കലൂരില്‍ കെട്ടിടം തകര്‍ന്ന സംഭവം: വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; അപകടകാരണം ആഴത്തില്‍ പൈലിങ് നടത്തിയത്
കൊച്ചി: കലൂരില്‍ മെട്രോ സ്റ്റേഷന് സമീപം നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നത് ആഴത്തിലുള്ള പൈലിങ് മൂലമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം നടത്തിയ വിദഗ്ധ സമിതി ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചു.
കെട്ടിടത്തിന്റെ അടിത്തറ നിര്‍മാണത്തിനായി പത്ത് മീറ്റര്‍ ആഴത്തില്‍ പൈലിങ് നടത്തിയതാണ് അപകടകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അമിതമായി മണ്ണ് എടുത്ത് മാറ്റിയത് മൂലം അടിത്തട്ടിലെ ജല സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് കെട്ടിടം നിലംപൊത്തിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇന്നലെ രാത്രിയാണ് വിദഗ്ധ സമിതി റിപോര്‍ട്ട് കലക്ടര്‍ക്ക് കൈമാറിയത്.
പൊതുമരാമത്ത് റോഡ്‌സ് വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ ടി കെ ബല്‍ദേവ്, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം ടി ഷാബു, കെട്ടിടവിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ റെജീന ബീവി, അബ്ദുള്‍ കലാം (കെഎംആര്‍എല്‍), ഡോ. ബാബു ജോസഫ്, സ്ട്രക്ചറല്‍ എഞ്ചിനീയറിങ് വിദഗ്ധന്‍ ഡോ. അനില്‍ ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് പ്രാഥമിക റിപോര്‍ട്ട് തയറാക്കിയത്. വ്യാഴാഴ്ച രാത്രിയാണ് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ പൈലുകള്‍ മണ്ണിടിഞ്ഞ് തകര്‍ന്ന് വീണത്. മുപ്പത് മീറ്റര്‍ പൈലിങ് ചെയ്ത് നാല് വശത്തും മതില്‍ പോലെ തൂണുകള്‍ നിര്‍മ്മിച്ച ശേഷം ഇതിന്റെ നടുവില്‍ നിന്ന് പത്ത് മീറ്റര്‍ ആഴത്തില്‍ മണ്ണ് എടുത്ത് താഴെ നില പണിയാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായത്. റോഡിനോട് ചേര്‍ന്നുള്ള മണ്ണിടിഞ്ഞ് ഒരു വശത്തെ 30 ഓളം പൈലുകള്‍ തകര്‍ന്ന് വീഴുകയായിരുന്നു.
കെട്ടിട നിര്‍മാണത്തിനായി പത്ത് മീറ്റര്‍ ആഴത്തില്‍ മണ്ണെടുത്ത മാറ്റിയ ഭാഗത്ത് അഞ്ച് മീറ്റര്‍ ഉയത്തില്‍ മണ്ണിട്ട് നികത്തണമെന്ന് വിദഗ്ധ സമിതി പറയുന്നു. നിര്‍മാണ ജോലികള്‍ ഇന്ന് മുതല്‍ ആരംഭിക്കും. നാല് ദിവസത്തിനുള്ളില്‍ അടിയന്തിര ജോലികള്‍ പൂര്‍ത്തിയാക്കി റോഡ് സുരക്ഷിതമെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് റിപോര്‍ട്ട് പരിശോധിച്ച ജില്ലാ കലക്ടര്‍ മുഹമ്മദ്ദ് വൈ സഫീറുള്ള അറിയിച്ചു.
സമീപത്തെ കെട്ടിടങ്ങളുടെ ബലക്ഷയം സംബന്ധിച്ചും വിദഗ്ധ സമിതി പരിശോധന നടത്തിയിരുന്നു. തകര്‍ന്നു വീണ നിര്‍മിതിയോട് ചേര്‍ന്നുള്ള ഒരു കെട്ടിടത്തിന് മാത്രമാണ് നേരിയ ബലക്ഷയമുള്ളത്. സമീപത്തെ മറ്റ് കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായും കലക്ടര്‍ അറിയിച്ചു.
കൂടുതല്‍ പരിശോധനകള്‍ക്കായി മറ്റൊരു വിദഗ്ധ സമിതിക്കും ഇന്ന് രൂപം നല്‍കും. നഗരസഭാ സൂപ്രണ്ടിങ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലും ആഴത്തിലെ മണ്ണെടുപ്പാണ് അപകടകാരണമെന്ന് സൂചിപ്പിക്കുന്നുണ്ട്. റോഡില്‍ വാഹനങ്ങള്‍ ഓടുമ്പോഴുള്ള സമ്മര്‍ദ്ദവും മെട്രോ റെയില്‍ പോകുമ്പോള്‍ ഉണ്ടാവുന്ന കുലുക്കവും പൈലുകള്‍ക്ക് സമ്മര്‍ദ്ദം ഏല്‍പ്പിച്ചിരിക്കാമെന്നും ഇതായിരിക്കാം തകര്‍ച്ചയ്ക്ക് കാരണമെന്നാണ് സൂപ്രണ്ടിങ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."