ചന്തപ്പടിയിലെ തകര്‍ന്ന കലുങ്കിന്റെ നിര്‍മാണം വേഗത്തിലാക്കും
പൊന്നാനി: ചന്തപ്പടിക്ക് സമീപം തകര്‍ന്ന കലുങ്കിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ തീരുമാനം. 21 ദിവസത്തിനകം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. പൊന്നാനി പഴയ ദേശീയപാതയിലെ എന്‍.എച്ച് 66 ല്‍ ചന്തപ്പടിക്ക് സമീപം ഷാദി മഹലിനു മുന്നില്‍ തകര്‍ന്ന കലുങ്കിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കും.
നേരത്തെ ഒരുമീറ്റര്‍ വീതിയിലും, നാലുമീറ്റര്‍ നീളത്തിലുമായി രണ്ട് ഘട്ടങ്ങളായാണ് കലുങ്ക് നിര്‍മിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ട് ഘട്ടമായി നിര്‍മാണം നടത്തുമ്പോള്‍ കാലതാമസമെടുക്കുമെന്ന കാര്യം പരിഗണിച്ചാണ് ഗതാഗതം നിരോധിച്ച് റോഡ് പൂര്‍ണമായും പൊളിച്ച് പ്രവൃത്തികള്‍ നടത്താന്‍ നഗരസഭാ ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്.
ഇത്തരത്തില്‍ 21 ദിവസം കൊണ്ട് കലുങ്കിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനിച്ചത്. വെള്ളിയാഴ്ച മുതല്‍ എടപ്പാളില്‍ നിന്ന് പൊന്നാനിയിലേക്ക് വരുന്ന ബസുകളും, പൊന്നാനിയില്‍ നിന്നും, എടപ്പാള്‍ ഭാഗത്തേക്ക് പോകുന്ന ബസുകളും ചന്തപ്പടി റസ്റ്റ് ഹൗസ് കൊല്ലന്‍ പടി വഴി പോകാനും തീരുമാനമായി. കൂടാതെ ഇരുചക്രവാഹനങ്ങളുള്‍പ്പെടെയുള്ളവ എം.എല്‍.എ.റോഡ്, തൃക്കാവ്, കര്‍മ്മ റോഡുകള്‍ വഴി പോകണമെന്നും യോഗം അഭിപ്രായപ്പെട്ടു. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് രാവിലെ എട്ടു മണി മുതല്‍ ഒന്‍പതര വരെയും, വൈകീട്ട് നാലര മുതല്‍ ആറു മണി വരെയും കെ.എസ്.ആര്‍.ടി.സി.ബസുകള്‍ സിവില്‍ സ്റ്റേഷന്‍ വരെ സര്‍വിസ് നീട്ടാനും ധാരണയായി.
ആഴ്ചകള്‍ക്ക് മുമ്പ് യാതൊരു മുന്നറിയിപ്പുമില്ലാതെ റോഡ് വെട്ടിപ്പൊളിച്ചത് നിരവധി അപകടങ്ങള്‍ക്കിടയാക്കിയിരുന്നു. റോഡില്‍ നിര്‍മിച്ച കിടങ്ങില്‍ വീണ് യാത്രികര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡ് വെട്ടിപ്പൊളിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പാലിക്കാതിരുന്നതാണ് തുടര്‍ അപകടങ്ങള്‍ക്കിടവരുത്തിയത്. തുടര്‍ന്ന് കരാറുകാരന്‍ റോഡിലെ കിടങ്ങ് മണ്ണിട്ട് മൂടുകയും ചെയ്തു.
തഹസില്‍ദാറുടെ ചേമ്പറില്‍ പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ വിവിധ ഡിപ്പാര്‍ട്‌മെന്റുകളുടെയും, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും യോഗമാണ് ചേര്‍ന്നത്. തഹസില്‍ദാര്‍ ജി.നിര്‍മ്മല്‍കുമാര്‍, കൗണ്‍സിലര്‍ കെ.ജയപ്രകാശ്, പൊന്നാനി എസ്.ഐ.കെ.നൗഫല്‍, ദേശീയപാത ഉദ്യോഗസ്ഥര്‍, കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍, ജോ. ആര്‍.ടി.ഒ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."