കോളര്‍ ഐ.ഡി ഘടിപ്പിച്ച കൊമ്പന്‍ വീണ്ടും കാടിറങ്ങി
സുല്‍ത്താന്‍ ബത്തേരി: ഒരിടവേളക്ക് ശേഷം കല്ലൂരില്‍ വീണ്ടും കാട്ടാനശല്ല്യം. കല്ലൂര്‍ 67ലെ നാട്ടുകാര്‍ക്ക് നിരന്തര ശല്ല്യമായതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കോളര്‍ ഐ.ഡി ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ട കൊമ്പനാണ് വീണ്ടും കാടിറങ്ങിയെത്തിയിരിക്കുന്നത്. സ്ഥിരമായി കൃഷി നശിപ്പിക്കുകയും ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതി പരത്തുകയുമാണ് ഇവന്റെ ഇഷ്ടം. ഇന്നലെ ഉച്ചയോടെ നായ്ക്കട്ടി മൂലവയല്‍ സീതിയുടെ വീട്ടുമുറ്റത്താണ് കൊമ്പന്‍ ആദ്യമെത്തിയത്.
വീട്ടുമുറ്റത്തെ പ്ലാവില്‍ നിന്നും ചക്ക പറിക്കാനുള്ള ശ്രമവും കൊമ്പന്‍ നടത്തി. ആന കാടിറങ്ങിയത് അറിഞ്ഞെത്തിയ പരിസരവാസികള്‍ ശബ്ദമുണ്ടാക്കിയതോടെ വനത്തിലേക്ക് കയറിയ കൊമ്പന്‍ അവിടത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലത്താണ് കൊമ്പന്റെ നില്‍പ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചുവെങ്കിലും മഴയായതിനാല്‍ വരാന്‍ ബുദ്ധിമുട്ടാണെന്നാണ് മറുപടി ലഭിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് ആനക്ക് കോളര്‍ ഐ.ഡി ഘടിപ്പിച്ചത്. എന്നാല്‍ ഒരിടവേളക്ക് ശേഷം ആന വീണ്ടും നാട്ടിലിറങ്ങിയത് നാട്ടുകാരില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."