കാസ്‌ട്രോ യുഗത്തിന് അന്ത്യം ക്യൂബയെ ഇനി മിഗ്വേല്‍ കനാല്‍ നയിക്കും
ഹവാന: ക്യൂബയില്‍ കാസ്‌ട്രോ യുഗത്തിന് അന്ത്യം കുറിച്ചു. റൗള്‍ കാസ്‌ട്രോയ്ക്കു പകരം പുതിയ ക്യൂബന്‍ പ്രസിഡന്റായി മിഗ്വേല്‍ ഡയസ് കനാല്‍ അധികാരമേറ്റു. 1959ല്‍ നടന്ന വിപ്ലവത്തിനു ശേഷം ഇതാദ്യമായാണ് പേരില്‍ കാസ്‌ട്രോ ഇല്ലാത്ത ഒരാള്‍ ക്യൂബയുടെ ഭരണസാരഥ്യത്തിലേറുന്നത്.
കഴിഞ്ഞ ദിവസം ക്യൂബന്‍ ദേശീയ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പിലൂടെയാണു പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ആകെ 605 അംഗങ്ങളില്‍ മുഴുവന്‍ പേരും മിഗ്വേലിനു പിന്തുണ അറിയിക്കുകയായിരുന്നു. നിലവില്‍ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. വിപ്ലവത്തിനു ശേഷം ജനിച്ച വ്യക്തിയാണെന്ന സവിശേഷത കൂടിയുണ്ട് മിഗ്വേല്‍ ഡയസ് കനാലിന്. ക്യൂബയില്‍ തുടരുന്ന സാമ്പത്തിക മരവിപ്പ്, യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പുതിയ പ്രസിഡന്റിനു പരിഹാരം കണ്ടെത്താനാകുമോയെന്നാണു രാജ്യം കാത്തിരിക്കുന്നത്. എന്നാല്‍, റൗള്‍ കാസ്‌ട്രോയുടെ അടുത്ത അനുയായിയായ മിഗ്വേല്‍ ഭരണതലത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തില്ലെന്നാണു പൊതുവെ വിലയിരുത്തപ്പെടുന്നത്.
കാസ്‌ട്രോ പ്രസിഡന്റ് പദവിയൊഴിഞ്ഞാലും ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധികാരത്തില്‍ തുടരും. രാജ്യത്തിന്റെ ഭരണവും കാസ്‌ട്രോയുടെ നിയന്ത്രണത്തില്‍ തന്നെയായിരിക്കും തുടരുക.വളരെ നിര്‍ണായകമായ ചരിത്രഘട്ടത്തില്‍ ക്യൂബന്‍ വിപ്ലവത്തിന്റെ തുടര്‍ച്ച ഉറപ്പാക്കാനായിരിക്കും തന്റെ പരിശ്രമമെന്ന് അധികാരമേറ്റ ശേഷം ജനപ്രതിനിധികളെ അഭിസംബോധന ചെയ്ത് മിഗ്വേല്‍ ഡയസ് കനാല്‍ പറഞ്ഞു. ചരിത്രം അതിന്റെ ഒഴുക്കു തുടരുമെന്നും ക്യൂബയുടെ വിദേശനയം മാറ്റമില്ലാതെ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതലാളിത്തത്തെ രാജ്യത്ത് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ക്ക് രാജ്യത്ത് നിലനില്‍പ്പില്ലെന്നും മിഗ്വേല്‍ പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങളും ഡൊണാള്‍ഡ് ട്രംപിനു കീഴിലുള്ള അമേരിക്കയോടും കരീബിയന്‍ ദ്വീപുകളോടുമുള്ള സമീപനവുമായിരിക്കും പുതിയ പ്രസിഡന്റിനു മുന്നില്‍ വെല്ലുവിളിയായി നിലനില്‍ക്കുക. പതിറ്റാണ്ടുകള്‍ക്കു ശേഷം ബരാക് ഒബാമയായിരുന്നു ക്യൂബയുമായി അനുരഞ്ജനത്തിന്റെ പാത തുറന്നത്. എന്നാല്‍, ട്രംപ് ഭരണത്തിലേറിയതോടെ വീണ്ടും പഴയ സ്ഥിതിലേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."