ആംബുലന്‍സ് ലഭിക്കാതെ രോഗി മരിച്ച സംഭവം; വിജിലന്‍സ് തെളിവെടുത്തു
മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ പരാതിക്കാരില്‍നിന്നു വിജിലന്‍സ് (ആരോഗ്യ വകുപ്പ്) മൊഴിയെടുത്തു. 2016-ല്‍ വാഴവറ്റ പണിയ കോളനിയിലെ അമ്മിണി (40) ആണ് മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് മരിച്ചത്.
2016 ഓഗസ്റ്റ് 27നാണ് സംഭവം. അന്ന് 12 മണിയോടെയാണ് അമ്മിണിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് പരിശോധന നടത്തിയ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടര്‍ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.
എന്നാല്‍ ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് ഇല്ലാത്തതിനാല്‍ സ്വകാര്യ ആംബുലന്‍സ് വിളിക്കാന്‍ സൂപ്രണ്ട് ഓഫിസില്‍ അറിയിച്ചെങ്കിലും സ്വകാര്യ ആംബുലന്‍സിന് പണം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അന്നത്തെ ആര്‍.എം.ഒയുടെ മറുപടിയെന്നും തുടര്‍ന്ന് രാത്രിയോടെ ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് എത്തിയപ്പോഴേക്കും രോഗിയുടെ നില ഗുരുതരമാവുകയും രാത്രിയോടെ മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് പരാതി.
ആദിവാസി വികസന പാര്‍ട്ടി നേതാവ് നട്ടംമാനി കുഞ്ഞിരാമനാണ് ഇത് സംബന്ധിച്ച് ജില്ലാ കലകര്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷാവകാശ കമ്മിഷന്‍ മൂന്ന് തവണയും എസ്.സി.എസ്.ടി കമ്മിഷന്‍ അഞ്ചുതവണയും സിറ്റിങ് നടത്തിയിരുന്നു.
ഇന്നലെ ജില്ലാ ആശുപത്രിയിലെത്തിയ ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം പരാതിക്കാരില്‍നിന്നും ട്രൈബല്‍ പ്രൊമോട്ടര്‍മാരില്‍ നിന്നും തെളിവെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."