പൊലിസിന് ഇപ്പോള്‍ കാവി നിറമാണെന്ന് വി.കെ ശ്രീകണ്ഠന്
പാലക്കാട്: പൊലിസിന് ഇപ്പോള്‍ കാവി നിറമാണെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന് ആരോപിച്ചു. അപ്രഖ്യാപിത ഹര്‍ത്താല്‍ അനുകൂലിയാണെന്ന കുറ്റം ചുമത്തി യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി മന്‍സൂറിനെ മര്‍ദ്ദിച്ച പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സി.ഐ ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിനെ പ്രീണിപ്പിക്കുന്ന നിലപാടും സംഘപരിവാറിനോട് മൃദുസമീപനവുമാണ് ഇപ്പോള്‍ പൊലിസിനുള്ളത്. രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ പൊലിസിനെ കരുവാക്കാനാണ് നീക്കമെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ല. അകാരണമായി മന്‍സൂറിനെ തല്ലിച്ചതച്ച കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വി.കെ ശ്രീകണ്ഠന് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസമാണ് ഹര്‍ത്താല്‍ അനുകൂലിയാണെന്ന കുറ്റം ചുമത്തി മന്‍സൂറിനെ സൗത്ത് പൊലിസ് അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദിച്ചത്. നെഞ്ചത്തും മറ്റും ചവിട്ടേറ്റ മന്‍സൂര്‍ ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. നിലവിളി കേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോഴാണ് എസ്.ഐയും രണ്ടു പൊലിസുകാരും ചേര്‍ന്ന് മന്‍സൂറിനെ ആശുപത്രിയില്‍ എത്തിച്ചത്. സൗത്ത് സി ഐ മനോജിന്റെ നിര്‍ദേശപ്രകാരമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലിസിന്റെ വിശദീകരണം. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാണെന്ന് അറിയിച്ചിട്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ഡി.സി.സി ഓഫിസില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സൗത്ത് പൊലിസ് സ്റ്റേഷന് മുന്നില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ബോബന് മാട്ടുമന്ത അധ്യക്ഷനായിരുന്നു. കെ.പി.സി.സി സെക്രട്ടറി സി ചന്ദ്രന്, ഹരിദാസ് മച്ചിങ്ങല്‍, നാസര്‍ ഹുസൈന്, കെ രാജേഷ്, വി പ്രശോഭ്, അനീഷ്, റാഫി ജൈനിമേട്, ആഷിഖ്, ബൈജു, നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."