രാഷ്ട്രീയ പ്രവര്‍ത്തനം കാരുണ്യത്തിന്റേതാകണം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി
തൃശൂര്‍: സഹജീവികളുടെയും പാര്‍ശ്വവത്കൃതരുടെയും നേര്‍ക്ക് നീളുന്ന കാരുണ്യ സ്പര്‍ശമാകണം രാഷ്ട്രീയപ്രവര്‍ത്തനമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. തൃശൂര്‍ സീതി സാഹിബ് സ്മാരക മന്ദിരത്തില്‍ ദുബയ് കെ.എം.സി.സിയുടെ വെല്‍ഫെയര്‍ സ്‌കീം പ്രകാരമുള്ള സഹായ ധന വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാരുണ്യവും കരുതലും പ്രവര്‍ത്തനങ്ങളുടെ മുഖ മുദ്രയായി സ്വീകരിച്ച രാഷ്ട്രീയമാണ് മുസ്‌ലിം ലീഗിന്റേത്. സര്‍വ നാശത്തിന്റെ അപക്വമായ വിത്തുകള്‍ പാകുകയാണ് അരാഷ്ട്രീയ വാദികള്‍. കേവല പ്രതികരണങ്ങളുടെയും സമരങ്ങളുടെയും പരിസരങ്ങളില്‍ നിന്ന് നിര്‍മാണാത്മകമായ തലങ്ങളിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ മാറ്റേണ്ടതുണ്ട്. ഈ വലിയ മാറ്റത്തിന് മുസ്‌ലിം ലീഗിന് കരുത്തും ഊര്‍ജവും നല്‍കിയ പ്രസ്ഥാനമാണ് കെ.എം.സി.സി. ദുര്‍ബല വിഭാഗങ്ങളുടെ കരുതലിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവഴിക്കുന്ന തുകക്ക് സമാനമായ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് കെ.എം.സി.സിയും ഒരു വര്‍ഷം നടത്തികൊണ്ടിരിക്കുന്നത്.
തൃശൂര്‍ ജില്ല കെ.എം.സി.സി സംഘടിപ്പിച്ച ചടങ്ങില്‍ ആര്‍.വി അബ്ദുല്‍ റഹീം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.എം അമീര്‍ സ്വാഗതം പറഞ്ഞു. കെ.എം.സി.സി ജില്ലാ കോര്‍ഡിനേറ്ററായ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. വി.എം മുഹമ്മദ് ഗസ്സാലി പദ്ധതി വിശദീകരണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.പി കമറുദ്ദീന്‍, ജില്ലാ ലീഗ് ഭാരവാഹികളായ കെ.എ ഹാറൂണ്‍ റഷീദ്, വി.കെ മുഹമ്മദ്, എം.കെ മാലിക്, സി. അബ്ദുട്ടി ഹാജി, പി.കെ മുഹമ്മദ്, എം.എ റഷീദ്, പി.കെ ഷാഹുല്‍ ഹമീദ്, പി.എ ഷാഹുല്‍ ഹമീദ്, എം.വി സുലൈമാന്‍, ഗഫൂര്‍ കടങ്ങോട്, കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡന്റ് എം.കെ കുഞ്ഞു മുഹമ്മദ്, നാട്ടിക മണ്ഡലം പ്രസിഡന്റ് ഷഫീക് തളിക്കുളം, കുന്നംകുളം മണ്ഡലം ജനറല്‍ സെക്രട്ടറി മുസ്തഫ വടുതല പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."