ചികിത്സ ലഭിക്കാതെ ആദിവാസി സ്ത്രീ മരിച്ച സംഭവം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്
കല്‍പ്പറ്റ: ഡോക്ടര്‍മാരുടെ സമരം കാരണം ചികിത്സ കിട്ടാതെ ആദിവാസി സ്ത്രീ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, ഡി.ജി.പി എന്നിവര്‍ക്കാണ് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദേശം നല്‍കിയത്. ഈമാസം 16ന് മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് സംഭവം. എടവക രണ്ടേനാലിലെ താന്നിയാട് വെണ്ണമറ്റം കോളനിയിലെ വേരന്റെ ഭാര്യ ചാപ്പ (61)ആണ് മരിച്ചത്. പനി മൂര്‍ച്ഛിച്ച് ചികിത്സ തേടിയെത്തിയ ഇവരെ മരുന്ന് നല്‍കി വീട്ടിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ഉടന്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ സമരം കാരണം പൊതുജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പാവപ്പെട്ടവരെയാണ് ഇത്തരം സമരങ്ങള്‍ ദോഷകരമായി ബാധിക്കുന്നതെന്നും കമ്മീഷന്‍ ചൂണ്ടികാണിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ രാജു നല്‍കിയ പരാതിയിലാണ് കമ്മിഷന്റെ നടപടി.
സ്‌റ്റേഷനിലെത്തിയ പരാതിക്കാരിയോട് മോശമായി പെരുമാറിയതായി പരാതി
മാനന്തവാടി: സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ഏത്തിയ മാനന്തവാടി സ്വദേശിനിയായ സോണിയ ശ്രീകാന്തിനോട് മാനന്തവാടി ഡിവൈ. എസ്. പി അപമാനിച്ചതായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മക്കളുടെ ടി.സി വാങ്ങാന്‍ ചെന്ന തന്നെ മാനന്തവാടിയിലെ സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ അപമാനിച്ചതായും ഇത് സംബന്ധിച്ച് പരാതി നല്‍കാന്‍ എത്തിയപ്പോള്‍ മാനന്തവാടി ഡിവൈ. എസ്. പി തന്നെ അപമാനിച്ചെന്നും സോണിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും മഹിളാ അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വി.കെ സുലോചന, നിര്‍മല വിജയന്‍, വി.ജി ഗിരിജ, സോണി ശീകാന്ത് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."