈറ്റിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. പകരക്കാരനായി സി.പി.എം എടത്തനാട്ടുകര ലോക്കല്‍ കമ്മിറ്റി അംഗം ഉസ്മാനെ സൊസൈറ്റി പ്രസിഡന്റിന്റെ പ്രത്യേക അധികാരമുപയോഗിച്ച് തല്‍സ്ഥാനത്ത് നിയോഗിക്കുകയും ചെയ്തിരുന്നു.
സി.പി.ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗമായ മണ്ണാര്‍ക്കാട്ടെ മുതിര്‍ന്ന നേതാവിനെയും കൂട്ടരെയും തങ്ങള്‍ക്കൊപ്പം അണിനിരത്തുവാനുളള ശ്രമത്തിന്റെ അവസാന ഘട്ടത്തിലാണ് സി.പി.എം. ഈ ശ്രമം വിജയിക്കുന്നതോടുകൂടി സി.പി.ഐയുടെ നിയന്ത്രണത്തിലുളള ജില്ലയിലെ ഏക സഹകരണ സ്ഥാപനവും സി.പി.എമ്മിന് സ്വന്തമാവും.
കുമരംപുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സി.പി.ഐ പ്രതിനിധികളായ രണ്ട് അംഗങ്ങളെ അവസാന ഘട്ടത്തില്‍ വെട്ടി നിരത്തി പകരം സി.പി.എം സ്വതന്ത്ര്യമാരെ വിജയിപ്പിച്ച് ബോര്‍ഡ് സി.പി.എം പൂര്‍ണ്ണ നിയന്ത്രണത്തിലാക്കിയിരുന്നു. ഇതോടുകൂടി ഇവര്‍ തമ്മിലുണ്ടായിരുന്ന അനൈക്യം തുറന്ന പോരിലേക്ക് എത്തുകയായിരുന്നു.
ഇരുപാര്‍ട്ടികളുടെയും ജില്ലാ സമ്മേളനങ്ങള്‍ മണ്ണാര്‍ക്കാട് വെച്ച് നടത്തിയതോടുകൂടി തുറന്ന യുദ്ധത്തിനാണ് പിന്നീട് കളമൊരുങ്ങിയത്. മുതിര്‍ന്ന സി.പി.ഐ നേതാവും കാലങ്ങളായി ഹൗസിങ് സൊസൈറ്റിയുടെ പ്രസിഡന്റുകൂടിയായ പി. പ്രഭാകരനുള്‍പ്പെടെയുളള മണ്ണാര്‍ക്കാട് മേഖലയിലെ നിരവധി പേര്‍ സമ്മേളന പരിപാടികളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ട് നിന്നിരുന്നു. ഇത് പരക്കെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐക്കുണ്ടായ തോല്‍വിയില്‍ സി.പി.എമ്മുകാരുടെ നിസ്സഹകരണവുമുണ്ടെന്ന സി.പി.ഐ അണികളില്‍ ആരോപണവും ശക്തമായിരുന്നു. സി.പി.എമ്മാകട്ടെ കഴിഞ്ഞ കാലങ്ങളിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും സി.പി.ഐയെ കണക്കിന് വഞ്ചിച്ചിട്ടുണ്ടെന്നും അണികളില്‍ പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. വരാന്‍ പോവുന്ന പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പികളും ഇടത് പാര്‍ട്ടിയിലെ അനൈക്യം രൂക്ഷമാവാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."