മണലിപുഴ ശുചീകരണം: ആവാസവ്യവസ്ഥ നശിപ്പിക്കുന്നതായി ശാസ്ത്ര സാഹിത്യ പരിഷത്ത്
പുതുക്കാട് : മണലി പാലം മുതല്‍ ഓടന്‍ചിറ ഷട്ടര്‍ വരെയുള്ള ഭാഗത്താണു പുഴയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശുചിത്വമിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് അനുവദിച്ച അഞ്ചു ലക്ഷം രൂപ കൊണ്ടാണു നെന്‍മണിക്കര പഞ്ചായത്ത് പുഴയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഫ്‌ളോട്ടിംഗ് ഹിറ്റാച്ചി ഉപയോഗിച്ചു പുഴയുടെ ഇരുകരകളിലെയും കാടുമൂടിയ ഭാഗമാണു നീക്കം ചെയ്യുന്നത്. എന്നാല്‍ ശുചീകരണത്തിന്റെ പേരില്‍ പുഴയുടെ സ്വാഭാവിക കണ്ടലുകളും ഓരവും നശിപ്പിക്കുകയാണെന്നു ശാസ്ത്രസാഹിത്യ പരിഷത്ത് ആരോപിച്ചു. ശാസ്ത്രീയമായ പഠനം നടത്താതെ പുഴയോരം ഇടിച്ചു നശിപ്പിക്കുന്നതു മൂലം പുഴയുടെ ആവാസവ്യവസ്ഥ ഇല്ലാതാകുമെന്നാണു പരിഷത്തിന്റെ ആരോപണം.
പുഴയോരത്തെ മണ്‍തിട്ടകളും കണ്ടല്‍കാടുകളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു പുഴയിലേക്കാണു മറിച്ചിടുന്നത്. ഇതുമൂലം പുഴയോരം വ്യാപകമായി ഇടിയാന്‍ സാധ്യതയേറെയാണ്. പുഴയോരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക്ു മുന്‍പു നട്ടുപിടിപ്പിച്ച മുളകളും നശിപ്പിച്ച നിലയിലാണ്. ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണലിപുഴ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഹരിത കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മണലിപുഴയോരത്താണു സംഘടിപ്പിച്ചത്. പുഴ സംരക്ഷണത്തിന്റെ മറവില്‍ പുഴയിലെ മണ്ണു മാറ്റുന്നതിനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണു നാട്ടുകാരുടെ ആരോപണം.
പുഴയുടെ സമീപത്തുള്ള നെല്‍വയലുകള്‍ മണ്ണെടുത്ത കുഴികളായി മാറിയ സാഹചര്യത്തില്‍ പ്രദേശത്തുള്ളവരുടെ പ്രധാന ജലസ്രോതസാണു മണലിപുഴ. പുഴയിലേക്കു ഒഴുകിയെത്തുന്ന മലിനജലം തടയാന്‍ ശ്രമിക്കാതെ പുഴയുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."