മൂപ്പൈനാട് പഞ്ചായത്ത് ബില്ലിന് പകരം കെ.എസ്.ഇ.ബിക്ക് നല്‍കുന്നത് വൈദ്യുതി
വടുവന്‍ചാല്‍: ഓഫിസ് പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതി സ്വയം ഉല്‍പാദിപ്പിച്ച് മൂപ്പൈനാട് പഞ്ചായത്ത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കെഎല്‍എസ്ജിഡിപി പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തി പ്രതിദിനം 10 കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന സോളാര്‍ പ്ലാന്റ് സ്ഥാപിച്ചതു വഴി 1200 യൂനിറ്റ് വൈദ്യുതി കെ.എസ്.ഇബിക്ക് നല്‍കി.
ഓണ്‍ഗ്രിഡ് മാതൃകയിലുള്ള ഈ സോളാര്‍ പ്ലാന്റ് പഞ്ചായത്ത് ഓഫിസിന്റെ മേല്‍ക്കൂരയിലാണ് സ്ഥാപിച്ചിട്ടുള്ളത്. പ്രതിദിനം ഏകദേശം നാലു മുതല്‍ ആറു കിലോവാട്ട് വൈദ്യുതി പഞ്ചായത്ത് ഓഫിസിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു.
ബാക്കിവരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കുന്ന രീതിയിലാണ് പദ്ധതി പ്രവര്‍ത്തനം. 10 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി അടങ്കലായി പഞ്ചായത്ത് വകയിരുത്തിയത്. എന്നാല്‍, മത്സരാടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചതു പ്രകാരം 6,80,000 രൂപയ്ക്ക് പ്ലാന്റ് സ്ഥാപിക്കാന്‍ കഴിഞ്ഞു. സോളാര്‍ പാനലുകള്‍ ആയിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. 10 കിലോവാട്ട് ശേഷിയുള്ള ഗ്രിഡ് ഇന്‍വെര്‍ട്ടറും നെറ്റ് മീറ്റര്‍ സിസ്റ്റവും സോളാര്‍ റീഡിങ് മീറ്ററും പ്ലാന്റിന്റെ ഭാഗമാണ്. സോളാര്‍ പാനലുകള്‍ക്ക് 25 വര്‍ഷമാണ് വാറന്റി. മറ്റ് സംവിധാനങ്ങള്‍ക്ക് അഞ്ചുവര്‍ഷം വാറന്റിയുണ്ട്.രണ്ടുമാസം കൂടുമ്പോള്‍ ഇരുപത്തയ്യായിരത്തിനും മുപ്പതിനായിരത്തിനും ഇടയില്‍ വൈദ്യുതി ചാര്‍ജാണ് പഞ്ചായത്ത് കെ.എസ്.ഇ.ബിക്ക് നല്‍കിക്കൊണ്ടിരുന്നത്. പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ ഈയിനത്തില്‍ 23,000 രൂപയിലധികം ലാഭിക്കാന്‍ കഴിഞ്ഞു. ഇതു തനതു ഫണ്ടിലേക്ക് വകയിരുത്തി ഇതര കാര്യങ്ങള്‍ക്ക് ഉപയോഗിക്കും.
സ്ട്രീറ്റ് ലൈറ്റുകള്‍, പഞ്ചായത്ത് ഓഫിസ് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവന്‍, സാങ്കേതിക വിഭാഗം ഓഫിസ്, വി.ഇ.ഒ, ഐ.സി.ഡി.എസ്, കുടുംബശ്രീ, എം.ജി.എന്‍.ആര്‍.ഇ.ജിഎ, ജാഗ്രതാസമിതി ഓഫിസുകളിലെ വൈദ്യുതി സംബന്ധമായ കാര്യങ്ങളും ഇതോടെ പരിഹരിക്കപ്പെട്ടു. പദ്ധതിക്ക് വകയിരുത്തിയ തുക വച്ചു നോക്കുമ്പോള്‍ വളരെ വലിയ ലാഭമുണ്ടാക്കാനും പഞ്ചായത്തിന്റെ വൈദ്യുതി ചെലവുകള്‍ ലഘൂകരിക്കാനും സാധിക്കുന്നതായി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യഹ്യാഖാന്‍ തലക്കല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."