ദിവാകരന്‍ വധക്കേസ്: പ്രതികള്‍ക്കെല്ലാം അര്‍ഹമായ ശിക്ഷ ലഭിച്ച തൃപ്തിയില്‍ കുടുംബം
ചേര്‍ത്തല : ദിവാകരന്‍ വധക്കേസില്‍ പ്രതികള്‍ക്കെല്ലാം അര്‍ഹമായ ശിക്ഷ ലഭിച്ചതോടെ കുടുംബം ഇനി തകര്‍ന്ന വാതിലില്‍ അറ്റകുറ്റപണി നടത്തും. കോണ്‍ഗ്രസ് പ്രാദേശിക വാര്‍ഡ് പ്രസിഡന്റായിരുന്ന ദിവാകരനെ വീടുകയറി അക്രമിച്ചു കൊന്ന കേസില്‍ പ്രതികള്‍ക്കു ശിക്ഷ വിധിച്ചപ്പോള്‍ ദിവാകരന്റെ ഭാര്യസുലോചനയും മകന്‍ദിലീപ് കുമാറും ഒരേ സ്വരത്തില്‍ പറഞ്ഞു.ഞങ്ങളുടെ അച്ഛന്റെ ജീവനായിരുന്നു ഈ വാതിലില്‍ തെളിഞ്ഞു നിന്നത്.
2009 നവംബര്‍ 29ന് സന്ധ്യക്ക് അക്രമം നടക്കുമ്പോള്‍ വീടിന്റെ അറ്റകുറ്റപണികള്‍ നടക്കുകയായിരുന്നു. അന്ന് പ്രധാന വാതിലാണ് ആറംഗ സംഘം ആദ്യം തകര്‍ത്തത്. അക്രമത്തില്‍ വീടിന്റെ വാതിലിന്റെ ഒരു ഭാഗംപൂര്‍ണമായും തകര്‍ന്നു പോയിരുന്നു. കയര്‍തടക്കു വില്‍പനയുമായി ബന്ധപട്ട തര്‍ക്കത്തിന്റെ പേരില്‍ സന്ധ്യയോടെ നടന്ന അക്രമത്തില്‍ പരിക്കേറ്റാണ് ദിവാകരന്‍ മരിച്ചത്. അക്രമത്തില്‍ പരുക്കേറ്റ് ദിവാകരന്‍ മരിച്ചതോടെ ഭാര്യ സുലോചനയും മകന്‍ ദിലീപും നീയമപോരാട്ടത്തിനിറങ്ങുമ്പോള്‍ ഒന്നുറച്ചിരുന്നു ഇവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിച്ച് നല്‍കിയതിനു ശേഷം മാത്രമേ വാതില്‍ നന്നാക്കുകയുളളുവെന്ന്.
കയര്‍ കോര്‍പറേഷന്റെ 'വീട്ടിലൊരു കയര്‍ ഉല്‍പന്നം പദ്ധതി ' പ്രകാരം കൊണ്ടുവന്ന കയര്‍ തടുക്ക് വാങ്ങാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ദിവാകരന്റെ കൊലപാതകത്തില്‍ കലാശിച്ചത്. ചേര്‍ത്തല നഗരസഭ കൗണ്‍സിലറും സി.പി.എം ചേര്‍ത്തല വെസ്റ്റ് ലോക്കല്‍ സെക്രട്ടറിയുമായിരുന്ന ആര്‍.ബൈജുവിന്റെ നേതൃത്വത്തില്‍ 2009 നവംബര്‍ 29-നാണ് ദിവാകരന്റെ വീട്ടില്‍ കയര്‍തടുക്കുമായി എത്തിയത്. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റും ജനശ്രീ കണ്‍വീനറുമായ ദിവാകരന്‍ മുന്‍കയര്‍ ഫാക്ടറി തൊഴിലാളിയുമായിരുന്നു.
തടുക്കിന് വില കൂടുതലാണെന്ന കാരണത്താല്‍ വേണ്ടെന്നു പറഞ്ഞതില്‍ രോഷംപൂണ്ട സംഘം നിര്‍ബന്ധപൂര്‍വം തടുക്ക് അവിടെ ഇടുകയും വേണ്ടെങ്കില്‍ കത്തിച്ചുകളഞ്ഞേക്കാന്‍ ഭീഷണിയും മുഴക്കിയുമാണ് മടങ്ങിയത്. ഇതേ ദിവസം ഉച്ചയ്ക്ക് നടന്ന നഗരസഭ വാര്‍ഡ് സഭയില്‍ ദിവാകരന്റെ മകന്‍ ദിലീപ് കുമാര്‍ വിഷയം ഉന്നയിച്ചു. കൗണ്‍സിലര്‍ ബൈജുവുമായി വാക്കുതര്‍ക്കത്തിനും കാരണമായി. അന്ന് രാത്രിയാണ് ദിവാകരന്റെ വീട്ടില്‍ ആക്രമണമുണ്ടായത്.
ഇവര്‍ കൊണ്ടുവന്ന കയര്‍ തടുക്കും കോടതിയില്‍ തെളിവായി ഹാജരാക്കി. ദിവാകരന്‍ കൊലക്കേസില്‍ ആദ്യഘട്ടത്തില്‍ ബൈജുവിനെയും സേതുകുമാറിനെയും പ്രതിയാക്കുവാന്‍ പൊലിസ് തയ്യാറായിരുന്നില്ല. കേസിലെ ആദ്യ നാല് പ്രതികളെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും കൂടുതല്‍ പ്രതികള്‍ ഇല്ലെന്ന നിലപാടിലായിരുന്നു പൊലിസ്. എന്നാല്‍ എല്‍.ഡി.എഫ് ഭരണത്തില്‍ പൊലിസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള നിരവധി സമരങ്ങളും നടത്തിയിരുന്നു.
കേസിലെ ആദ്യ മൂന്ന് സാക്ഷികള്‍ ചേര്‍ത്തല കോടതിയില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ നേരിട്ട് മൊഴി നല്‍കുകയായിരുന്നു. സംഭവം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സി.പി.എം നേതാവായ ബൈജുവിനെയും യുവനടിയുടെ ഡ്രൈവറായ സേതുകുമാറിനെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടാന്‍ സാവകാശം നല്‍കിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകുവാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ആലപ്പുഴ അതിവേഗ കോടതിയില്‍ വിസ്താരം തുടങ്ങിയത്. തുടര്‍ന്ന് 38 ദിവസം വിസ്താരം നടന്നു.
എല്ലാ ദിവസവും ദിവാകരന്റെ മകന്‍ ദിലീപ് കോടതിയില്‍ എത്തിയിരുന്നു. പലതരത്തിലുള്ള ഭീഷണികളുണ്ടായിരുന്നതായി ദിവാകരന്റെ കുടുംബം പറഞ്ഞു. സാക്ഷികളായ നാട്ടുകാരെയും ഭീഷണിപ്പെടുത്തിയെങ്കിലും ഇവരെല്ലാം കോടതിയില്‍ ഉറച്ചുനിന്നതോടെയാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പായത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അക്രമികള്‍ തകര്‍ത്ത വീടിന്റെ വാതില്‍ ഇപ്പോഴും അതേപടി ദിവാകരന്റെ വീട്ടിലുണ്ട്. കേസ് വിജയിച്ചാല്‍ മാത്രമേ വാതില്‍ നന്നാക്കൂവെന്ന വാശിയിലായിരുന്നു ദിവാകരന്റെ കുടുംബം. അച്ഛന്റെ ജീവനെടുത്ത അക്രമികള്‍ക്ക് എതിരെയുള്ള കേസ് വാശിയോടെ നടത്താന്‍ ഇത് സഹായകരമായതായി ദിവാകരന്റെ മകന്‍ ദിലീപ്കുമാര്‍ പറഞ്ഞു.
ഒന്‍പത് വര്‍ഷം മുമ്പ് വീട് പണി നടക്കുമ്പോഴായിരുന്നു ആക്രമണം. വീടിന്റെ വാര്‍ക്കല്‍ കഴിഞ്ഞ് നാല്‍പതാം ദിനത്തിലായിരുന്നു അക്രമികള്‍ എത്തിയത്. രാത്രി ഏഴോടെ എത്തിയ ഇവര്‍ ദിലീപിനോട് വാതില്‍ തുറന്ന് പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വാതില്‍ തുറന്നു നോക്കിയ ദിലീപ് ഇവരോട് വീട്ടിനുള്ളിലേക്ക് വരാന്‍ പറഞ്ഞു. എന്നാല്‍ തടികഷ്ണവുമായി ആക്രമണത്തിന് ഇവര്‍ തുനിഞ്ഞതോടെ വീടിനുള്ളിലേക്ക് ഓടികയറി അകത്തെ മുറിയുടെ വാതില്‍ അടച്ചു. എന്നാല്‍ അക്രമികള്‍ വാതില്‍ പൊളിക്കുകയായിരുന്നു. ബഹളം കേട്ട് അടുത്ത മുറിയില്‍ നിന്ന് ദിവാകരന്‍ വന്നപ്പോള്‍ തലയ്ക്ക് തടിക്കഷ്ണത്തിന് അടിക്കുകയായിരുന്നു.
തടയാന്‍ ശ്രമിച്ച ദിലീപിന്റെ ഭാര്യ രശ്മിക്കും മര്‍ദനമേറ്റു. ഇതിനിടെ ദിവാകരന്റെ ഭാര്യ സുലോചന ദിലീപിന്റെ കുഞ്ഞിനെയും എടുത്ത് അടുക്കളയിലേക്ക് ഓടി. ആക്രമണത്തില്‍ പരിക്കേറ്റ ദിവാകരന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിരിക്കെയാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."