ബ്ലാങ്ങാട് ബീച്ചില്‍ വേലിയേറ്റം; കരയിലേക്ക് തിര ഇരച്ചുകയറി
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചില്‍ വേലിയേറ്റം. കരയിലേക്ക് തിര ഇരച്ചുകയറി. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് തിരമാല ഇരച്ചെത്തിയത്. കടല്‍ സന്ദര്‍ശിക്കാനെത്തിയവര്‍ കടലോരത്ത് നില്‍ക്കുമ്പോഴായിരുന്നു ശക്തമായ വേലിയേറ്റം രൂപപ്പെട്ടത്. അരമണിക്കൂറോളം നേരം നീണ്ട വേലിയേറ്റത്തില്‍ സന്ദര്‍ശകര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലം വരെ തിരയിരച്ചെത്തി.
ആഴക്കടലില്‍ പോകുന്ന മത്സ്യബന്ധന വഞ്ചികള്‍ കരയിലുണ്ടായിരുന്നുവെങ്കിലും ആ ഭാഗം വരെ വെള്ളമെത്തിയില്ല. മത്സ്യബന്ധനത്തിനു പോകാന്‍ തയ്യാറെടുത്ത് തീരക്കടലില്‍ തന്നെ നങ്കൂരമിട്ട വള്ളങ്ങളും കരയിലെത്തിച്ച് സുരക്ഷിതയിടങ്ങലിലേക്ക് മാറ്റിയിട്ടു.ബ്ലാങ്ങാട് ബീച്ചിനു വടക്ക് ദ്വാരക ബീച്ചിലെ കാറ്റാടി മരങ്ങള്‍ക്കിടയിലും വെള്ളം കയറി.
പതിവായി കടലാക്രമണമുണ്ടാകുന്ന കടപ്പുറം പഞ്ചായത്തില്‍ പൊതുവെ കടല്‍ ശാന്തമാണെങ്കിലും അഞ്ചങ്ങാടി വളവിനു വടക്കു ഭാഗത്ത് കടല്‍ ഭിത്തി തകര്‍ന്ന ഭാഗങ്ങളിലൂടെ കരയിലേക്ക് വെള്ളം അടിച്ചുകയറിയിരുന്നു. കടലില്‍ തിരമാല പതിവിലും ഉയരത്തില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ളതായി ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പു കഴിഞ്ഞ ദിവസമുണ്ടായിരുന്നു. ഇത് ഞാറാഴ്ച്ച വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."