പ്രഭാഷകന്‍ പ്രഭാഷണ വിഷയവുമാകണം
വിട്ടുവീഴ്ചയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രഭാഷണം. ശ്രോതാക്കള്‍ ശ്രദ്ധവിടാതെ അതു ശ്രവിച്ചു. ഗംഭീരമായ അവതരണം തന്നെ. അദ്ദേഹം പറഞ്ഞു: ''ദൈവത്തോടു നാം മാപ്പപേക്ഷിക്കുന്നു. എന്നാല്‍ നാം മറ്റാര്‍ക്കും മാപ്പു നല്‍കുന്നില്ല. മറ്റുള്ളവര്‍ നമ്മോടു വിട്ടുവീഴ്ച കാണിക്കണമെന്നു നാം ആഗ്രഹിക്കുന്നു. നാം ആര്‍ക്കും വിട്ടുകൊടുക്കാന്‍ തയാറാകുന്നുമില്ല. വീഴ്ചകളെ വിട്ടുവീഴ്ചകള്‍കൊണ്ടു നേരിടേണ്ടതിനുപകരം പലിശ സഹിതമുള്ള പകവീട്ടല്‍കൊണ്ടാണു നാം നേരിടുന്നത്. ഇതു നമ്മുടെ ഏറ്റവും വലിയ പരാജയമാണ്...''
സുദീര്‍ഘമായ ആ പ്രഭാഷണത്തിന്റെ ഒടുക്കം ഇങ്ങനെയായിരുന്നു: ''....നാം വിശാലമനസ്‌കരാവുക. അനിഷ്ടകരമായ ഏതനുഭവമുണ്ടായാലും ആത്മസംയമനം കൈവിടാതിരിക്കുക. വിട്ടുവീഴ്ച ചെയ്യാനും മാപ്പുനല്‍കാനും ശീലിക്കുക; തീര്‍ച്ചയായും വിജയം നമുക്കു തന്നെയായിരിക്കും.''
പ്രഭാഷണം കഴിഞ്ഞപ്പോള്‍ ആളുകളെല്ലാം അദ്ദേഹത്തെ അഭിനന്ദിച്ചു. അതുപോലൊരു പ്രസംഗം മുന്‍പ് തങ്ങളാരും കേട്ടിട്ടില്ലെന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്. മികച്ച പ്രതികരണങ്ങള്‍ ഏറ്റുവാങ്ങി അദ്ദേഹം സസന്തോഷം വീട്ടിലേക്കു മടങ്ങി.
വീട്ടിലെത്തിയപ്പോള്‍ ഭാര്യ പറഞ്ഞു: ''ഏതായാലും പ്രസംഗം കലക്കി. അതു കേട്ടപ്പോള്‍ ഇതുവരെ പറയാന്‍ ഭയന്നിരുന്ന ഒരു കാര്യം നിങ്ങളോട് പറയാന്‍ എനിക്കു ധൈര്യം വന്നു..''
അദ്ദേഹം ചോദിച്ചു: ''എന്താണത്..? പറയൂ, കേള്‍ക്കട്ടെ..''
അവള്‍ പറഞ്ഞു: ''എനിക്ക് ഒരു മാല വാങ്ങേണ്ട അത്യാവശ്യമുണ്ടായിരുന്നു. വാങ്ങാന്‍ എന്റെ കൈയില്‍ കാശുണ്ടായിരുന്നില്ല. നിങ്ങളോട് അതു ചോദിക്കാന്‍ എനിക്ക് ഭയവുമായിരുന്നു...''
പിന്നീട് എന്തു ചെയ്തുവെന്ന് അവള്‍ പറഞ്ഞില്ല. പറയാനുള്ളത് അപൂര്‍ണതയില്‍ നിര്‍ത്തി.
അപ്പോള്‍ അദ്ദേഹം ചോദിച്ചു: ''ഭയന്നിട്ടു നീയെന്തു ചെയ്തു..?''
അല്‍പം ഭയം അഭിനയിച്ച് അവള്‍ പറഞ്ഞു: ''ഒരു നിവൃത്തിയുമില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ നിങ്ങളുടെ സ്വര്‍ണവാച്ച് എടുത്ത് കടയില്‍ കൊണ്ടുപോയി വിറ്റു. വിറ്റുകിട്ടിയ കാശിനു ഒരു പവന്റെ മാല വാങ്ങുകയും ചെയ്തു...!''
''എന്ത്..! എന്റെ വാച്ചു വിറ്റ് നീ മാല വാങ്ങിയെന്നോ...?''
''അതെ, വേറെന്തെങ്കിലും മാര്‍ഗം കാണണ്ടേ..''
ഭാര്യയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ അതുവരെ പ്രസന്നവദനനായിരുന്ന അദ്ദേഹം ആകെ മാറി. അകത്ത് രക്തം തിളച്ചുമറിഞ്ഞു. പ്രഷര്‍ ക്രമാതീതമായി വര്‍ധിച്ചു. പിന്നെ എന്തൊക്കെയാണുണ്ടായതെന്നോ...? അടി.. ഇടി.. തൊഴി.. തെറി..
ഇനി ബാക്കിയൊന്നും പറയുന്നില്ല.
അകത്തുള്ളതെല്ലാം പുറത്തെടുത്തു. അകത്ത് ഇനിയൊന്നുമില്ലെന്നായപ്പോള്‍ രംഗം തല്‍ക്കാലം ശാന്തമായി. വിവര്‍ണനായ ഭര്‍ത്താവിന്റെ മുഖം കണ്ട് ഭാര്യ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.
കുറച്ചു കഴിഞ്ഞ് അവള്‍ പറഞ്ഞു: ''ക്ഷമിക്കണം, വിട്ടുവീഴ്ചയെ കുറിച്ചായിരുന്നല്ലോ നിങ്ങള്‍ പ്രസംഗിച്ചത്. നിങ്ങള്‍ക്ക് അതെത്രമാത്രം ഉണ്ടെന്നറിയാന്‍ ഞാനൊരു പരീക്ഷണം നടത്തിയതായിരുന്നു. ഇതാ നിങ്ങളുടെ വാച്ച്. പ്രിയപ്പെട്ട സ്വര്‍ണവാച്ച്. ഞാനതു വിറ്റിട്ടേയില്ല. ഏതായാലും പ്രസംഗം നന്നായി. പ്രസംഗം മാത്രമേ നന്നായുള്ളൂ എന്നതിലാണ് എന്റെ സങ്കടം..!''
ചെയ്യാന്‍ കഠിനമായതു പറയാന്‍ എളുപ്പമാണല്ലോ. സ്റ്റേജിലും പേജിലുമുള്ള ചിലരുടെ പ്രകടനങ്ങളും അവതരണങ്ങളും കണ്ടാല്‍ അവരെപോലെ വിശുദ്ധന്മാരായി വേറാരുമില്ലെന്നു തോന്നും. പക്ഷെ, ജീവിതത്തില്‍ അവര്‍ വട്ടപ്പൂജ്യമായിരിക്കും. മൈക്കിനു മുന്നിലെത്തിയാല്‍ അവര്‍ സത്യമായതു പറയുമെങ്കിലും ജീവിതത്തില്‍ സത്യസന്ധരായിരിക്കില്ല. അവരുടെ വാക്കുകളും പ്രവൃത്തികളും തമ്മില്‍ അജഗജാന്തരമുണ്ടാകും. അതേസമയം, വേറെ ചിലരുണ്ട്. അവര്‍ സ്റ്റേജിലുണ്ടാവില്ല. പേജിലുമുണ്ടാവില്ല. എന്നാല്‍ ജീവിതത്തില്‍ അവരെ പോലെ കറയറ്റ വിശുദ്ധന്മാര്‍ അപൂര്‍വമായിരിക്കും. അവരാണു മനഃസാക്ഷിയോടു നീതി കാണിച്ചു ജീവിക്കുന്ന പുണ്യാളന്മാര്‍.
സ്റ്റേജിലും പേജിലും മാത്രം തിളങ്ങുന്നവര്‍ക്ക് ആ തിളക്കം അവിടങ്ങളില്‍ മാത്രമേയുണ്ടാകൂ. സ്റ്റേജില്‍നിന്ന് ഇറങ്ങിയാല്‍ അവര്‍ക്കു തിളക്കമുണ്ടാവില്ല. എന്നാല്‍ ജീവിതത്തില്‍ തിളങ്ങുന്നവര്‍ക്ക് ആ തിളക്കം സ്റ്റേജിലെന്നപോലെ ജീവിതകാലത്തും ജീവിതകാലശേഷവുമുണ്ടാകും. അവെരയാണു കാലം മറക്കാതെയോര്‍ക്കുക.
ഒരു വിഷയത്തെ സംബന്ധിച്ചു പ്രസംഗിക്കുന്നതും പ്രസംഗത്തിനു വിഷയമായി മാറുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടല്ലോ. പ്രസംഗരംഗത്ത് കേളികേട്ട വ്യക്തിയല്ലെങ്കിലും പല പ്രഭാഷകരുടെയും പ്രഭാഷണത്തിന്റെ വിഷയമാണ് ഗാന്ധിജി. പ്രഭാഷകനാകുന്നതിലും വലുതാണു പ്രഭാഷണത്തിനു വിഷയമാകുന്നതെന്നര്‍ഥം. പറയുന്ന ആളാകുന്നതിനുമപ്പുറത്താണു പറയപ്പെടുന്ന ആളാകുന്നത്. ആയിരക്കണക്കിനു വരുന്ന ജനങ്ങളോട് നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യൂ എന്നു പറഞ്ഞാല്‍ ഒരുപക്ഷേ പ്രതിഫലനമുണ്ടായേക്കാം. എന്നാല്‍, ആയിരക്കണക്കിനുവരുന്ന ജനങ്ങള്‍ക്കിടയില്‍ ഒരാള്‍ വിട്ടുവീഴ്ചയുള്ള ആളായി ജീവിക്കുന്നത് അതിലും വലിയ പ്രതിഫലനങ്ങളുണ്ടാക്കും.
എഴുത്തുകാരനാകുന്നതു വലിയ കാര്യം തന്നെ. എന്നാല്‍ അതിലും വലുതാണ് എഴുത്തിനു വിഷയമാകുന്നത്. വിവരം നേടുന്നതു നല്ലതുതന്നെ. എന്നാല്‍ വിവരമായി മാറുകയെന്നതാണ് അതിലും നല്ലത്. ഫോണ്‍ കണ്ടുപിടിച്ചതാരാണെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ പറഞ്ഞ വ്യക്തിക്കു നാം മാര്‍ക്ക് കൊടുക്കും. എങ്കില്‍ ആ ഫോണ്‍ കണ്ടുപിടിച്ച വ്യക്തിക്ക് എത്ര മാര്‍ക്ക് കൊടുക്കേണ്ടിവരുമെന്നോര്‍ത്തു നോക്കൂ.
നാവുകൊണ്ടോ പേനകൊണ്ടോ അല്ല; ജീവിതം കൊണ്ടാണു മികവു തെളിയിക്കേണ്ടത്. ജീവിതം മികവുറ്റതാണെങ്കില്‍ നിങ്ങള്‍ക്കു കൂടുതല്‍ നാക്കിട്ടടിക്കേണ്ടിവരില്ല. എഴുതിത്തളരേണ്ടി വരികയുമില്ല. നിങ്ങള്‍ സ്റ്റേജിലില്ലെങ്കിലും സ്റ്റേജും സദസും നിങ്ങളുടെ പേരിലായിരിക്കും. സ്റ്റേജിലെ വിഷയവും നിങ്ങളായിരിക്കും. ജീവിതത്തില്‍ ഒരിക്കല്‍ പോലും പേനയെടുത്തില്ലെങ്കിലും പേനകളില്‍നിന്നു വരുന്നത് നിങ്ങളുടെ പേരും പെരുമയുമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."