പ്രകൃതി സംരക്ഷണത്തോടൊപ്പമുള്ള വികസനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി തോമസ് ഐസക്
പുല്‍പ്പള്ളി: പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. ജലസംരക്ഷണത്തിനായി നദികളില്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിന് പകരമായി മഴവെള്ളം വീഴുന്നിടത്തുതന്നെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളാണ് നമുക്കാവശ്യം. മരം നടുന്നത് കാടിന് പകരമാവില്ല. ജൈവ വൈവിധ്യത്തിന്റെ സങ്കലനമാണ് വനങ്ങള്‍. വികസനത്തിന്റെ പേര് പറഞ്ഞ് ഒരിഞ്ചു വനംപോലും നാം ഇനി നശിപ്പിക്കരുത്.
നൂറ്റാണ്ടുകള്‍ക്കൊണ്ടാണ് ഒരു വനം വളര്‍ന്നുവരുന്നത്. ഒരു ദിവസംകൊണ്ടൊ, ഒരാഴ്ച്ചകൊണ്ടൊ നമുക്കത് നശിപ്പിക്കുവാന്‍ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളാതിര്‍ത്തിയായ കൊളവള്ളിയില്‍ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കബനീ തീരങ്ങളില്‍ മരം നട്ടുപിടിപ്പിക്കുന്ന ഓര്‍മ്മമരം പദ്ധതിയുടെ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് പ്രകൃതി സംരക്ഷണം ഏതാനും പരിസ്ഥിതി പ്രവര്‍ത്തകരുടെ മാത്രം പരിപാടിയായാണ് സമൂഹം കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ആ കാഴ്ച്ചപ്പാടിന് മാറ്റമുണ്ടായെന്നത് ശുഭസൂചനയാണ്. പരിസ്ഥിതിയെ നാം സ്‌നേഹിക്കുന്നില്ല, പണ്ട് നഗരങ്ങള്‍ ശുചിയാക്കിയിരുന്ന അങ്ങാടി കുരുവികള്‍ ഇന്ന് കാണേനേയില്ല, മനുഷ്യന്റെ അമിതമായ ആഗ്രഹങ്ങള്‍മൂലം നടത്തിയ കീടനാശിനി പ്രയോഗങ്ങളാണ് അവയെ വംശനാശത്തിന്റെ വക്കിലെത്തിച്ചത്.
ഇങ്ങനെ പലതും നമ്മുടെ ഭൂമിയില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒരു ലേഖനം എഴുതിയത് മരങ്ങള്‍ പ്രകൃതിസംരക്ഷണത്തിന് നല്‍കുന്ന പ്രാധാന്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഇപ്പോല്‍ നമ്മള്‍ നടത്തുന്ന പ്രകൃതി സംരക്ഷണ നടപടികള്‍ സര്‍വനാശത്തിലേക്കുള്ള നമ്മുടെ ഓട്ടത്തിനൊരു തടയാണ്.
വയനാട്ടില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ച ഓര്‍മ്മമരം പദ്ധതി ഈ രംഗത്തുളള ശുഭസൂചനയാണ്. നമ്മുടെ ഭൗമമണ്ഡലം സംരക്ഷിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടി തുടരണം. ഇതിനാവശ്യമായ എത്ര പണവും നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണ്. ഇതിനായി വയനാട് ആകെ ഉള്‍ക്കൊള്ളുന്ന വാട്ടര്‍ഷെഡ് പദ്ധതി തയാറാക്കി നടപ്പാക്കണം. മന്ത്രിയായശേഷം തന്റെ ആദ്യത്തെ പൊതുപരിപാടിയാണിതെന്നും നല്ല നാളേയക്ക് വേണ്ടിയുള്ള ഇത്തരമൊരു സംരംഭത്തിന് തുടക്കംകുറിക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."