വിശപ്പുരഹിത പദ്ധതി ജില്ലയില്‍ വിജയത്തിലേക്ക്
ആലപ്പുഴ: സാമ്പാര്‍, അവിയല്‍, തോരന്‍, അച്ചാര്‍. ഉച്ചഭക്ഷണത്തിന് ഇത്രയും ഭക്ഷണം തന്നെ ധാരാളം. പറഞ്ഞുവരുന്നത് ആലപ്പുഴ വിശപ്പുരഹിത പദ്ധതിയെക്കുറിച്ചാണ്.
ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍, കിടപ്പുരോഗികള്‍, മാനസിക പ്രശ്‌നമുള്ളവര്‍ തുടങ്ങിയവര്‍ക്ക് രണ്ട് നേരത്തെ ഭക്ഷണം വീട്ടില്‍ എത്തിച്ചുനല്‍കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം താമസിയാതെ നടക്കും.
എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തെ പൂര്‍ണമായും പട്ടിണി വിമുക്തമാക്കുകയെന്നതാണ് ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ ആലപ്പുഴയിലും തിരുവനന്തപുരത്തുമാണ് ആദ്യം പ്രവര്‍ത്തനം ആരംഭിച്ചത്. പദ്ധതി തുടങ്ങി ഒരു മാസം തികയുമ്പോള്‍ 140 പേരാണ് പട്ടിണിയില്‍ നിന്ന് കര കയറിയത്. പദ്ധതി വിജയകരമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ 20 കോടി രൂപയാണ് സംസ്ഥാനത്ത് അനുവദിച്ചിരിക്കുന്നത്.
ധനമന്ത്രി തോമസ് ഐസക്കിന്റ നേതൃത്വത്തില്‍ ജില്ലയിലെ ജീവകാരുണ്യ സംഘടനകള്‍ ചേര്‍ന്ന് മാരാരിക്കുളത്ത് നടപ്പാക്കിയ പദ്ധതിയാണ് ഇതിന് മാതൃകയായത്. മാരാരിക്കുളം,മുഹമ്മ,ആര്യാട്, മണ്ണഞ്ചേരി എന്നിവടങ്ങളിലായി 400 പേര്‍ക്ക് ട്രസ്റ്റ് അംഗങ്ങള്‍ ഭക്ഷണമൊരുക്കി നല്‍കുന്നു. ഇതിനായി ജനകീയ അടുക്കളയുമുണ്ട്.
വിശപ്പുരഹിത കേരളത്തിന്റെ ആലപ്പുഴയിലെ വിതരണവും ഇവിടെ നിന്നുതന്നെയാണ്. ആഴ്ചയിലൊരിക്കല്‍ മത്സ്യം, ഇറച്ചി, വെജിറ്റബിള്‍ ബിരിയാണി എന്നിവയും മെനുവില്‍ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."