ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസും മനുഷ്യാവകാശപ്രവര്‍ത്തകനുമായിരുന്ന ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍(94) അന്തരിച്ചു. യു.പി.എ സര്‍ക്കാറിന്റെ ഭരണകാലത്ത് ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിയെ കുറിച്ച് പഠിക്കാനായി നിയോഗിച്ച സച്ചാര്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറേ ദിവസങ്ങളായി ചികില്‍സയിലായിരുന്നു.ശവസംസ്‌കാരം ലോധി റോഡിലെ വൈദ്യുത ശ്മശാനത്തില്‍ നടക്കും.
മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിച്ച് ഇന്ത്യന്‍ മുസ്‌ലിങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായുള്ള ശുപാര്‍ശകളും പരിഹാരനടപടികളും അദ്ദേഹത്തിന്റെ സച്ചാര്‍ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.
1952ല്‍ അഭിഭാഷകനായ രജീന്ദര്‍ സച്ചാര്‍ മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള യു.എന്‍ സബ് കമ്മിറ്റിയുടെ അംഗമായിരുന്നു. 1985ലാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടത്. പീപിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബേര്‍ട്ടീസിന്റെ കൗണ്‍സിലിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാന്‍ പെട്രോളിയവും സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ സച്ചാറും പ്രശാന്ത് ഭൂഷണും നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."