ബഹ്‌റൈനിലെ ജയിലില്‍ നിന്നും തടവുകാര്‍ രക്ഷപ്പെട്ട സംഭവം: രാജ്യമെങ്ങും പരിശോധന ശക്തമാക്കി
മനാമ: ബഹ്‌റൈനിലെ ജയിലില്‍ നിന്ന് തടവുകാര്‍ രക്ഷപ്പെട്ട സംഭവത്തെതുടര്‍ന്ന് രാജ്യത്ത് പൊലീസ് പരിശോധന കര്‍ശനമാക്കി. ഇതേ തുടര്‍ന്ന് വാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്നവര്‍ രേഖകള്‍ കൂടെ കരുതണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. കഴിഞ്ഞ ദിവസം ഹിദ്ദ് പ്രവിശ്യയിലെ ഡ്രൈ ഡോക്ക് ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്ന് വാര്‍ഡന്‍മാരെയും പൊലിസിനെയും ആക്രമിച്ചാണ് 17 പേരടങ്ങുന്ന തടവുകാര്‍ രക്ഷപ്പെട്ടത്. പ്രതികളെല്ലാവരും ജയിലിലെ 17ാം വാര്‍ഡിലായിരുന്നു താമസിച്ചിരുന്നത്. പൊലിസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം ജയിലിലെ ബസ് തട്ടിയെടുത്താണ് ഇവര്‍ രക്ഷപ്പെട്ടത്.
പ്രധാന ഗെയ്റ്റിലെ ഗാര്‍ഡുമാരെ ആക്രമിച്ച ശേഷം അവരുടെ യൂണിഫോമും തോക്കുകളും കൈക്കലാക്കി വെള്ള മിനി ബസിലാണ് പ്രതികള്‍ കടന്നതെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ നിരവധി പൊലീസുകാര്‍ക്കും ഗാര്‍ഡുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടന്ന ഉടന്‍ സുരക്ഷാ അധികൃതര്‍ സ്ഥലത്ത് എത്തിയെങ്കിലും ഇവര്‍ ബസ് മാര്‍ഗം രക്ഷപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മുഹറഖിലേക്കും പുറത്തേക്കുമുള്ള റോഡുകളില്‍ സുരക്ഷാ ചെക്കു പോയിന്റുകള്‍ സ്ഥാപിച്ച് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയത്.
രാജ്യത്തെ പ്രധാന ദ്വീപായ മുഹറഖിലാണ് ഹിദ്ദ് ഡിറ്റന്‍ഷന്‍ സെന്റര്‍. എന്നാല്‍ രാജ്യത്തെ അല്‍ ഖാദം, മഖാബ, ബനി ജംറ എന്നീ ഗ്രാമങ്ങളില്‍നിന്നുള്ളവരാണ് രക്ഷപ്പെട്ടവരില്‍ ഏറെയും.
ഈ ഗ്രാമങ്ങളിലെല്ലാം പൊലിസ് പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ പ്രതികളില്‍ 11 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു. പ്രതികള്‍ രക്ഷപ്പെട്ട ബസ് പിന്നീട് ബിലാദ് അല്‍ ഖദീമില്‍ കുവൈത്ത് ഷോറൂമിനടുത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ സമിതി രൂപീകരിക്കാന്‍ ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയും ഉത്തരവിട്ടിട്ടുണ്ട്. ഇതോടെയാണ് രാജ്യത്ത് പരിശോധന കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."