പീഡനക്കേസിലെ പ്രതിക്ക് 32 വര്‍ഷം തടവ് ശിക്ഷ
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച കല്‍പ്പറ്റ ചുഴലി ഈരാകോട്ടുവയല്‍ ശ്രീനിലയം ഉണ്ണിക്കൃഷ്ണ (70)നെ 32 വര്‍ഷത്തെ കഠിനതടവിനും, 50,000 രൂപ പിഴയടക്കുന്നതിനും കോടതി ശിക്ഷ വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ഇതുകൂടാതെ കേരള വിക്ടിം കോമ്പന്‍സേഷന്‍ പദ്ധതിയില്‍ നിന്നും ഇരയായ പെണ്‍കുട്ടിക്ക് രണ്ടുലക്ഷം രൂപ പോക്‌സോ നിയമപ്രകാരം നഷ്ടം പരിഹാരം നല്‍കുന്നതിനും കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള സ്‌പെഷല്‍ കോടതി ജഡ്ജി അയൂബ്ഖാന്‍ പത്തനാപുരം ഉത്തരവിട്ടു.
2015-ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ ആരുമില്ലാത്ത സമയം കടയില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പിന്നീട് ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ്, എം.ജി സിന്ധു എന്നിവര്‍ ഹാജരായി.
പോക്‌സോ നിയമപ്രകാരം കഠിന തടവ്
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ ആരുമില്ലാത്ത സമയം പീഡിപ്പിച്ച കേസില്‍ മുത്തങ്ങ കോളൂര്‍ കാട്ടുനായ്ക്ക കോളനിയിലെ മാധവന്‍ (ചണ്ണന്‍ 39)നെ കല്‍പ്പറ്റ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയുന്ന സ്‌പെഷല്‍ കോടതി ജഡ്ജി അയൂബ്ഖാന്‍ പത്തനാപുരം മൂന്നുവര്‍ഷത്തെ കഠിന തടവിനും 20,000 രൂപ പിഴ നല്‍കുവാനും വിധിച്ചു.
കേരള വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരവും പോക്‌സോ നിയമം കേരള വിക്ടീം കോമ്പന്‍ഷന്‍ സ്‌കീം പ്രകാരവും ആകെ നാലുലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. 2016-ല്‍ പോക്‌സോ നിയമപ്രകാരം സുല്‍ത്താന്‍ബത്തേരി പൊലിസാണ് പ്രതിക്കെതിരെ കേസെടുത്തത്.
പോക്‌സോ നിയമപ്രകാരം മേപ്പാടി പൊലിസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ പ്രതി മേപ്പാടി കടച്ചിക്കുന്ന് പാറക്കല്‍ പ്രജീഷി(36)നെ ഏഴ് വര്‍ഷം കഠിന തടവിനും 70000 രൂപ പിഴയടക്കുവാനും സ്‌പെഷ്യല്‍ കോടതി ജഡ്ജി അയൂബ്ഖാന്‍ പത്തനാപുരം വിധിച്ചു. കേരള വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമില്‍ നിന്ന് ഒരു ലക്ഷം രൂപ നല്‍കാനും ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ്, എം.ജി സിന്ധു എന്നിവര്‍ ഹാജരായി.
ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചഅറുപതുകാരനെതിരേ കേസ്
വെള്ളമുണ്ട: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അറുപതുകാരനെതിരേ ബലാത്സംഗകുറ്റത്തിന് പൊലിസ് കേസെടുത്തു. വെള്ളമുണ്ട പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ അഞ്ചാംമൈല്‍ കെല്ലൂര്‍ കാട്ടില്‍ അന്ത്രു(60)നെതിരേയാണ് കേസെടുത്തത്.
യുവതിയുടെ മൊഴി പ്രകാരം ബലാത്സംഗം, വൈകല്യമുള്ള വ്യക്തിക്കെതിരേയുള്ള പീഡനം, വധഭീഷണി മുഴക്കല്‍, അതിക്രമിച്ചു കടക്കല്‍ എന്നിവക്കെതിരേയാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. പ്രതി പലതവണകളിലായി യുവതിയെ പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."