വരാപ്പുഴ ആത്മഹത്യ: പ്രേരണാക്കുറ്റം തെളിയിക്കാനായില്ലെന്ന് പൊലിസ്
കൊച്ചി: വരാപ്പുഴ ദേവസ്വം പാടത്ത് വീടുകയറി ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന് വാസുദേവന്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ആറുപേര്‍ക്ക് സംഭവത്തില്‍ നേരിട്ട് പങ്കില്ലെന്ന് പൊലിസ് കോടതിയില്‍. ഇതിനാല്‍ ഇവര്‍ക്കുമേല്‍ ചുമത്തിയ ആത്മഹത്യാപ്രേരണക്കുറ്റം ഒഴിവാക്കുകയാണെന്നും പൊലിസ് കോടതിയെ അറിയിച്ചു.
തെളിവില്ലാത്തതിനാല്‍ ആത്മഹത്യാപ്രേരണയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയതായും പറവൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യാപ്രേരണാക്കുറ്റം പിന്‍വലിച്ചതോടെ ഇവര്‍ക്ക് ജാമ്യം ലഭിച്ചു. എന്നാല്‍ വീടുകയറി ആക്രമിച്ച കേസ് നിലനില്ക്കും.
പിടികൂടിയവരുടെ മേല്‍ ചുമത്തിയിരുന്ന കുറ്റം തെളിയിക്കാന്‍ കഴിയാതിരുന്നതോടെ യഥാര്‍ഥപ്രതികളെയല്ല പൊലിസ് പിടികൂടിയതെന്ന വാദം ശക്തിപ്പെട്ടു. കേസില്‍ ആകെ ഒമ്പത് പ്രതികളെയാണ് സംഭവ ദിവസമായ ഇക്കഴിഞ്ഞ ആറിന് പൊലിസ് വീടുകളില്‍ കയറി അറസ്റ്റ് ചെയ്തത്. ഇതില്‍ ആറുപേരുടെ മേല്‍ ചുമത്തിയിരുന്ന കുറ്റമാണ് പൊലിസിന് തെളിയിക്കാന്‍ കഴിയാതിരുന്നത്.
കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ ആളുമാറിയാണ് അറസ്റ്റുചെയ്തതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. പ്രത്യേക അന്വേഷണസംഘവും പിന്നീട് ഇത് സ്ഥിരീകരിച്ചിരുന്നു. വാസുദേവന്റെ വീട് ഒരു സംഘം ആക്രമിച്ചതിനെ തുടര്‍ന്ന് മനംനൊന്ത് വാസുദേവന്‍ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് വാസുദേവന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലിസ് ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റുചെയ്തതും പിന്നീട് ശ്രീജിത്ത് പൊലിസ് മര്‍ദനത്തില്‍ മരിക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."