ഹൃദ്‌രോഗത്തെ തോല്‍പ്പിക്കാന്‍ അക്ഷയിന്റെ വഴിവാണിഭം
പാലക്കാട്: സഹപാഠികള്‍ സ്‌കൂള്‍ വേനലവധിക്കാലം അടിച്ചുപൊളിക്കുമ്പോള്‍ സ്വന്തം സഹോദരിയുടെ ചികിത്സക്കും തുടര്‍പഠനത്തിനുള്ള ചിലവിനുമായി അച്ഛന്റെ കുലത്തൊഴിലായ കളിമണ്‍പാത്രങ്ങള്‍ റോഡരുകില്‍ വില്‍ക്കാന്‍ കാത്തിരിക്കുകയാണ് അക്ഷയ്. കൂട്ടിന് സഹോദരി നാലാം ക്ലാസുകാരി ആതിരയും.
പെരുവെമ്പില്‍ നിന്ന് മന്നത്തുകാവിലേക്ക് പോകുന്ന മരുതലപ്പറമ്പിലെ റോഡരുകിലാണ് ഇവരുടെ കൊച്ചു വില്‍പനശാല. എട്ടാം ക്ലാസില്‍ പഠിക്കുന്ന മറ്റൊരു സഹോദരി അത്യുല്യയും ഇവരെ സഹായിക്കാനെത്തും. അതുല്യ ലക്കിടിയിലെ അമ്മയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. പെരുവെമ്പ് സി.എ ഹൈസ്‌കൂളിലെ നാലും, ആറും ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ആതിരയും അക്ഷയ്‌യും.
റോഡരുകിലെ ഇവരുടെ വില്‍പ്പനകേന്ദ്രത്തില്‍ മണ്‍കൂജ, മണ്‍ചട്ടികള്‍, ചീനച്ചട്ടി, ജഗ്, അപ്പച്ചട്ടി, മണ്‍കലം തുടങ്ങിയവയൊക്കെ വില്‍പ്പനക്കുണ്ട്. മണ്ണില്‍ മെനഞ്ഞെടുത്ത എല്ലാ വീട്ടുപയോഗ സാധനങ്ങളും ഇവിടെയുണ്ടെങ്കിലും വലിയ പ്രചാരണങ്ങളില്ലാത്തതിനാല്‍ കാര്യമായ കച്ചവടമൊന്നും നടക്കുന്നില്ലെന്നാണ് ഈ കൊച്ചുകച്ചവടക്കാര്‍ പറയുന്നത്.
മരുതലപ്പറമ്പിലെ ടാര്‍പോളിന്‍ കൊണ്ട് നിര്‍മിച്ച ഒരു കൊച്ചു വീട്ടിലാണ് ഇവരുടെ ജീവിതം. ചോര്‍ന്നൊലിക്കുന്ന കൂരയില്‍ അച്ഛന്‍ രാജനും അമ്മ ഗീതയും മൂന്നുമക്കളും ജീവിക്കുന്നത്. കുംഭാര സമുദായക്കാരനായ രാജന്‍ സ്വന്തം തൊഴില്‍ നിന്നും കാര്യമായ വരുമാനം കിട്ടാതായതോടെ ഭാര്യ ഗീതയുമായി കൂലിപ്പണിക്ക് പോവുകയാണിപ്പോള്‍. മക്കളുടെ പഠനത്തിനു പുറമെ ആതിരയുടെ ഹൃദയ സംബന്ധമായ അസുഖത്തിന് തിരുവനന്തപുരം ശ്രീചിത്തിര തിരുന്നാള്‍ ആശുപത്രിയില്‍ ഓപ്പറേഷന്‍ ഉള്‍പ്പെടെ ചികിത്സക്കായി നല്ലൊരു തുകയും ചിലവഴിച്ചു. കൂലിപ്പണിയെടുത്തു കിട്ടിയ തുക മകളുടെ ചികിത്സക്കായി ചിലവിട്ടു. തുടര്‍ചികിത്സക്കും നല്ലൊരു തുക വേണ്ടിവരുമെന്ന് രാജന്‍ പറയുന്നു.
കൂലിപ്പണിക്ക് പോകുന്നതിനാലാണ് മക്കള്‍ക്കായി റോഡോരത്ത് കളിമണ്‍ പാത്രങ്ങള്‍ വില്‍ക്കാന്‍ വേണ്ടി സൗകര്യമൊരുക്കിയത്. കുട്ടികളുടെ പഠനചിലവിനെങ്കിലും ഉപയോഗിക്കാനുള്ള വരുമാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് കുട്ടികളെ ഇരുത്തി കച്ചവടം ആരംഭിച്ചത്. ജീവിത പ്രാരാബ്ധം മൂലം ക്ലേശിക്കുന്ന രാജന് സ്വന്തമായൊരു വീടു പോലുമില്ല.
രാവിലെ ഏഴ് മുതല്‍ ആരംഭിക്കുന്ന കച്ചവടം വൈകിട്ട് ആറു വരെ നീളും. റോഡിലൂടെ പോകുന്നവരാണ് ഇവിടത്തെ ഉപഭോക്താക്കള്‍. 450 വിലയുള്ള ഒരു മണ്‍കൂജ വിറ്റാല്‍ ലാഭമായി കിട്ടുന്നത് അമ്പതു രൂപ മാത്രമാണ്. കൂലിപ്പണിക്കു പോകുന്നതിനാല്‍ രാജനിപ്പോള്‍ പാത്രങ്ങള്‍ ഉണ്ടാക്കുന്നില്ല. തൃശൂര്‍ കേച്ചേരിയില്‍ നിന്നും കളിമണ്‍ പാത്രങ്ങള്‍ വാങ്ങി വന്നാണിപ്പോള്‍ വില്‍പ്പന നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."