ദേശീയപാത അലൈന്‍മെന്റ് തര്‍ക്കം: ചേലേമ്പ്രയില്‍ ഭരണ മുന്നണിയിലെ ഭിന്നത മുതലെടുക്കാന്‍ യു.ഡി.എഫ് ശ്രമം
ചേലേമ്പ്ര: ദേശീയ പാത സര്‍വേയുടെ അലൈന്‍മെന്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചേലേമ്പ്ര പഞ്ചായത്ത് ഭരണമുന്നണിയില്‍ രൂപപ്പെട്ട ഭിന്നത വര്‍ധിക്കുന്നു.
ജനകീയ മുന്നണി ചെയര്‍മാന്‍ ഷബീറലിയും മുന്നണിയിലെ അംഗമായ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് പാറയിലും ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ അറിയാതെ ദേശീയപാതാ അലൈന്‍മെന്റ് വിഷയത്തില്‍ ഭരണസമിതിയിലെ സി.പി.എം അംഗങ്ങള്‍ അട്ടിമറി നടത്തിയതാണ് ഷബീറലി ഉള്‍പ്പെടെയുള്ള മുന്നണി നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇത് ജനകീയ മുന്നണിയില്‍ ചേരിതിരിവിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് യു.ഡി.എഫ് നേതൃത്വത്തിലുണ്ടായ ഭിന്നത മൂലം പാര്‍ട്ടി വിട്ട് യു.ഡി.എഫിനെതിരേ റിബലായി മത്സരിച്ച് വിജയിച്ചവരും എല്‍.ഡി.എഫും സംയുക്തമായുള്ള ജനകീയ മുന്നണിയാണ് ചേലേമ്പ്ര പഞ്ചായത്ത് ഭരിക്കുന്നത്.
അതേസമയം ഭരണ മുന്നണിയില്‍ ഇപ്പോള്‍ രൂപപ്പെട്ട രൂക്ഷമായ ഭന്നത മുതലെടുക്കാനാണ് യു.ഡി.എഫ് ശ്രമം. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഭരിക്കുന്നതിന് സി.പി.എമ്മിന് പിന്തുണ നല്‍കുന്ന ജനകീയ വികസന മുന്നണിയുടെ ചെയര്‍മാനും വള്ളിക്കുന്ന് മണ്ഡലം മുസ്‌ലിം ലീഗിന്റെ മുന്‍ സെക്രട്ടറിയുമായ സി.പി ഷബീറലിയെ പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കാന്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ശ്രമിക്കുന്നുണ്ട്. പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയാല്‍ പാര്‍ട്ടിയുമായി സഹകരിക്കാന്‍ ഷബീറലിയും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മണ്ഡലം കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് ഷബീറലിയെ തിരികെ കൊണ്ടുവരുന്നതിന് തടസമാകുന്നതായാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് എം.എല്‍.എ ഉള്‍പ്പെടെ നടത്തിയ ചര്‍ച്ചയില്‍ പാര്‍ട്ടിയില്‍ നിഷ്‌ക്രിയനായിരിക്കാന്‍ കഴിയില്ലെന്നും പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കണമെന്നുമാണ് ഷബീറലി ആവശ്യപ്പെട്ടത്.
അനുയോജ്യമായ പദവി നല്‍കണമെന്നാണ് പഞ്ചായത്ത് കമ്മിറ്റിയും ആവശ്യപ്പെടുന്നത്. എന്നാല്‍ മുന്‍കൂട്ടി പദവികള്‍ വാഗ്ദാനം ചെയ്ത് ആരെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നാണ് മണ്ഡലം മുസ്‌ലിം ലീഗ് ജറല്‍ സെക്രട്ടറി ബക്കര്‍ ചെര്‍ണൂര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം മണ്ഡലം നേതൃത്വത്തിന്റെ നിലപാട്. ഇന്നലെ ആരംഭിച്ച പഞ്ചായത്ത് സമ്മേളനത്തിന് മുന്‍പായി തന്നെ ഷബീറലി ഉള്‍പ്പെടെ പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരാനായിരുന്നു പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് സമ്മേളനത്തിന്റെ തലേ ദിവസം മണ്ഡലം ഭാരവാഹികളും പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെ അനുനയത്തിനുള്ള ശ്രമം പൂര്‍ണമായും വഴി മുട്ടിയ നിലയിലാണ്. എന്നാല്‍ പഞ്ചായത്തില്‍ ഭരണ സ്തംഭനത്തിന് വഴിവെക്കുമെന്നതിനാല്‍ ഷബീറലിയെ ജനകീയ മുന്നണി വിട്ട് ലീഗിലേക്ക് തിരിച്ചു പോകാതിരിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ സി.പി.എമ്മിലും നടക്കുന്നതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."