എന്തിന് വിയോജിക്കണം ?
ഞായര്‍പ്രഭാതത്തില്‍(ലക്കം 88, മെയ് 22)കുടുംബ സംഗമത്തെ എതിര്‍ത്തുകൊണ്ടുള്ള കുറിപ്പുകള്‍ വായിച്ചു. അത് എഴുതിയവരുടെ വാദങ്ങള്‍ ബാലിശമാണ്. ഇസ്‌ലാമില്‍ കുടുംബബന്ധം ചേര്‍ക്കുന്നതിന്റെ പുണ്യവും അത് വിച്ഛേദിക്കുന്നതിന്റെ പാപവും വിശദീകരിച്ചിട്ടുണ്ട്. ''ആയുസ് ദീര്‍ഘിക്കാനും ഐശ്വര്യം ഉണ്ടാകാനും ഉദ്ദേശിക്കുന്നവര്‍ കുടുംബ ബന്ധം ചേര്‍ക്കട്ടെ''-മുഹമ്മദ് നബി(സ). മറ്റൊരു ഹദീസില്‍ കാണാം''കുടുംബ ബന്ധം വിച്ഛേദിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല'' എന്ന്. വിയോജനക്കുറിപ്പില്‍ എഴുതിയതു പോലെ ഒരു സൂക്തം ഖുര്‍ആനില്‍ ഇല്ല. ഇങ്ങനെയാണുള്ളത്:''മനുഷ്യരേ നിശ്ചയം ഞാന്‍ നിങ്ങളെ ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. പരസ്പരം തിരിച്ചറിയാന്‍ വേണ്ടി നിങ്ങളെ ഞാന്‍ പല സമുദായങ്ങളും ഗോത്രങ്ങളും ആക്കിയിരിക്കുന്നു. അല്ലാഹുവിന്റെയടുത്ത് നിങ്ങളില്‍ ഏറ്റവും മാന്യതയുള്ളവന്‍ ഏറ്റവും സൂക്ഷ്മതയുള്ളവനാണ്. (സുറത്തുല്‍ ഹുജ്‌റാത്ത്-13) തിരിച്ചറിയുന്നിടത്താണ് കുടുംബ സംഗമം നടക്കുന്നത്. കുറിപ്പുകാര്‍ മനസിലാക്കിയതു പോലെ പൊങ്ങച്ചം കാണിക്കാനോ മറ്റു കുടുംബങ്ങളെ താഴ്ത്തി കാണിക്കാനോ അല്ല. കുടുംബ സംഗമം നടക്കുമ്പോഴാണ് കുടുംബങ്ങള്‍ ഒരുമിച്ച് കൂടുന്നതും പരസ്പരം അറിയുന്നതും. അറിയുമ്പോഴാണ് പരസ്പരം സഹായിക്കാന്‍ കഴിയുക. ഇത്തരം കുടുംബ സംഗമ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത്, അത് മാതൃകാപരമായ ഒരു പുണ്യമായതു കൊണ്ടാണ്. ഞായര്‍പ്രഭാതം ചെയ്തതും അതാണ്.
കൂടുതല്‍ അംഗബലവും സാമ്പത്തികവുമുള്ള കുടുംബങ്ങള്‍ സംഗമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് അരക്ഷിതബോധവും അപകര്‍ഷബോധവും ഉണ്ടാക്കും എന്ന വിയോജനക്കുറിപ്പുകാരുടെ കണ്ടെത്തല്‍ തെറ്റാണ്. തയ്യില്‍ കുടുംബസംഗമത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമായി അവര്‍ അറിയിച്ചിട്ടുണ്ട്. പരസ്പരം ബന്ധപ്പെടുക, അറിയുക, സഹായിക്കുക ഇത് മാത്രമാണ് ലക്ഷ്യം. ആരെങ്കിലും നല്ല കാര്യം ചെയ്യുമ്പോള്‍ അതിനെ ആക്ഷേപിക്കുകയല്ല, മാതൃകയാക്കുകയാണ് വേണ്ടത്. തയ്യില്‍ കുടുംബത്തിന്റെ പൂര്‍വകാല ഇസ്‌ലാമിക ബന്ധവും ത്യാഗവും വിവരിച്ചത് അഭിമാനിക്കാനും ഊറ്റം കൊള്ളാനുമല്ല, ഭാവി തലമുറയ്ക്കും ഇതരകുടുംബങ്ങള്‍ക്കും മാതൃകയാക്കാന്‍ വേണ്ടിയാണ്. അത് പ്രസിദ്ധീകരിച്ച ഞായര്‍പ്രഭാതത്തിന് ആശംസകള്‍ നേരുന്നു.
അബൂബക്കര്‍ ഫൈസി തയ്യില്‍, തൊഴുവാനൂര്‍,
മലപ്പുറം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."