ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം: യു.എന്‍ അന്വേഷണം ആവശ്യപ്പെട്ട് ഫലസ്തീന്‍
ന്യൂയോര്‍ക്ക്: പ്രതിഷേധക്കാര്‍ക്കു നേരെ ഗസ്സ അതിര്‍ത്തിയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഫലസ്തീന്‍. യു.എന്‍ വസ്തുതാന്വേഷണ സമിതിയെ നിയമിക്കണമെന്നാണ് ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ സുരക്ഷാ കൗണ്‍സിലില്‍ ആവശ്യപ്പെട്ടത്.
വരുംദിവസങ്ങളില്‍ നടക്കുന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പരാതികളുടെ പട്ടിക സമര്‍പ്പിക്കാനും ഫലസ്തീന്‍ തീരുമാനിച്ചിട്ടുണ്ട്.
''ഇസ്‌റാഈല്‍ സേന ആത്മനിയന്ത്രണം പാലിക്കുന്നില്ല. അവര്‍ ആരെയും ചെവികൊള്ളാതെ കൂട്ടക്കൊല തുടരുകയാണ്'', റിയാദ് മന്‍സൂര്‍ പറഞ്ഞു.
ഫലസ്തീനിയന്‍ അഭയാര്‍ഥികള്‍ക്ക് മടങ്ങാനുള്ള അവകാശത്തിനായി നടക്കുന്ന പോരാട്ടത്തിന്റെ നാലാമത്തെ വെള്ളിയാഴ്ച ഇസ്‌റാഈല്‍ നടത്തിയ വെടിവയ്പ്പില്‍ 15 വയസ്സുകാരനടക്കം നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. 10,000 ത്തില്‍ അധികം പേര്‍ നടത്തിയ കൂറ്റന്‍ റാലിക്കു നേരെയാണ് വെടിവയ്പ്പുണ്ടായത്. നൂറിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി.
ഭൂമി ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 30നാണ് ഗസ്സ-ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍ 'ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍' ആരംഭിച്ചത്. അന്നു മുതല്‍ ഓരോ വെള്ളിയാഴ്ചയും അതിര്‍ത്തിയിലേക്കു മാര്‍ച്ച് നടത്തുന്നുണ്ട്. നക്ബ ദിനമായ മെയ് 15 വരെ ഇതു തുടരും. ഇതിനിടെ മാര്‍ച്ചിനു നേരെയുണ്ടായ വെടിവയ്പ്പില്‍ 39 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. നാലായിരത്തില്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."