വരാപ്പുഴ കസ്റ്റഡി മരണം: എസ്.ഐ ദീപക്കിനെ റിമാന്‍ഡ് ചെയ്തു
പറവൂര്‍: വരാപ്പുഴ പൊലിസ് സ്റ്റേഷനില്‍ ശ്രീജിത്ത് എന്ന യുവാവിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചുകൊന്ന കേസില്‍ വരാപ്പുഴ എസ്.ഐ ആയിരുന്ന തിരുവനന്തപുരം കൊല്ലകോണം സരസ്വതിയില്‍ ജി.എസ് ദീപക് (34) നെ പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് നമ്പര്‍ മൂന്ന് പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വരാപ്പുഴ ദേവസ്വം പാടംകുളമ്പ് കണ്ടം വാസുദേവന്റെ വീടാക്രമിച്ച സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് സംശയിച്ചാണ് ആലുവ റൂറല്‍ എസ്.പിയുടെ ടൈഗര്‍ ഫോഴ്‌സ് ശ്രീജിത്തിനെ ഏപ്രില്‍ ആറിന് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത മൂന്നു പൊലിസുകാരും ശ്രീജിത്തിനെ മര്‍ദിച്ചവശനാക്കി ലോക്കപ്പില്‍ അടച്ചിരുന്ന സമയത്താണ് അവധിയിലായിരുന്ന എസ്.ഐ ദീപക് സംഭവമറിഞ്ഞ് രാത്രിയോടെ സ്റ്റേഷനില്‍ എത്തിയത്. വന്നപാടെ അവശനായി കിടന്നിരുന്ന ശ്രീജിത്തിനെ ദീപക് ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തതായി പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
കൊലപാതക കുറ്റമാണ് ദീപക്കില്‍ ചുമത്തിയിരിക്കുന്നത്. കേസിലെ നാലാംപ്രതിയാണ് ദീപക്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ടൈഗര്‍ഫോഴ്‌സ് അംഗങ്ങളായ സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എം.എസ് എന്നിവരാണ് ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍. ഇവരെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."