അന്തരീക്ഷം അനുകൂലമല്ല: രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് രജനികാന്ത് പിന്‍മാറുന്നു
കോയമ്പത്തൂര്‍ : തമിഴ്‌നാട്ടില്‍ പുതുതായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം നടത്തിയ രജനികാന്ത് തന്റെ ഉദ്യമത്തില്‍ നിന്ന് പിന്‍മാറുന്നു. കര്‍ണാടകക്കാരനായ രജനികാന്തിന് തമിഴ്‌നാട്ടിലെ പ്രതികൂല സാഹചര്യങ്ങള്‍ രാഷ്ട്രീയത്തിന് അനുകൂലമല്ലെന്ന് ലഭിച്ച വിദഗ്ധ ഉപദേശമാണ് പാര്‍ട്ടി രൂപീകരണത്തില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്നാണ് വിവരം.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം പ്രഖ്യാപിച്ചപ്പോള്‍ തുടക്കത്തില്‍ വലിയ പിന്തുണയാണ് ആരാധകരില്‍ നിന്നും ജനങ്ങളില്‍ നിന്നും രജനിക്കുണ്ടായതെങ്കിലും പിന്നീട് ബി.ജെ.പി.യുമായുള്ള ബന്ധത്തെ ചൊല്ലി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അദ്ദേഹത്തിന്റെ ഇമേജ് ഇടിയുകയായിരുന്നു. രജനികാന്തിന്റെ പാര്‍ട്ടിയുടെ പിറവിക്ക് പിന്നില്‍ ബി.ജെ.പി.യാണെന്ന വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനും അദ്ദേഹത്തിനായില്ല. ഇതിനിടയില്‍ സംഘ്പരിവാര്‍ നേതാക്കളുമൊന്നിച്ചുള്ള രജനികാന്തിന്റ നിരവധി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ആത്മീയ രാഷ്ട്രീയമെന്ന രജനികാന്തിന്റെ പ്രഖ്യാപനം സംഘ്പരിവാര്‍ ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. ഇതോടെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചവരെല്ലാം പതുക്കെ ഉള്‍വലിയുകയായിരുന്നു.കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയതും കാവേരി പ്രശ്‌നംരൂക്ഷമായതുമെല്ലാം രജനിക്ക് തിരിച്ചടിയായി. ജല്ലിക്കെട്ട്, കാവേരി, കത്്‌വ സംഭവങ്ങളില്‍ രജനികാന്തിന്റെ ഭാഗത്തുനിന്നുണ്ടായ മൗനവും തമിഴ്ജനതയുടെ എതിര്‍പ്പിന് കാരണമായി.
രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിനുശേഷം രാഷ്ട്രീയ പാര്‍ട്ടികളുടെ സംഘടിതമായ ആക്രമണം തന്റെ സിനിമാ മേഖലയെ ബാധിക്കുമെന്നും രജനി ഭയപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ പിന്‍വാങ്ങല്‍ കമല്‍ഹാസന്റെ പാര്‍ട്ടിക്ക് ഏറെ സഹായകമാവുകയാണ്. കാവേരി പ്രശ്‌നത്തില്‍ രജനികാന്ത് കര്‍ണാടക പക്ഷക്കാരനാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ രജനികാന്തിനെ അസ്വസ്ഥനാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."