അക്രമത്തിനെതിരേ സമാധാന ദൂതുമായി സര്‍വകക്ഷി നേതാക്കള്‍
പയ്യന്നൂര്‍: രാമന്തളിയില്‍ അക്രമം നടന്ന പ്രദേശത്ത് സമാധാന ദൂതുമായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പഞ്ചായത്ത് ഭാരവാഹികളും സംഘടനാഭാരവാഹികളുമെല്ലാം ഒത്തുചേര്‍ന്ന് ജാഥ നടത്തി.
ജില്ലാ കലക്ടറുടെ കീഴിലുള്ള 'ഗ്രാസ് റൂട്ട് ലവല്‍ ഗ്രീവന്‍സസ് കമ്മിറ്റി' (ജി.എല്‍.ജി.സി)യുടെ ആഹ്വാനമനുസരിച്ചാണ് പ്രദേശത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും ജനപ്രതിനിധികളെയും നാട്ടുകാരെയും ഒരുമിച്ചു ചേര്‍ത്ത് ജാഥ നടത്തിയത്. രാമന്തളിയില്‍ സാമൂഹ്യദ്രോഹികള്‍ വീടാക്രമിക്കുകയും സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തെ സര്‍വകക്ഷി നേതാക്കള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു.
സി. കൃഷ്ണന് എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദന്, വില്ലേജ് ഓഫിസര്‍ പി. സുധീര്‍ കുമാര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കപ്പെട്ട വീട് സന്ദര്‍ശിച്ചു ഗൃഹനാഥനെയും കുടുംബത്തെയും ആശ്വസിപ്പിച്ചു. ഇത്തരം പ്രവണതകള്‍ക്കെതിരേ എല്ലാ പാര്‍ട്ടികളും ഒന്നിക്കണമെന്നും മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും സി. കൃഷ്ണന് എം.എല്‍.എ ആവശ്യപ്പെട്ടു.
പൗരന്മാരുടെ ശാന്തമായ ജീവിതം തടസപ്പെടുത്തുന്നതിനും സ്വത്തുക്കള്‍ നശിപ്പിക്കുന്നതിന്നും സമാധാന കാംക്ഷികള്‍ ഒരിക്കലും കൂട്ടുനില്‍ക്കരുതെന്നും അത്തരക്കാരെ സമൂഹ മധ്യത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."