ഇടതുസര്‍ക്കാര്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി
കോഴിക്കോട്: മുസ്ലിം വേട്ട നടത്തി ഇടതുസര്‍ക്കാര്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സാമൂഹിക മാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടന്നുവെന്ന പേരില്‍ സംസ്ഥാനത്താകെ പൊലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. കശ്മിരില്‍ കൊല്ലപ്പെട്ട ബാലികയുടെ പടം ഉപയോഗിച്ചുവെന്നും പ്രദര്‍ശിപ്പിച്ചുവെന്നും പറഞ്ഞ് പോക്സോ ചുമത്തി കേസെടുക്കുന്ന കേരള പൊലിസ് സംഘ്പരിവാറിന്റെ പിണിയാളുകളാവുകയാണ്.
കുമ്മനം രാജശേഖരന്റെ നിലപാടാണ് പൊലിസ് എടുത്തുകൊണ്ടിരിക്കുന്നത്. താനൂരില്‍ ഒരു വിഭാഗത്തിന്റെ കടകള്‍ മാത്രമാണ് ആക്രമിക്കപ്പെട്ടതെന്ന രീതിയില്‍ മന്ത്രി കെ.ടി ജലീല്‍ നടത്തിയ പ്രസ്താവന വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് വോട്ടാക്കിമാറ്റാനുള്ള സി.പി.എം തന്ത്രത്തിന്റെ ഭാഗമാണെന്നും ഹമീദ് പറഞ്ഞു. മറ്റ് ചില സി.പി.എം നേതാക്കളും ഇയിടെയായി ഇത്തരം വര്‍ഗീയ പ്രസ്താവനകള്‍ ഇറക്കുന്നുണ്ട്.
ഗുജറാത്തിലും യു.പിയിലും രാജസ്ഥാനിലുമുള്‍പ്പെടെ സംസ്ഥാനങ്ങളില്‍ ബി.ജെ.പി സര്‍ക്കാരുകള്‍ ചെയ്യുന്ന വംശീയവെറി ഇടതുസര്‍ക്കാര്‍ ഇവിടെയും നടപ്പിലാക്കുന്നത് തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി സംഘടന മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."