പൈതൃകങ്ങളുടെ ഗ്രന്ഥപ്പുര
പ്രമുഖ വിദ്യാഭ്യാസ ചിന്തകന്‍ സര്‍ സയ്യിദ് അഹ്മദ് ഖാന്‍ 1875ല്‍ ഉത്തര്‍പ്രദേശിലെ അലിഗഢ് പട്ടണത്തില്‍ സ്ഥാപിച്ച ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലയാണ് അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി. കേംബ്രിജ് സര്‍വകലാശാലയുടെ മാതൃകയില്‍ പ്രവൃത്തിക്കുന്ന യൂനിവേഴ്‌സിറ്റിയുടെ അവിഭാജ്യ ഘടകമാണ് മൗലാനാ ആസാദ് ലൈബ്രറി. രാഷ്ട്രതന്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനും ഗ്രന്ഥകര്‍ത്താവുമായിരുന്ന മൗലാനാ ആസാദിന്റെ നാമധേയത്തില്‍ 1877ല്‍ സ്ഥാപിതമായ ലൈബ്രറി വലിപ്പത്തില്‍ ഏഷ്യയിലെ തന്നെ രണ്ടാമത്തേതാണ്. 18 ലക്ഷത്തോളം പുസ്തകങ്ങളും 55,000ത്തില്‍പരം കാലിക പ്രസിദ്ധീകരണങ്ങളുമടങ്ങുന്ന ബൃഹത്തായ ഗ്രന്ഥാലയം വിജ്ഞാനകുതുകികള്‍ക്കു മുന്നില്‍ വായനയുടെ വലിയ ലോകം തന്നെയാണു തുറന്നുവയ്ക്കുന്നത്.
പല ഭാഗങ്ങളായി തിരിച്ച ലൈബ്രറിയില്‍ ഏറ്റവും ശ്രദ്ധേയമായത് അപൂര്‍വ കൈയെഴുത്ത് പ്രതികളും മുഗള്‍ ചക്രവര്‍ത്തിമാരുടെയും മൗലാനാ ആസാദിന്റെയും ശേഷിപ്പുകളുമടങ്ങിയ മ്യൂസിയം തന്നെയാണ്. 2017 ഫെബ്രുവരി 12ന് അമേരിക്കന്‍ വ്യവസായി ഡോ. ഫ്രാങ്ക് എഫ്. ഇസ്‌ലാമാണ് മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കലാസൃഷ്ടികളുടെ അമൂല്യ കലവറ തന്നെയായ മ്യൂസിയത്തില്‍ 150ലധികം അപൂര്‍വങ്ങളായ കൈയെഴുത്തുപ്രതികളും കലാസാമഗ്രികളും പെയിന്റിങ്ങുകളുമുണ്ട്. മുഗള്‍ ഭരണകാലത്തെ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ വരച്ചുകാട്ടുന്ന ചരിത്രശേഷിപ്പുകള്‍ ഈ മ്യൂസിയത്തില്‍ അനര്‍ഘവസ്തുക്കളായി സൂക്ഷിച്ചുവച്ചിരിക്കുന്നു.
സ്വീഡിഷ് ശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ് നൊബേലിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ നൊബേല്‍ പുസ്‌കാരം നേരിട്ടു കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മ്യൂസിയം അവസരം ഒരുക്കുന്നുണ്ട്. ഊര്‍ജതന്ത്രത്തില്‍ നൊബേല്‍ നേടിയ ആദ്യ മുസ്‌ലിം പാകിസ്താനിലെ മുഹമ്മദ് അബ്ദുസലാമിന്റെ പുരസ്‌കാരം ഇവിടെയാണു സൂക്ഷിച്ചിരിക്കുന്നത്. 1979ല്‍ ലഭിച്ച പുരസ്‌കാരം അദ്ദേഹം മ്യൂസിയം അധികാരികള്‍ക്കു കൈമാറുകയായിരുന്നു.
മുഗള്‍ ചിത്രണങ്ങളും
ആസാദിന്റെ ശേഷിപ്പുകളും
മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മുഗള്‍ ഭരണകാലത്തെ അനാവരണം ചെയ്യുന്ന അത്യാകര്‍ഷകമായ മിനിയേച്ചര്‍ പെയിന്റിങ്ങുകളില്‍ സന്ദര്‍ശകര്‍ മിഴിയെടുക്കാതെ നോക്കിനിന്നുപോകും. അക്കാലത്ത് ഭരണകര്‍ത്താക്കള്‍ നടപ്പാക്കിയിരുന്ന ശിക്ഷാരീതികളുടെയും ജഹാംഗീര്‍, അക്ബര്‍ തുടങ്ങിയ ഭരണകര്‍ത്താക്കളുടെയും ചിത്രങ്ങള്‍ മിനിയേച്ചര്‍ പെയിന്റിങ്ങുകളില്‍ പ്രധാനപ്പെട്ടതാണ്.
ഛായാചിത്രങ്ങളാണ് മ്യൂസിയത്തിലെ മറ്റൊരു പ്രധാന വിഭവം. മുഗള്‍ ഭരണകാലത്തെ പ്രസിദ്ധരായ ചിത്രകാരന്മാരുടെയും ചിത്രകാരികളുടെയും ഛായാചിത്രങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് യുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന വാള്‍ സന്ദര്‍ശകരുടെ ഹൃദയത്തില്‍ അക്കാലത്തെ യുദ്ധസാമഗ്രികളുടെ ചിത്രം കോറിയിടുന്നതാണ്.
സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബുല്‍ കലാം ആസാദിന്റെ സ്മാരകമായിട്ടാണല്ലോ ലൈബ്രറി സ്ഥാപിക്കപ്പെട്ടത്. ആസാദ് നിത്യജീവിതത്തില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ ശേഖരങ്ങള്‍ക്കായി മ്യൂസിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഒരു ഭാഗം തന്നെയുണ്ട്. പഴ്‌സ്, ക്ലോക്ക്, കണ്ണട, പേന, കാമറ, പാത്രം, ഗ്ലാസ് എന്നിങ്ങനെ ആസാദ് ഉപയോഗിച്ചിരുന്ന വസ്തുക്കളെല്ലാം അവിടെ കാണാവുന്നതാണ്.
കൈയെഴുത്ത് പ്രതികള്‍
വിനോദ സഞ്ചാരികള്‍ക്കു പുറമെ ഗവേഷകര്‍ക്കും പണ്ഡിതന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മ്യൂസിയം ഒരുപോലെ പ്രയോജനപ്രദമാകുന്നത് ഇവിടത്തെ കൈയെഴുത്തു പ്രതികളുടെ സമ്പന്നത കൊണ്ടാണ്. ലോകത്തെ മറ്റു പലയിടത്തും ലഭിക്കാത്ത അപൂര്‍വം കൈയെഴുത്തു പ്രതികളാണ് മ്യൂസിയത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നത്. അറബി, ഉറുദു, പേര്‍ഷ്യന്‍, മലയാളം, സംസ്‌കൃതം, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളിലായി പരന്നുകിടക്കുന്ന കൈയെഴുത്ത് പ്രതികളുടെ ലോകത്തേക്ക് ഒരെത്തി നോട്ടം നടത്താം.
ഖുര്‍ആന്‍
പ്രവാചകന്‍ മുഹമ്മദ് നബിതിരുമേനിയുടെ കാലംമുതല്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലംവരെയുള്ള ഖുര്‍ആനിന്റെ വിവിധ കൈയെഴുത്ത് പ്രതികള്‍ മ്യൂസിയത്തില്‍ ധാരാളമായി കാണാവുന്നതാണ്. ഇതില്‍ കൂടുതല്‍ കൗതുകമുണര്‍ത്തുന്നത് ആയിരത്തി നാന്നൂറോളം വര്‍ഷം പഴക്കമുള്ള, നാലാം ഖലീഫ അലി (റ) പകര്‍ത്തിയെഴുതിയ ഖുര്‍ആന്‍ കൈയെഴുത്തു പ്രതിയാണ്. തോല്‍കടലാസില്‍ കൂഫീ ലിപിയിലാണ് ഇതു തയാറാക്കിയിട്ടുള്ളതെന്നു പ്രത്യേകം ശ്രദ്ധേയമാണ്.
മുഗള്‍ ചക്രവര്‍ത്തിമാര്‍ യുദ്ധവേളയില്‍ ഉപയോഗിച്ചിരുന്ന മേലങ്കിക്ക് അടിയിലായി ധരിച്ചിരുന്ന ബനിയന്‍ പോലോത്ത അടിവസ്ത്രമാണു മറ്റൊരു കൗതുകം. വസ്ത്രത്തിനു മുകളില്‍ പേനകൊണ്ട് ഖുര്‍ആനിക വചനങ്ങള്‍ എഴുതിവച്ചതായി കാണാം. യുദ്ധത്തില്‍ വിജയം വരിക്കാന്‍ ചക്രവര്‍ത്തിമാരുടെ നിര്‍ദേശപ്രകാരം ഭടന്മാര്‍ ചെയ്തിരുന്ന പണിയായിരുന്നത്രെ ഇത്. സര്‍ സയ്യിദ് അഹ്മദ് ഖാന്റെ മൂത്തമകന്‍ റോസ് മസൂദിന് ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ ലോഡ് ലോതിയന്‍ സമ്മാനമായി നല്‍കിയ ഈ വസ്ത്രം അദ്ദേഹം പിന്നീട് മ്യൂസിയത്തിലേക്കു കൈമാറുകയായിരുന്നു.
പേര്‍ഷ്യന്‍ വിവര്‍ത്തനത്തോടെയുള്ള ഖുര്‍ആന്‍ കൈയെഴുത്ത് പ്രതിയാണ് മറ്റൊരു കൗതുകം. ഖുര്‍ആനിലെ അധ്യായങ്ങള്‍ക്കു തൊട്ടുതാഴെയായിട്ടാണ് വിവര്‍ത്തനം എഴുതിയിരിക്കുന്നത്. മാര്‍ജിനില്‍ ഖുര്‍ആന്‍ വ്യാഖ്യാനം ഹുസൈനിയും കാണാവുന്നതാണ്. ഹിജ്‌റ 1282ല്‍ (എ.ഡി 1865) മുഹമ്മദ് മുഖ്താറാണ് ഇതിന്റെ പകര്‍പ്പെഴുത്ത് നടത്തിയത്. ഖുര്‍ആന്‍-ഹദീസ് വചനങ്ങളുടെ സമാഹാരമായ 'ആയാത്തുന്‍ ബയ്യിനാത്തുന്‍' എന്ന ഗ്രന്ഥത്തിന്റെയും കൈയെഴുത്തുപ്രതി ലൈബ്രറിയില്‍ ലഭ്യമാണ്. ഹിജ്‌റ 1037(എഡി 1662)ല്‍ മുഗള്‍ ചക്രവര്‍ത്തി ശാജഹാന്റെ പുത്രി ജഹനാര ബീഗമാണ് ഇതിന്റെ പകര്‍പ്പെഴുത്ത് നിര്‍വഹിച്ചത്. ഉറുദു വിവര്‍ത്തനത്തോടു കൂടെയും ഖുര്‍ആനിന്റെ കൈയെഴുത്തുപ്രതി ലൈബ്രറിയിലുണ്ട്. മുഗള്‍ രാജാവ് ജഹന്ദര്‍ ശാഹിന്റെ ഭാര്യ ജീന ബീഗമാണ് ഇതിന്റെ പകര്‍പ്പെഴുത്ത് നടത്തിയത്. മനോഹരമായ സുവര്‍ണാലങ്കാരങ്ങളിലായി മൂന്ന് വാള്യങ്ങളില്‍ നസ്ഖ് ലിപിയില്‍ എഴുതപ്പെട്ട ഈ ഖുര്‍ആന്‍ പ്രതി മ്യൂസിയത്തിന്റെ ശേഖരങ്ങള്‍ക്കിടയില്‍ അമൂല്യമാണ്.
ഖുര്‍ആന്‍ കൈയെഴുത്ത് ജീവിതവൃത്തിയായി സ്വീകരിച്ച മുഗള്‍ ഭരണാധികാരിയായിരുന്നു ഔറംഗസീബ് ആലംഗീര്‍. ഹിജ്‌റ 1084ല്‍ (എഡി 1676) നസ്ഖ് ലിപിയില്‍ ഇദ്ദേഹം പകര്‍ത്തിയെഴുതിയ പേര്‍ഷ്യന്‍ വിവര്‍ത്തനത്തോടു കൂടെയുള്ള ഖുര്‍ആന്‍ പ്രതി ഇസ്‌ലാമിക ചരിത്രവിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. ഇസ്‌ലാമിക ലോകത്തെ വിശ്രുതപണ്ഡിതരായ ഇമാം ജലാലുദ്ദീന്‍ മഹല്ലിയും ജലാലുദ്ദീന്‍ സുയൂത്വിയും ചേര്‍ന്നു രചിച്ച തഫ്‌സീര്‍ ജലാലൈനിയുടെ പകര്‍പ്പെഴുത്തും മ്യൂസിയത്തിന്റെ മാറ്റുകൂട്ടുന്നു. ഡെക്കാന്‍ ഭരണാധികാരിയായിരുന്ന അബുല്‍ ഹസന്‍ താനാ ശാഹ് ആണു പകര്‍പ്പെഴുത്ത് നിര്‍വഹിച്ചത്. ഹിജ്‌റ 1130(എഡി 1777)ല്‍ പ്രമുഖ കാലിഗ്രഫിസ്റ്റ് അബ്ദുല്‍ ബാഖി ഹദ്ദാദ് പകര്‍ത്തിയെഴുതിയ ഖുര്‍ആനിന്റെ കൈയെഴുത്തു പ്രതി മ്യൂസിയത്തിലെ പൗരാണികശേഖരങ്ങളില്‍പെട്ടതാണ്.
ഫര്‍മാന്‍
മുഗള്‍ ചക്രവര്‍ത്തിമാര്‍ കല്‍പിച്ചിരുന്ന രാജകീയ ഉത്തരവുകള്‍ ഉറുദു ഭാഷയില്‍ ഫര്‍മാന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഏകദേശം അര മീറ്ററോളം നീളവും പതിനഞ്ച് സെന്റി മീറ്ററോളം വീതിയുമുള്ള ചാര്‍ട്ട് പേപ്പറിലാണ് ഇത് എഴുതപ്പെട്ടിരുന്നത്. ഷാജഹാന്‍, ബഹദൂര്‍ഷാ, ഔറംഗസീബ് എന്നീ മുഗള്‍ ചക്രവര്‍ത്തിമാരുടെ ഉത്തരവുകള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
അറബ് ഗ്രന്ഥങ്ങള്‍
പ്രമുഖ പ്രവാചകാനുചരനായ കഅ്ബുബ്‌നു സുഹൈര്‍ രചിച്ച ബാനത്ത് സുആദിന്റെ പകര്‍ത്തെഴുത്തു പ്രതിയും മ്യൂസിയത്തിലുണ്ട്. ഹിജ്‌റ 1300 റബീഉല്‍ അവ്വല്‍ രണ്ടിന് കശ്മിരിലെ മുഹമ്മദ് അലി ഇബ്‌നു ഗുലാം റസൂല്‍ പകര്‍ത്തിയെഴുതിയതാണിത്. ചങ്ങലരൂപത്തില്‍ തയാറാക്കിയ പുസ്തകത്തിലെ പേജുകളില്‍ ചെറിയ കത്തികൊണ്ട് ചെത്തിയാണു കവിത എഴുതിയിരിക്കുന്നത്. കശ്മിര്‍ ശൈലിയില്‍ ബൈന്‍ഡ് ചെയ്ത ഈ കാവ്യസമാഹാരം മ്യൂസിയത്തിലെ അറബി കാവ്യശകലങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
അറബി ഭാഷാ അലങ്കാരശാസ്ത്രത്തിലെ ലോക പ്രശസ്ത ഗ്രന്ഥമാണ് സഅദുദ്ദീന്‍ തഫ്താസാനിയുടെ മുതവ്വല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലങ്കാരശാസ്തത്തിലെ പ്രധാന അവലംബമായി കാണുന്ന ഈ ഗ്രന്ഥത്തിന്റെ പഴയ ഒരു കൈയെഴുത്തു പ്രതി മ്യൂസിയത്തിലുണ്ട്. ഹിജ്‌റ 839ല്‍ (എഡി 1433) സയ്യിദ് ശരീഫാണ് ഇത് നിര്‍വഹിച്ചത്.
പേര്‍ഷ്യന്‍ കൃതികള്‍
പേര്‍ഷ്യന്‍ കവി ഇറാഖിയുടെ കാവ്യസമാഹാരം തര്‍ജീആത്ത് മ്യൂസിയത്തിലെ പേര്‍ഷ്യന്‍ കൈയെഴുത്ത് പ്രതികളില്‍ പ്രധാനപ്പെട്ടതാണ്. ജഹാംഗീറിന്റെ കൈവശമുണ്ടായിരുന്ന ഈ പ്രതി അഹ്മദ് ഖാന്റെ ബന്ധുക്കള്‍ വഴി മ്യൂസിയത്തില്‍ എത്തുകയായിരുന്നു. പേര്‍ഷ്യന്‍ ഭാഷയിലുള്ള ഫിര്‍ദൗസിയുടെ ശാഹ്‌നാമയുടെയും നിസാം ഗഞ്ചവിയുടെ സിക്കന്ദര്‍ നാമയുടെയും ഹസ്തലിഖിതങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാവുന്നതാണ്. പേര്‍ഷ്യന്‍ കവി സഅദീ ശീറാസിയുടെ കരീമയും ലൈബ്രറിയിലുണ്ട്. ഹിജ്‌റ 1277ല്‍ മദാദ് അലിയാണ് ഇത് പകര്‍ത്തിയെഴുതിയത്.
മലയാളം-തെലുങ്ക് കൃതികള്‍
താളിയോലയില്‍ എഴുതിയ മലയാളത്തിലെ പഴയ ഒരു നാടകം മ്യൂസിയത്തിലെ കൗതുകം നിറഞ്ഞ ഒരു കാഴ്ചയാണ്. വര്‍ഷവും മാസവും കൃത്യമായി അറിയില്ലെങ്കിലും നാടകം ഏറെ പഴക്കം ചെന്നതാണെന്നത് ഉറപ്പാണ്. തെലുങ്കുഭാഷയില്‍ താളിയോലയില്‍ തന്നെ എഴുതപ്പെട്ട ആയുര്‍വേദ ചികിത്സയുടെ പല രഹസ്യനിയമങ്ങളും ഉള്‍കൊള്ളുന്ന മറ്റൊരു പുസ്തകവും ഇവിടെ കാണാം.
ഹൈന്ദവ വേദഗ്രന്ഥങ്ങള്‍
ഹിന്ദു മതത്തിലെ പുണ്യഗ്രന്ഥങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പലതിന്റെയും പേര്‍ഷ്യന്‍ വിവര്‍ത്തനവും മ്യൂസിയത്തില്‍ ലഭ്യമാണെന്നതു പ്രത്യകം പരാമര്‍ശിക്കേണ്ടതാണ്. ഇതില്‍ അക്ബറിന്റെ കൊട്ടാര കവിയായിരുന്ന അബുല്‍ ഫൈസി ഇബ്‌നു മുബാറക്ക് പേര്‍ഷ്യനിലേക്കു വിവര്‍ത്തനം ചെയ്ത ഭഗവത് ഗീതയുടെ പ്രതി ശ്രദ്ധേയമാണ്.
എഡി 1547 സെപ്റ്റംബറില്‍ തുടങ്ങിയ വിവര്‍ത്തനം പൂര്‍ത്തീകരിച്ചത് 1595 ഒക്ടോബര്‍ അഞ്ചിനാണ്. ഹിന്ദുമത വിശ്വാസികള്‍ പവിത്രമായി കാണുന്ന രാമായണത്തിന് സഅദുല്ല നിര്‍വഹിച്ച പേര്‍ഷ്യന്‍ വിര്‍ത്തനവും മ്യൂസിയത്തില്‍ കാണാവുന്നതാണ്. ഹിജ്‌റ 924ല്‍ നജീബ് ഖാന്‍ മൊഴിമാറ്റിയ രാമായണത്തിന്റെ കൈയെഴുത്തുപ്രതിയും ഭഗവത്ഗീത ശിവ സ്‌ത്രോത്രം, മദ്ധ്യ സിദ്ധാന്ത കൗമുദി തുടങ്ങിയ ഹിന്ദു വേദഗ്രന്ഥങ്ങളുടെ സംസ്‌കൃത കൈയെഴുത്തുപ്രതികളുമെല്ലാം മ്യൂസിയത്തെ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രിയങ്കരമാക്കിത്തീര്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."