കൊച്ചി കോര്‍പറേഷന്‍ ബജറ്റ്: പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പരാതിയില്‍ അന്വേഷണം നടത്തി
കൊച്ചി : കോര്‍പ്പറേഷന്‍ അവതരിപ്പിച്ച 201-19ലെ ബജറ്റ് മുനിസിപ്പല്‍ നിയമങ്ങള്‍ പാലിക്കാതെയാണെന്ന് കാട്ടി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥന്‍മാര്‍ ഇന്നലെ നഗരസഭയില്‍ നേരിട്ടെത്തി അന്വേഷണം നടത്തി. തദ്ദേശസ്വയംഭരണ സ്ഥാപനം അംഗീകരിക്കുന്ന ബഡ്ജറ്റില്‍ ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച വാര്‍ഷിക പദ്ധതി കൂടി ഉള്‍പ്പെടുത്തേണ്ടതാണെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. എന്നാലിത് കൊച്ചിനഗരസഭാ ബഡ്ജറ്റില്‍ പാലിക്കപ്പെട്ടില്ല. ബഡ്ജറ്റ് വോട്ടിനിട്ട് പാസ്സാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും മേയര്‍ തള്ളി.
പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന തരത്തില്‍ പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും പാലിക്കാന്‍ ഭരണാധികാരികള്‍ക്കായില്ല. ഇതെല്ലാം ചൂണ്ടികാണിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മന്ത്രി കെ.ടി ജലീലിനും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി കേള്‍ക്കാന്‍ എല്‍.സി.ജി.ഡി ഉദ്യോഗസ്ഥരെത്തിയത്.
പദ്ധതി രൂപീകരണവും നിര്‍വഹണവും സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സമയ ക്ലിപ്തത പാലിക്കാതെ നഗരസഭ മുന്നോട്ട് പോകുന്നതിനാല്‍ കോടിക്കണക്കിന് രൂപയുടെ പദ്ധതി തുക നഷ്ടമാകുന്നതായി കൗണ്‍സിലര്‍മാര്‍ സ്റ്റേറ്റ് പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് ഓഫീസറും അഡീഷണല്‍ സെക്രട്ടറിയുമായ മിനിമോള്‍ എബ്രഹാമിനെ അറിയിച്ചു.
പ്രതിപക്ഷ നേതാവ് കെ .ജെ. ആന്റണി , എല്‍.ഡി.എഫ് പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറി വി .പി. ചന്ദ്രന്‍, സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. പൂര്‍ണ്ണിമ നാരായണ്‍, കൗണ്‍സിലര്‍മാരായ ബനഡിക്ട് ഫെര്‍ണാണ്ടസ്, പി .എസ്. പ്രകാശന്‍, കെ .ജെ. ബേസില്‍, ഷീബാലാല്‍, സി.കെ. പീറ്റര്‍ തുടങ്ങിയവര്‍ നഗരസഭ ഭരണാധികാരികളുടെ നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടികളെ സംബന്ധിച്ച് അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."