മലമ്പുഴയിലെ ഹര്‍ത്താല്‍ പൂര്‍ണം
മലമ്പുഴ: മലമ്പുഴ അകത്തേത്തറ ഗ്രാമപഞ്ചായത്തുകളില്‍ ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ആനക്കല്ലിനടുത്ത് ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട് പാട്ടക്കാലാവധി പ്രശ്‌നമുള്ള ഏലാക്കാ എസ്റ്റേറ്റില്‍ റബ്ബര്‍ മരങ്ങള്‍ മുറിച്ചു തുടങ്ങിയത് തടയാന്‍ ശ്രമിച്ച അഞ്ചു പേരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സംഘ്പരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും സര്‍വീസുകള്‍ നടത്തിയില്ല. ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. മലമ്പുഴ ഉദ്യാനവും, അക്വേറിയവും തുറക്കാത്തതിനാല്‍ വിനോദസഞ്ചാരികള്‍ പുറത്തുള്ള കാഴ്ച്ചകള്‍ കണ്ട് മടങ്ങി. കടകളും ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിച്ചില്ല. വ്യാഴാഴ്ച്ച ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും പൊലിസുകാരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. രാവിലെ മരം മുറിക്കാനെത്തിയവരോട് ചര്‍ച്ച തീരുന്നതുവരെ മുറിക്കരുതെന്ന് പൊലിസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും വകവെക്കാതെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതില്‍ പ്രതിഷേധിച്ച് സ്ഥലത്തേക്ക് എത്തിയ ക്ഷേത്രഭൂമി സംരക്ഷണപ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. വിഷയത്തില്‍ ക്ഷേത്രനവീകരണ കലശകമ്മിറ്റിയും ദേവസ്വവും നല്‍കിയ കേസ് ഹൈക്കോടതിയിലിരിക്കെ ഇനിയും മരം മുറിക്കുമെന്നാണ് എസ്‌റ്റേറ്റുകാര്‍ പറയുന്നത്. ആയതിനാല്‍ തുടര്‍ന്നും സംഘര്‍ഷം ഉണ്ടാവാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."