നോമ്പ് പെരുമ: പൊന്നാനിയുടെ ശീലങ്ങള്‍
കേരള മുസ്‌ലിംകളുടെ ചരിത്രത്തില്‍ വൈജ്ഞാനികവും സാമൂഹികവുമായ തലങ്ങളില്‍ പൊന്‍ഞൊറികള്‍ തീര്‍ത്ത പൊന്നാനിയിലെ നോമ്പുകാലത്തിനുമുണ്ട് മറ്റെങ്ങുമില്ലാത്ത പ്രത്യേകതകള്‍. നോമ്പുകാലത്ത് പൊന്നാനിക്ക് ഉറക്കമില്ല. റമദാന്‍ പൊന്നാനിക്കാര്‍ക്ക് ഒരു വികാരമാണ്. ഒരു സംസ്‌കാരത്തിന്റെ കയ്യൊപ്പ് പതിഞ്ഞ അനുഭവം.
- മുത്താഴവെടി
റമദാനില്‍ കുട്ടികളും ചെറുപ്പക്കാരും ചേര്‍ന്നാണ് മുത്താഴവെടി പൊട്ടിക്കുക. രാവെളുപ്പോളം മുത്താഴ വെടിയൊച്ചകള്‍ കേട്ട ഒരു തലമുറയുടെ അവസാനത്തെ കണ്ണികള്‍ ഇന്നും പൊന്നാനിയിലുണ്ട്.
പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരേ പടനയിച്ച കുഞ്ഞാലിമരക്കാരുടെ നാവിക ആസ്ഥാനങ്ങളിലൊന്നായ പൊന്നാനിയില്‍ കുട്ടികള്‍ വിനോദത്തിനായി ഉപയോഗിച്ചിരുന്നത് പീരങ്കിയുടെ പ്രാഗ്‌രൂപങ്ങളിലൊന്നായ മുത്താഴ വെടിയായതില്‍ അത്ഭുതപ്പെടാനില്ല. ഒരു മീറ്റര്‍ നീളത്തില്‍ തടികൂടിയ മുളയാണ് മുത്താഴ വെടിയുടെ പ്രധാനഭാഗം. മുളയുടെ അകത്തുള്ള കമ്പുകള്‍ ഒരുഭാഗം മുഴുവന്‍ തുളയ്ക്കും. വാല്‍ഭാഗത്തുള്ള കമ്പ് തുളയ്ക്കില്ല.
വാല്‍ഭാഗത്തുള്ള മുളയുടെ മുകളില്‍ ചെറിയൊരു ദ്വാരം നിര്‍മിക്കും. അഗ്രഭാഗത്ത് വെടിയുടെ കാഠിന്യത്താല്‍ മുളപൊട്ടിപ്പോകാതിരിക്കാന്‍ കയര്‍ കൊണ്ട് വരിഞ്ഞ് കെട്ടും. പിന്നെ 30 ഡിഗ്രി ചെരിച്ച് വയ്ക്കും. അതിനു ശേഷം ദ്വാരത്തിലൂടെ മണ്ണെണ്ണ ഒഴിക്കും. മണ്ണെണ്ണ നിറച്ച മുളയുടെ അറ്റത്ത് തീ കൊളുത്തി ചൂടാക്കും. അഞ്ചു മിനിറ്റിനു ശേഷം ദ്വാരത്തിലേക്ക് ഊതി വായു നിറയ്ക്കും. തുടര്‍ന്ന് തീ കൊളുത്തുമ്പോള്‍ തീപ്പൊരിയോടു കൂടി വെടി മുഴങ്ങും. പീരങ്കിയുടെ അറ്റത്ത് കല്ലോ ചിരട്ടയോ വച്ചാല്‍ വേഗത്തില്‍ വെടിയോടൊപ്പം ലക്ഷ്യസ്ഥാനത്തെത്തും.
ചുരുക്കം ചില വീടുകളില്‍ നിന്ന് ഇപ്പോഴും മുത്താഴവെടിയുടെ നിലയ്ക്കാത്ത വെടിയൊച്ച കേള്‍ക്കാം. മച്ചിന് മുകളില്‍ മാറാല പിടിച്ചു കിടന്നിരുന്ന മുളക്കുറ്റികള്‍ തുടച്ച് മിനുക്കി പുതിയ തലമുറ റമദാനെ വൈകാരികാനുഭവമാക്കി മാറ്റുന്നു. പാതിരമയങ്ങിയാലും അങ്ങിങ്ങായി കേള്‍ക്കുന്ന വെടിയൊച്ചകള്‍ അധിനിവേശവിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിച്ച പൊന്നാനിയുടെ മണ്ണിന് ചെറുത്തുനില്‍പ്പിന്റെ വീര്യം പകരുന്നതാണ്.
- കൂട്ടല്‍ ചൂടല്‍ കല്യാണം
റമദാനിലെ ഒരാചാരമാണ് കൂട്ടല്‍ ചൂടല്‍ കല്യാണം. പൊന്നാനിയിലെ സ്ത്രീകള്‍ക്കിടയിലുള്ള ഒരു ആചാരം. ഏതു പാതിരാത്രിയിലും ആണ്‍തുണയില്ലാതെ പെണ്ണുങ്ങള്‍ കൂട്ടമായി അങ്ങാടിത്തെരുവിലൂടെ നടക്കുന്നത് കാണാം പൊന്നാനിയില്‍. പാരീസിലെ ആധുനിക തെരുവിലുള്ളതിനേക്കാള്‍ സഞ്ചാര സുരക്ഷിതത്വമാണ് യാഥാസ്ഥിതികത്വത്തിന്റെ നാടെന്ന് പരിഹസിക്കപ്പെടുന്ന പൊന്നാനിയിലെന്നത് കൗതുകം തന്നെ. രാത്രി 10ന് ശേഷം പെണ്ണുങ്ങള്‍ ആണ്‍തുണയില്ലാതെ ബന്ധുവീടുകളിലേക്ക് നടന്നുപോകുന്ന കാഴ്ച വേറിട്ടതു തന്നെ.
ഉന്നത തറവാട്ടിലെ സ്ത്രീകള്‍ മുന്‍കയ്യെടുത്ത് നടത്തുന്നതാണ് കൂട്ടല്‍ ചൂടല്‍ കല്യാണം. സ്ത്രീകളും കുട്ടികളും പൗര്‍ണമിരാവില്‍ കടപ്പുറത്ത് മണല്‍പരപ്പില്‍ അടുപ്പുകളുയര്‍ത്തി കൂട്ടമായി ഭക്ഷണങ്ങളുണ്ടാക്കും. ഇതിനായി ഓരോരുത്തരും പാത്രങ്ങളും വിറകും മറ്റും കൊണ്ട് വരും. തേങ്ങാച്ചോറാണ് വിഭവം.
കുട്ടികള്‍ ഊഞ്ഞാലാടിയും തൊട്ട് കളിച്ചും കടലിന്റെ ഓളയോരത്ത് കുസൃതിയൊപ്പിക്കും. പാതിരാത്രിക്ക് ഒരാണിന്റെയും തുണയില്ലാതെ പെണ്ണുങ്ങള്‍ കടപ്പുറത്ത് കടല്‍ക്കാറ്റിനോട് കിന്നാരം പറഞ്ഞ് കളിച്ചുകൂട്ടും. അന്യം നിന്നുപോയ ഈ ആചാരം 20 വര്‍ഷം മുന്‍പാണ് അവസാനമായി നടന്നതെന്ന് പഴമക്കാര്‍ പറയുന്നു. പുത്തന്‍കുളത്തിന് സമീപമുള്ള മുഹമ്മദലി മൈതാനത്ത് പടിഞ്ഞാറകം തറവാട്ടുകാരാണ് കൂട്ടല്‍ ചൂടല്‍ കല്യാണം എന്ന ആചാരം അവസാനമായി നടത്തിയത്.
- പാതിരാകച്ചവടങ്ങള്‍
ഉറക്കമില്ലാത്ത രാവുകളാണ് പൊന്നാനിക്കാര്‍ക്ക് റമദാന്‍ കാലം. പാതിരാത്രിയും തുറന്നുവച്ച വ്യാപാരസ്ഥാപനങ്ങള്‍, മുറുക്കാന്‍ കട മുതല്‍ അരിക്കട വരെ. പൊന്നാനി അങ്ങാടിയില്‍ റമദാന്‍ കാലത്ത് പകല്‍ മൂന്നുവരെ കടകളെല്ലാം അടഞ്ഞു കിടക്കും. വൈകുന്നേരം തുറക്കുന്ന കടകള്‍ പാതിരവരെ കാത്തിരിക്കും. കരിവളയും പുത്തന്‍വസ്ത്രങ്ങളും ഒരുക്കിയ ജൗളിക്കടകള്‍...മുട്ടപ്പത്തിരി മുതലുള്ള പൊന്നാനിയുടെ വിശേഷാല്‍ അപ്പങ്ങളുമായി പൊന്നാനിയിലെ മിഠായിത്തെരുവായ ജെ.എം റോഡ് ഉറങ്ങാതെ സന്ദര്‍ശകരെ സന്തോഷിപ്പിക്കും.
രാത്രികാലങ്ങളില്‍ ആണുങ്ങള്‍ അങ്ങാടിയില്‍ വിവിധ കളികളിലേര്‍പ്പെടും. പണ്ടുകാലത്ത് തല്ലിപ്പ് (വട്ടത്തിലിരുന്ന് പിറകിലിരിക്കുന്നവന്റെ പിറകില്‍ മുണ്ട് കൊണ്ടിടും. ഇതോടെ എല്ലാവരും വന്ന് അയാളെ മുണ്ട് കൊണ്ട് അടിക്കുന്ന കളി), കിണ്ണം കത്തിക്കുക, എന്നിങ്ങനെയായിരുന്നു കളികള്‍.
വര്‍ണക്കടലാസില്‍ തീര്‍ത്ത വിവിധതരം പാനൂസ് വിളക്കുകളാല്‍ ദീപാലങ്കൃതമായ വീടുകള്‍ പൊന്നാനി അങ്ങാടിയില്‍ കാണാം. കൂറ്റന്‍ പാനൂസുകളും മരത്തിലും വീടിന്റെ കോലായിലും കെട്ടിത്തൂക്കി റമദാനെ വരവേറ്റ ചരിത്രം പഴമക്കാര്‍ ഇപ്പോഴും ആവേശത്തോടെയാണ് ഓര്‍ക്കുന്നത്.
അത്താഴത്തിന് മുട്ടിവിളിക്കാന്‍ പാനൂസുമായി അറബനമുട്ടി ബൈത്ത് ചൊല്ലി നടന്നിരുന്നൊരു പൊന്നാനിപ്പെരുമ ക്ലാവ് പിടിച്ച ഓര്‍മയായി. സെയ്ദാലി മിസ്‌കീന്‍ എന്നയാളാണ് അറബനമുട്ടി അത്താഴ വിളിക്കായി നടന്നിരുന്നതെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. ഇയാളോടൊപ്പം നാട്ടിലെ പ്രമാണിമാരുമുണ്ടാകും. നോമ്പ് തുറക്കാന്‍ പള്ളിയില്‍ നിന്ന് കതീനവെടിമുഴങ്ങിയിരുന്നു. ഈയടുത്താണ് അതും ഇല്ലാതായത്. നഗരസഭയുടെ നോമ്പ്തുറ സൈറനാണ് മറ്റൊന്ന്. സര്‍ക്കാര്‍ വക നോമ്പുതുറ സമയം അറിയിക്കാനൊരു മാര്‍ഗം.
- ഹുക്കയും ശര്‍ക്കരപ്പുകയിലയും
ആന ബീഡി, യു.കെ ബീഡി, ചാന്ദിലാല്‍ ബീഡി, ഇസ്മായില്‍ ബീഡി...ഒരു കാലത്ത് പൊന്നാനി അങ്ങാടിയില്‍നിന്ന് പുറത്തിറങ്ങിയിരുന്ന ബീഡികളായിരുന്നു ഇതെല്ലാം. ആന ബീഡിക്ക് സിലോണില്‍ പോലും ആവശ്യക്കാരുണ്ടായിരുന്നു. ശര്‍ക്കരപ്പുകയിലകളും ഇവര്‍ പുറത്തിറക്കിയിരുന്നു.
ശര്‍ക്കരപ്പുകയിലകള്‍ വലിച്ച് നേരം കളയുന്നത് റമദാനിലെ ഒരു വിനോദമാണ് പൊന്നാനിയില്‍. വലിയ തറവാടുകളിലെ പ്രായം ചെന്നവരുടെ വിനോദം. അറബികളില്‍ നിന്ന് പകര്‍ന്ന് കിട്ടിയ ഈ സ്വഭാവം ബഹുസ്വര സ്വഭാവത്തിന്റെ സൂചനയാണ്. ഹുക്കയില്‍ വച്ചാണ് ശര്‍ക്കരപ്പുകയില വലിക്കുക. ഇന്നും ചുരുക്കം ചില വീടുകളില്‍ ഒരു പുരാവസ്തുമാത്രമായി ഹുക്കകള്‍ കാണാം.
- നോമ്പുതുറപ്പെരുമ
എത്ര പറഞ്ഞാലും തീരാത്ത നോമ്പ് തുറവിശേഷങ്ങളും എത്ര വിളമ്പിയാലും അവസാനിക്കാത്ത നോമ്പുതുറ വിഭവങ്ങളുമാണ് പൊന്നാനിക്ക്.
''ചുടു ചുടു ചുട്ടപ്പവും മുട്ടപ്പവും പഞ്ചാരപ്പാറ്റ
മുട്ടപ്പത്തിരി മുട്ടയില്‍ പൊരിച്ചെടുത്തൊരു നെയ്യാപ്പോറ്റ
അമ്മായിമ്മപ്പോരൊന്നും പെണ്ണിനോട് കാട്ടണ്ട''
പൊന്നാനിയുടെ അപ്പപ്പെരുമയെ കുറിക്കുന്ന ഈ നാടന്‍പാട്ടില്‍ കാണാം നോമ്പുതുറ വിശേഷം. കുഞ്ഞന്‍ തുറ, വലിയതുറ, മാത്താഴം, അത്താഴം...അങ്ങനെയങ്ങനെ.
അറയൊരുക്കി പെണ്‍വീട്ടുകാര്‍ വിവിധ അപ്പങ്ങളുണ്ടാക്കി പുതിയാപ്പിളയെ സല്‍ക്കരിക്കും. സുപ്രയില്‍ എണ്ണിയാലൊടുങ്ങാത്ത അപ്പങ്ങള്‍ തന്നെയാവും കേമന്‍. ചിരട്ടമാല, മുട്ടമാല, ഉന്നക്കായ, കൂന്തളപ്പം, മുട്ട സുര്‍ക്ക, എരുന്തട, മയ്യിത്തപ്പം, ചുക്കപ്പം, കിടന്തപ്പം, മാല്‍പുരി, മണ്ട, ഇറച്ചിപ്പത്തിരി, കുഴിയപ്പം...അങ്ങനെ തിന്നാലും തീറ്റിച്ചാലും തീരാത്ത വിഭവങ്ങള്‍.
മരുമക്കത്തായ സമ്പ്രദായമുള്ള പൊന്നാനിയില്‍ പുതിയാപ്പിളയുടെ വീട്ടിലേക്ക് ഭാര്യവീട്ടുകാര്‍ അപ്പങ്ങളുണ്ടാക്കി കൊടുത്തയക്കുന്ന രീതി ഇന്നുമുണ്ട്. പകരം ഭാര്യവീടിന്റെ മുഴുവന്‍ ചെലവും പുതിയാപ്പിളയായിരിക്കും വഹിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."