മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കിട്ടുന്നില്ല: അസി.പ്രൊഫസറുടെ അലംഭാവം; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങുന്നു
ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ (പോസ്റ്റ്‌മോര്‍ട്ടം വിഭാഗം) പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കുന്നില്ലെന്ന് പരാതി. ഇതു മൂലം മരണപ്പെട്ടവരുടെ ബന്ധുക്കള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ലഭിക്കേണ്ട പല ആനുകുല്യങ്ങള്‍ക്കും അപേക്ഷ നല്‍കുവാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ള മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടമാണ് കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നടക്കുന്നത്. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കണമെങ്കില്‍, മരണം സംഭവിച്ച് ഒരു മാസത്തിനുള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സഹിതം അപേക്ഷ നല്‍കണം. പ്രധാനമന്ത്രി സുരക്ഷാ ഭീമയോജന പദ്ധതി പ്രകാരമുള്ള ആനുകുല്യം ലഭിക്കുന്നതിന് ഈ റിപ്പോര്‍ട്ട് ഉണ്ടങ്കിലേ അപേക്ഷ നല്‍കുവാന്‍ പോലും കഴിയൂ.
എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും കോട്ടയം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലെ ഒരു ഡോക്ടറുടെ മാത്രം റിപ്പോര്‍ട്ട് ലഭിക്കുന്നില്ല. ഇതേക്കുറിച്ച് ഈ വിഭാഗത്തിലെ മുതിര്‍ന്ന ഡോക്ടര്‍മാരോട് അന്വേഷിച്ചപ്പോഴാണ്, ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ കൃത്യവിലോപമാണ് നിരവധി സാധാരണക്കാരായ ആളുകള്‍ക്ക് ആനുകൂല്യം നഷ്ടപ്പെടുന്ന അവസരം ഉണ്ടാക്കുന്ന നടപടിക്ക് കാരണമെന്ന് വ്യക്തമാകുന്നത്. ഡോക്ടറുടെ ഈ നടപടിക്കെതിരെ കോളജ് പ്രിന്‍സിപ്പാളും, ഫോറന്‍സിക് മെഡിസിന്‍ മേധാവിയും നിലപാട് സ്വീകരിക്കുകയും പിന്നീട് കത്ത് നല്‍കുകയും ചെയ്തു. വകുപ്പ് മേധാവി കത്ത് നല്‍കിയിട്ടും അംഗീകരിക്കുവാന്‍ ഡോക്ടര്‍ തയാറായില്ല. തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ്, പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതില്‍ നിന്ന് ഈ ഡോക്ടറെ മാറ്റി നിര്‍ത്തി.
നാളിതുവരെയുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയ ശേഷം, ഇനി പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മതിയെന്ന് വകുപ്പ് മേധാവി താക്കീത് നല്‍കിയിരിക്കുകയാണത്രേ.ഇപ്പോള്‍ ഈ ഡോക്ടര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പരീക്ഷ ഡ്യൂട്ടിക്കായി പോയിരിക്കുകയാണ്. 2017 മുതല്‍ 2018 മാര്‍ച്ച് മാസം വരെ ഇദ്ദേഹം മാത്രം നടത്തിയ 66 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് ബന്ധുക്കള്‍ക്ക് നല്‍കുവാനുള്ളത്. ഇത്രയും പേരുടെ റിപ്പോര്‍ട്ട് എഴുതി നല്‍കിയ ശേഷം മാത്രമേ ഇനി പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കൂ എന്ന് മേധാവികര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നാണ് അറിയുന്നത്.
കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ദിവസേന ശരാശരി 10 മൃദദേഹങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. ചില സന്ദര്‍ഭങ്ങളില്‍ 15 പോസ്റ്റ്‌മോര്‍ട്ടം വരെ നടത്തി ചരിത്രം സൃഷ്ടിച്ചിട്ടുമുണ്ട്. ഏതെങ്കിലും തരത്തില്‍ വിവാദമുണ്ടായ മൃദദേഹങ്ങള്‍, ആര്‍.ഡി.ഓയുടേയോ, തഹസീല്‍ദാരോ, പൊലിസ് മേധാവിയുടേയോ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റിന് ശേഷം വകുപ്പ് മേധാവിയുടെ നേതൃത്വത്തിലുള്ള ടീം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതൊഴിച്ചാല്‍, അല്ലാതെയുള്ള മുഴുവന്‍ മൃദദേഹങ്ങളും ഓരോ ഡോകടര്‍മാര്‍ തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്.
പിന്നീട് ഇവര്‍ തന്നെയാണ് റിപ്പോര്‍ട്ട് എഴുതി നല്‍കേണ്ടതും. ഇത് ഒരു മാസത്തിനകം നല്‍കിയില്ലെങ്കില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ലഭിക്കേണ്ട വിവിധ ആനുകൂല്യം നഷ്ടമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."