സിറിയ: അപൂര്‍വ യോഗവുമായി യു.എന്‍ രക്ഷാസമിതി
സ്റ്റോക്ക്ഹോം: സിറിയന്‍ ആഭ്യന്തര പ്രശ്നത്തിന് ശാശ്വത പരിഹാരം തേടി സ്വീഡനില്‍ യു.എന്‍ രക്ഷാസമിതിയുടെ അപൂര്‍വ യോഗം. തെക്കന്‍ സ്വീഡനിലെ വിദൂര ഗ്രാമത്തിലുള്ള ഫാം ഹൗസിലാണു സമിതിയിലെ 15 അംബാസഡര്‍മാരും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അടക്കമുള്ള യു.എന്‍ പ്രതിനിധികളും അനൗദ്യോഗികമായി ഒത്തുകൂടിയിരിക്കുന്നത്. സ്വീഡനാണു കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
സാധാരണ എല്ലാ വര്‍ഷവും ഇത്തരത്തില്‍ രക്ഷാസമിതി അംഗങ്ങളുടെ ആലോചനാ യോഗം നടത്തുന്നതു പതിവുണ്ട്. വടക്കന്‍ ന്യൂയോര്‍ക്കിലാണ് ഇതു പൊതുവെ നടക്കാറ്. എന്നാല്‍, ഇതാദ്യമായാണ് ന്യൂയോര്‍ക്കിന് പുറത്ത് ഒരു പരിപാടി സംഘടിപ്പിക്കുന്നത്. സിറിയന്‍ പ്രശ്നവും അതുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട അഭിപ്രായ ഭിന്നതയും പരിഹരിക്കുകയാണ് ഇത്തവണ കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണ് അറിയുന്നത്.
യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ ഡാഗ് ഹാമര്സ്കോജിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫാം ഹൗസിലാണു യോഗം നടക്കുന്നത്. 1961ല്‍ ആഫ്രിക്കയില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു ഹാമര്സ്കോജ്. ഇവിടെ നൊബേല്‍ പുരസ്കാര സമിതി വേനല്‍ക്കാല താമസകേന്ദ്രമായും ഉപയോഗിക്കാറുണ്ട്.
അമേരിക്കയും സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് സിറിയയ്ക്കു നേരെ നടത്തിയ ആക്രമണത്തിനു ശേഷം ക്ഷമയോടെയും താഴ്മയോടെയും പുതിയ സംവാദത്തിന്റെ സാധ്യതകള്‍ പുനസൃഷ്ടിക്കുകയാണു കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്വീഡന്റെ യു.എന്‍ ഡെപ്യൂട്ടി അംബാസഡര്‍ കാള്‍ സ്കാവു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."