സ്‌കൂളില്‍ ആര്‍.എസ്.എസ് ക്യാംപ്; പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും വലഞ്ഞു വിദ്യാഭ്യാസ വകുപ്പിന് പരാതി
കൂത്തുപറമ്പ്: തൊക്കിലങ്ങാടിയിലെ കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ആര്‍.എസ്.എസ് പരിശീലന ക്യാംപിനെത്തുടര്‍ന്ന് നവോദയ സ്‌കൂള്‍ ജില്ലാതല പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍ വലഞ്ഞു. സംഭവത്തില്‍ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് എ.ഇ.ഒ സ്‌കൂളിലെത്തി അന്വേഷണം നടത്തി.
സ്‌കൂളില്‍ രാവിലെ മുതല്‍ ഉച്ചവരെ നടക്കുന്ന പരീക്ഷയ്ക്കായി വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി നിരവധി പേര്‍ അതിരാവിലെ എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ ക്ലാസ് മുറിയിലും സ്‌കൂള്‍ കോംപൗണ്ടിനുള്ളിലും കുറുവടിയേന്തി കാക്കി ഡ്രസുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കണ്ട വിദ്യാര്‍ഥികളും രക്ഷിതാക്കളും അമ്പരന്നു. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടയുകയും ചോദ്യം ചെയ്തതായും ആരോപണമുണ്ട്.
ഇതോടെ രക്ഷിതാക്കളും വിദ്യാര്‍ഥികളും എ.ഇ.ഒയെ ഫോണില്‍ ബന്ധപ്പെട്ട് പരാതി പറയുകയായിരുന്നു. എ.ഇ.ഒ സി.ഉഷ സ്‌കൂളിലെത്തി പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പരീക്ഷ നടത്താന്‍ അനുമതി നല്‍കി.
ആര്‍.എസ്.എസ് ക്യാംപ് സ്‌കൂളില്‍ തന്നെ നടന്നു. സ്‌കൂള്‍ ആര്‍.എസ്.എസ് ആയുധ പരിശീലന ക്യാംപിന് വിട്ട് കൊടുത്ത സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിയില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.
രണ്ടായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ കഴിഞ്ഞ കുറച്ച് ദിവസമായി ആര്‍ക്കും പ്രവേശനമില്ലെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തമ്പടിച്ച ക്രിമിനലുകളുടെ ആയുധ പരിശീലനമാണ് ഇവിടെ നടക്കുന്നതെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.
അതേസമയം നടപടിക്രമം പാലിച്ചുകൊണ്ടാണ് സ്‌കൂള്‍ ആര്‍.എസ്.എസ് ക്യാംപ് നടത്താന്‍ അനുവദിച്ചതെന്നും പരീക്ഷയ്ക്ക് യാതൊരു തടസവും വരാതിരിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."