ജില്ല ഉത്തരവാദിത്ത ടൂറിസത്തിലേക്ക്
കൊല്ലം: വിനോദ സഞ്ചാര സാധ്യതകള്‍ പൊതുജനപങ്കാളിത്തത്തോടെ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ജില്ലയില്‍ തുടക്കം കുറിക്കുന്നു.
ഇതിന് മുന്നോടിയായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യ ഹോട്ടലില്‍ നടത്തിയ സെമിനാര്‍ എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഉത്തരവാദിത്ത ടൂറിസം വിനോദസഞ്ചാര മേഖലയ്ക്ക് വിപുല സാധ്യതകളാണ് തുറക്കുന്നതെന്ന് മുകേഷ് പറഞ്ഞു. ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിക്കാകും. കൊല്ലം ജില്ലയ്ക്ക് ഇതുവഴി ഏറെ നേട്ടമുണ്ടാക്കാനാകും.
പെരിനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍ അധ്യക്ഷനായി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡി.ടി.പി.സി ഭരണസമിതിയംഗം എക്‌സ്. ഏണസ്റ്റ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാജ്കുമാര്‍, സെക്രട്ടറി സി. സന്തോഷ്‌കുമാര്‍ പങ്കെടുത്തു.
കരകൗശല വസ്തുക്കള്‍ നിര്‍മിച്ചു നല്‍കാനും താമസ സൗകര്യം ഒരുക്കാനുമുള്ള സാധ്യതയും പ്രദേശവാസികള്‍ പ്രയോജനപ്പെടുത്തണം.
തദ്ദേശീയ കാര്‍ഷിക ഉത്പന്നങ്ങള്‍ വഞ്ചിവീടുകളിലേക്കും ഹോട്ടലുകളിലേക്കും നല്‍കി വരുമാനം നേടാം. വിഷരഹിത ആഹാരത്തിന്റെ സാധ്യത കൂടിയാണ് ഇങ്ങനെ ഉറപ്പാക്കാനാകുക. മനുഷ്യവിഭവശേഷി പരമാവധി വിനിയോഗിച്ച് ഉത്തരവാദിത്ത ടൂറിസം പ്രായോഗികമായി നടപ്പിലാക്കാനാകുമെന്നും സെമിനാര്‍ വിലയിരുത്തി.
ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോഓര്‍ഡിനേറ്റര്‍മാരായ കെ. രൂപേഷ് കുമാര്‍, ബിജി സേവ്യര്‍, ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എം.കെ മിഥുന്‍ ക്ലാസുകള്‍ നയിച്ചു.
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കലാകരന്മാര്‍, ഫാംസ്റ്റേഹോംസ്റ്റേ സംരംഭകര്‍, ടൂര്‍ ഗൈഡുകള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."