ചരിത്രമുറങ്ങുന്ന അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം ഇനി ഓര്‍മ
അങ്ങാടിപ്പുറം: രാജ്യത്തെ ഏറ്റവും നീളം കുറഞ്ഞ റെയില്‍വേ പാതയായ ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയില്‍ ചരിത്രമുറങ്ങുന്ന അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെ പഴയ ടിക്കറ്റ് കൗണ്ടര്‍ കെട്ടിടം ഇനി ഓര്‍മ. നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ പാതയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി ആധുനിക സൗകര്യത്തോടെയുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മിച്ചതോടെയാണ് പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നത്. കേരളത്തിലെ ആദ്യത്തെ റെയില്‍ പാതകളിലൊന്നാണ് ഈ പാത. നിലമ്പൂരിലെ തേക്ക് പുറംലോകത്തേക്ക് കടത്തുക എന്ന ലക്ഷ്യത്തോടെ 1921ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് പാത നിര്‍മിച്ചത്. നിലമ്പൂര്‍ കാടുകളിലെ വനസമ്പത്ത് കടത്തുക എന്നതിനോടൊപ്പം മലബാര്‍ പ്രദേശങ്ങളില്‍ ഉയര്‍ന്നുവന്നിരുന്ന സമര വീര്യവും നേതാക്കളെയും അമര്‍ച്ച ചെയ്യുക എന്ന ഗൂഢലക്ഷ്യവും ബ്രിട്ടീഷ് വൈസ്രോയിമാര്‍ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രമാക്കി നടപ്പാക്കിയിരുന്നു.
രണ്ടണ്ടാംലോകമഹായുദ്ധകാലത്ത് ആയുധ നിര്‍മാണത്തിന് വന്‍തോതില്‍ ഇരുമ്പ് ആവശ്യമായി വന്നതോടെ 1941ല്‍ റെയില്‍ പാളങ്ങള്‍ ഉള്‍പ്പെടെ ബ്രിട്ടിഷുകാര്‍ അഴിച്ചുകൊണ്ടുപോയി കയറ്റിയയച്ചു. പിന്നീട് 1953ലാണ് നിലമ്പൂര്‍ പാത പുനസ്ഥാപിച്ചത്.
ഭാരതപ്പുഴ മുതല്‍ ചാലിയാര്‍ പുഴവരെ മാത്രമേ ഈ റെയില്‍വേ പോകുന്നുള്ളൂ എങ്കിലും ഇതുവഴിയുള്ള യാത്ര തീര്‍ത്തും അവിസ്മരണീയമാണ്. 20 രൂപയ്ക്ക് 66 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒന്നര മണിക്കൂര്‍ ട്രെയിന്‍ യാത്ര ഓരോ യാത്രക്കാരനും നിരവധി അനുഭവങ്ങളാണു ഇന്നും നല്‍കുന്നത്. 1921, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, അത്തം ചിത്തിര ചോതി, നാദിയ കൊല്ലപ്പെട്ട രാത്രി, മതിലുകള്‍, പടവുകള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍ എന്നീ സിനിമകള്‍ക്കെല്ലാം സാക്ഷിയായ ഇടം കൂടിയാണ് അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പരിസരം. പുതുയുഗങ്ങള്‍ പിറക്കുമ്പോഴും നവീകരണങ്ങളും വികസന പ്രവര്‍ത്തനങ്ങളും വരുമ്പോഴും അങ്ങാടിപ്പുറത്തെ ചരിത്ര സ്മാരകമായ ഈ കെട്ടിടം സംരക്ഷിക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞില്ല എന്നുള്ളത് പുതുതലമുറയുടെ നഷ്ടം കൂടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."